Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പക്കാരുടെ മസ്തിഷ്കം ‘തുരന്ന്’ ഫെയ്സ്ബുക്; ട്രംപിനെ ജയിപ്പിച്ചത് കേംബ്രിജ് അനലിറ്റിക്ക?

Facebook--Mark-Zuckerberg കലിഫോർണിയയിൽ നടന്ന ഫെയ്സ്ബുക് ഡെവലപേഴ്സ് കോൺഫറൻസിൽ മാർക് സക്കർബർഗ് (2016ലെ ചിത്രം)

യുകെ ആസ്ഥാനമായുള്ള അനലിറ്റിക്സ് കമ്പനി കേംബ്രിജ് അനലിറ്റക്കയിലെ റിസർച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫർ വൈലിയാണു ലോകത്തിനെ ഞെട്ടിച്ച ഫെയ്സ്ബുക് ഡേറ്റ ചോർച്ചയുടെ വിവരം പുറത്തെത്തിക്കുന്നത് (ഇതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും സസ്പെൻഡ് ചെയ്തിരിക്കുകയാണിപ്പോൾ). 2014ലാണു ചോർച്ചയ്ക്ക് ആസ്പദമായ സംഭവം. അലക്സാണ്ടർ കോഗൻ എന്ന കേംബ്രിജ് സർകലാശാല സൈക്കോളജിസ്റ്റിന്റെ കമ്പനിയായ ഗ്ലോബൽ സയൻസ് റിസർചിന്റെ(ജിഎസ്ആർ) നേതൃത്വത്തിൽ ‘ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്’ എന്ന ആപ് തയാറാക്കി. ഫെയ്സ്ബുക്കിന്റെ പിന്തുണയുമുണ്ടായിരുന്നു ഇതിന്. ഉപയോക്താവ് നൽകുന്ന വിവരങ്ങളനുസരിച്ച് ഓരോരുത്തരുടെയും ‘പേഴ്സനാലിറ്റി’ എന്താണെന്നു കണ്ടെത്തി നൽകുന്ന ആപ്ലിക്കേഷനായിരുന്നു ഇത്.

യൂസർക്ക് ഇഷ്ടപ്പെട്ട നഗരം, അവർ ലൈക്ക് ചെയ്ത പേജുകളുടെ വിവരങ്ങൾ, സുഹൃത്തുക്കളുടെ വിവരങ്ങൾ ഇതെല്ലാം ഉപയോഗിക്കാൻ ആപ്പിന് അനുമതിയുണ്ടായിരുന്നു. (മുഖം മാറ്റി ചിരിപ്പിക്കാനും പ്രായം കൂട്ടാനും കുറയ്ക്കാനുമൊക്കെയുള്ള ഫെയ്സ്ബുക്കിലെ ആപ്പുകൾ ഉപയോഗിക്കുമ്പോഴും നാം ഇത്തരത്തിലുള്ള ഒട്ടേറെ അനുമതി കൊടുക്കുന്നുണ്ട്. സെറ്റിങ്സിൽ പോയി Apps എന്ന സെക്‌ഷനിൽ നോക്കിയാൽ അതെല്ലാം കാണാം. പ്രൈവസി സെറ്റിങ്സ് എഡിറ്റ് ചെയ്യാനുമുണ്ട് ഓപ്ഷൻ) ഓരോ ഡെവലപർക്കും അവരുടെ ആപ് മികച്ചതാക്കാൻ ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താം. എന്നാൽ ഇതു പുറത്തേക്കു നൽകാനോ വിൽക്കാനോ അധികാരമില്ല.

ആപ്പിന്റെ പേരിൽ ശേഖരിച്ച 2.7 ലക്ഷം പേരുടെ ഉൾപ്പെടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്കയ്ക്കു (സിഎ) വിൽപന നടത്തി എന്നതാണു കോഗനു നേരെയുള്ള പ്രധാന ആരോപണം. എന്നാൽ താൻ ബലിയാടാവുകയായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 2014ൽ ശേഖരിച്ച ഡേറ്റയിൽ ഓരോ യൂസറുടെയും സുഹൃത്തുക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ‘ആക്സസും’ ഫെയ്സ്ബുക് ജിഎസ്ആറിനു നൽകിയിരുന്നു. അതായത് 2.7 ലക്ഷം പേരുടെ സൃഹൃത്തുക്കളുടെ വിവരങ്ങൾ. ഇതു കൂടി ചേർത്താണ് അഞ്ചു കോടിയെന്ന വൻ സംഖ്യയിലേക്കു ഡേറ്റ ലംഘനത്തിന്റെ കണക്കെത്തിയിരിക്കുന്നത്. എന്നാൽ 2015ൽ ഫെയ്സ്ബുക് നയങ്ങൾ മാറ്റിയപ്പോൾ ആപ് ഡെവലപർമാർക്കു യൂസറുടെ സുഹൃത്തുക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ പാടില്ലെന്നു നിർദേശിച്ചിരുന്നു.

