Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നണിക്കൊരു കുഴപ്പവുമില്ല; 2019ൽ ബിജെപിക്ക് 300 എംപിമാർ: അമിത് ഷാ

Amit Shah ബിജെപി അധ്യക്ഷൻ അമിത് ഷാ.

ന്യൂഡൽ‌ഹി∙ തെലുങ്കുദേശം പാർട്ടി (ടിഡിപി) ദേശീയ ജനാധിപത്യസഖ്യം (എൻഡിഎ) വിട്ടത് 2019ലെ ബിജെപി വിജയത്തെ ബാധിക്കില്ലെന്നു അധ്യക്ഷൻ അമിത് ഷാ. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ലോക്സഭയിൽ 300ൽ അധികം എംപിമാർ പാർട്ടിക്ക് ഉണ്ടാകുമെന്നും അമിത് ഷാ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ബിജെപിക്കോ എൻഡിഎയ്ക്കോ നിലവിൽ ഒരു പ്രശ്നവുമില്ല. 2019ലും കേന്ദ്രത്തിൽ അധികാരം നേടും. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടും. 300 എംപിമാർ എന്ന മാന്ത്രികസംഖ്യ പാർട്ടി സ്വന്തമാക്കും. മുന്നണിയിലെ മറ്റു കക്ഷികളുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. രണ്ടു പേർ ശ്രമിച്ചാലേ ‘മഹാസഖ്യം’ ഉണ്ടാകൂ. ബിഹാറിൽ നിതീഷ് കുമാർ മാത്രം വിചാരിച്ചാൽ സഖ്യമുണ്ടാകില്ല. അദ്ദേഹം വരണമെന്ന് എൻഡിഎയും ആഗ്രഹിച്ചിരുന്നു.

ബിജെപിക്കെതിരായ വികാരമുണ്ടെന്നതു തെറ്റായ പ്രചാരണമാണ്. 12 ലക്ഷം വോട്ടർമാരുടെ പിന്തുണയും 150 കോടി ഇന്ത്യക്കാരുടെ പിന്തുണയും ഒരു പോലെയാണോ? വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചും ത്രിപുരയിൽ, ഞങ്ങൾക്കൊരു എംഎൽഎ പോലുമുണ്ടായിരുന്നില്ല. അവിടെ ഇത്തവണ ബിജെപി സർക്കാർ രൂപീകരിച്ചു. ബിജെപി വിരുദ്ധവികാരം എന്ന ചോദ്യത്തിനു പ്രസക്തിയില്ല.

ചന്ദ്രബാബു നായിഡുവും ടിഡിപിയും എൻഡിഎ വിട്ടുവെന്നതു സത്യമാണ്. പക്ഷേ ഇപ്പോഴും 30 പാർട്ടികൾ മുന്നണിക്കൊപ്പമുണ്ട്. പിന്നെയെങ്ങനെയാണു ഞങ്ങൾ തകരുന്നത്? കോൺഗ്രസിന്റെ അവസരവാദം പോലെയല്ല ബിജെപിയുടെ ആദർശം. എൻഡിഎ മുന്നണിയുടെ നിലപാടും മറിച്ചല്ല. ഞങ്ങൾക്കു ഭൂരിപക്ഷമുണ്ട്. ആവശ്യങ്ങളുടെ അടിസ്ഥാനത്തിലല്ല സൗഹൃദമുണ്ടാക്കേണ്ടത്.

ആന്ധ്രപ്രദേശിനായി ബിജെപിയും എൻഡിഎയും മോദി സർക്കാരും ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ടിഡിപിയുടെ ആവശ്യങ്ങൾ ചെവികൊണ്ടില്ലെന്ന ആരോപണം ശരിയല്ല. വിഭജിക്കപ്പെട്ടോ ഇല്ലയോ എന്നതല്ല, ആന്ധ്രയ്ക്ക് ഇത്രയധികം കേന്ദ്രസഹായം നൽകിയ മറ്റൊരു സർക്കാരില്ലെന്നതാണു സത്യം. ആന്ധ്രയ്ക്കു നൽകിയ കേന്ദ്രഫണ്ടിനെക്കുറിച്ചു കൃത്യമായ കണക്കു കൈവശമുണ്ട്’– അമിത് ഷാ വിശദീകരിച്ചു.

related stories