കോഗൻ കേംബ്രിജ് അനലിറ്റിക്കയ്ക്കു വിവരങ്ങൾ വിറ്റതും ഫെയ്സ്ബുക്കിന് അറിയാമായിരുന്നുവെന്നാണു വൈലി പറയുന്നത്. തുടർന്നു ഡേറ്റ മുഴുവൻ ഡിലീറ്റ് ചെയ്യാൻ നിർദേശവും നൽകി. എന്നാൽ അതിനപ്പുറത്തേക്കു യാതൊരു നടപടിയും ഫെയ്സ്ബുക്കിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ആ ‘മറവി’ക്കാകട്ടെ വലിയ വിലയാണു സക്കർബർഗിനു നൽകേണ്ടി വന്നതും. അന്നു കേംബ്രിജ് അനലിറ്റിക്ക മുഴുവന്‍ വിവരങ്ങളും ഡിലീറ്റ് ചെയ്തിരുന്നില്ലെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഫെയ്സ്ബുക്കിനെ കുടുക്കിയിരിക്കുന്നത്. മാത്രവുമല്ല, 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു സിഎ ഈ ഡേറ്റ ഉപയോഗപ്പെടുത്തുകയും ചെയ്തു.

അമേരിക്കയിലെ അഞ്ചു കോടി പേരുടെ ‘മനസ്സു വായിക്കാനുള്ള’ തന്ത്രമാണു കേംബ്രിജ് അനലിറ്റിക്ക ട്രംപ് ക്യാംപിനു കൈമാറിയത്. അതും ചെറുപ്പക്കാരുടെ! ‘സൈക്കോഗ്രാഫിക്’ പ്രൊഫൈൽ എന്നാണ് ഇത്തരത്തിൽ ശേഖരിച്ച ഡേറ്റയ്ക്കു നൽകിയിരിക്കുന്ന പേര്. ഓരോ ഫെയ്സ്ബുക് ഉപയോക്താവിന്റെയും വ്യക്തിഗത വിവരങ്ങളും രാഷ്ട്രീയ ചായ്‌വും ഉൾപ്പെടെ മനസ്സിലാക്കിയെടുക്കാൻ ഇതിലൂടെ സാധിക്കും. ഒരു തരത്തിൽ പറഞ്ഞാൽ ഉപയോക്താവ് അറിയാതെ മസ്തിഷ്കം ‘തുരന്നു’ വിവരങ്ങളെടുക്കുന്ന രീതി. ഫെയ്സ്ബുക്കിലെ ഈ വിവരങ്ങളുപയോഗിച്ചു നമ്മുടെ ബയോഡേറ്റ കേംബ്രിജ് അനലിറ്റിക്ക തയാറാക്കും. ഇതിനായി ഫെയ്സ്ബുക്കിൽ നാം ലൈക്ക് ചെയ്യുന്ന കാര്യങ്ങളും പേഴ്സനൽ വിവരങ്ങളും എല്ലാം ഒരു അൽഗോരിതം വഴി വിശകലനം ചെയ്യും. അതുവഴിയാണ് ഓരോരുത്തരുടെയും ‘സൈക്കോഗ്രാഫിക്’ പ്രൊഫൈലുകൾ തയാറാക്കുന്നതും.

ഇത്തരത്തിൽ ഓരോരുത്തരുടെ രാഷ്ട്രീയം അറിഞ്ഞ് അവർക്കായി ‘പേഴ്സനലൈസ്ഡ് പൊളിറ്റിക്കൽ ആഡ്സ്’ അയയ്ക്കുന്നതായിരുന്നു സിഎയുടെ രീതി. ഇതിനായി പ്രത്യേക മാർക്കറ്റിങ് / പൊളിറ്റിക്കൽ വിഭാഗങ്ങളുമുണ്ടായിരുന്നു കമ്പനിക്ക്. ട്രംപിനെ ഇഷ്ടമല്ലാത്ത ഒരാളാണെങ്കിൽ പോലും തുടർച്ചയായി ട്രംപിന്റെ അപദാനങ്ങൾ വാഴ്ത്തിയുള്ള പരസ്യങ്ങൾ അയച്ച് ‘ബ്രെയിൻ വാഷ്’ ചെയ്യാൻ സാധിക്കും. ഇത്തരം പരസ്യങ്ങളുടെ ‘ആക്രമണ’ അനുഭവങ്ങൾ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തു പല യുഎസ് പൗരന്മാരും പുറത്തറിയിച്ചതുമാണ്. ജനങ്ങളെ അറിയിക്കാതെ അവരുടെ മനസ്സിലുള്ളതു തിരിച്ചറിഞ്ഞ് അവരെത്തന്നെ വിൽപനച്ചരക്കാക്കുന്ന രീതിയെന്നാണ് ഇതിനെ വൈലി വിശേഷിപ്പിച്ചത്. ട്രംപിനു വേണ്ടി തിരഞ്ഞെടുപ്പു കാലത്ത് ഒരു ‘ഫുൾ സർവീസ് പ്രോപഗാൻഡ മെഷീൻ’ ആയാണു കേംബ്രിജ് അനലിറ്റിക്ക പ്രവർത്തിച്ചിരുന്നതെന്നും വൈലിയുടെ വാക്കുകൾ.

ട്രംപിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചെന്ന കേംബ്രിജ് അനലിറ്റിക്കയുടെ സിഇഒ അലക്സാണ്ടർ നിക്സിന്റെ വെളിപ്പെടുത്തൽ ഒരു ചാനലും പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെയും നടപടിയുണ്ടായി. കേംബ്രിജ് അനലിറ്റിക്കയ്ക്കു ഫണ്ടിങ് നടത്തുന്നവരിൽ മുൻപന്തിയിൽ ട്രംപ് അനുയായികളാണെന്നതും വ്യക്തമാണ്. കംപ്യൂട്ടർ വിദഗ്ധനും കോടീശ്വര വ്യവസായിയുമായ റോബർട് മെർസറാണ് അവരിലൊരാൾ. ട്രംപിന്റെ മുൻ ഉപദേഷ്ടാവ് സ്റ്റീഫൻ ബാനൺ സിഎയുടെ ബോർഡ് അംഗമായിരുന്നതും വൈലിയുടെ ആരോപണങ്ങൾക്കു ശക്തി കൂട്ടുന്നു. ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ചോർത്തിക്കൊടുത്താണു ഫെയ്സ്ബുക് പണമുണ്ടാക്കുന്നതെന്നു മുൻ എൻഎസ്എ ഉദ്യോഗസ്ഥൻ എഡ്വേഡ് സ്നോഡനും ആരോപിച്ചിട്ടുണ്ട്.

സ്വകാര്യതാനയം ലംഘിച്ചതായി കണ്ടെത്തിയാൽ ഫെയ്സ്ബുക്കിനെതിരെ രാജ്യങ്ങൾക്കു നടപടിയെടുക്കാം. ഫെയ്സ്ബുക്ക് അധികൃതരെ വിളിച്ചുവരുത്തി യുഎസ് വിശദീകരണം തേടിയിരുന്നു. വിവിധ യൂറോപ്യൻ രാജ്യങ്ങളും അതിനു തയാറെടുക്കുകയാണ്. ആവശ്യമെങ്കിൽ സക്കർബർഗിനെ വിളിച്ചുവരുത്തുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ദിവസം കൊണ്ടു നഷ്ടം 4500 കോടി ഡോളറിന്റെ നഷ്ടമാണു ഡേറ്റാ ചോർച്ചയിലൂടെ ഫെയ്സ്ബുക്കിനുണ്ടായത്. അതിനാൽത്തന്നെ വിഷയത്തെ ഫെയ്സ്ബുക് ഗൗരവമായിത്തന്നെ കാണുന്നു. പക്ഷേ, വൈലി പറയുന്നതു പോലെ ഒരു ഡേറ്റാ ചോർച്ച ഉണ്ടായിട്ടില്ലെന്നാണു സക്കർബർഗിന്റെ നയം. ഇക്കാര്യം തെളിയിക്കാൻ ഫെയ്സ്ബുക്കിനൊപ്പം സഹകരിക്കുമെന്ന് കേംബ്രിജ് അനലിറ്റിക്കയും വ്യക്തമാക്കി.

എന്നാൽ സകല തെളിവുകളും സഹിതം ഫെയ്സ്ബുക്കിന്റെ ‘കള്ളം’ പൊളിക്കാൻ തയാറാണെന്നും സെനറ്റ് നിയോഗിക്കുന്ന സമിതിക്കു തെളിവു നൽകാനാകുമെന്നുമുള്ള വൈലിയുടെ വാക്കുകൾ ഇരുകൂട്ടർക്കും ഭീഷണിയായി മുന്നിലുണ്ട്. മാത്രവുമല്ല, വാട്സാപ് സ്ഥാപകരിലൊരാളായ ബ്രയൻ ആക്ടൺ #DeleteFacebook ക്യാംപെയ്നുമായി രംഗത്തുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനാകാത്ത ഫെയ്സ്ബുക്കിനെതിരെ നടപടി വെണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ക്യാംപെയ്നുകളും ആരംഭിച്ചിരിക്കുന്നു. വരുംനാളുകൾ ഫെയ്സ്ബുക്കിനെ സംബന്ധിച്ച‌ു തലവേദന നിറഞ്ഞതായിരിക്കുമെന്നതു വ്യക്തം. കൂടുതൽ വെളിപ്പെടുത്തൽ പുറത്തു വരുമോ, അതോ സക്കർബർഗ് എല്ലാം തന്റെ വരുതിക്കു കൊണ്ടു വരുമോ? കാത്തിരുന്നു തന്നെ കാണണം.