Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഡിജെഎസിനു നൽകിയ വാഗ്ദാനങ്ങൾ ഉപതിരഞ്ഞെടുപ്പിനു മുന്‍പു പാലിക്കും: ബിജെപി

bdjs-bjp-logo

കോട്ടയം∙ നല്‍കിയ വാഗ്ദാനങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പു പാലിക്കുമെന്നു ബിഡിജെഎസിനു ബിജെപിയുടെ ഉറപ്പ്. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തക പ്രകാശനത്തിനായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കള്‍ക്കാണു കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കിയത്. ക്രിസ്ത്യന്‍ സഭകളെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്തുന്നതിനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകമായ ‘ജനാധിപത്യത്തിലെ ഇരുണ്ട നാളുകള്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രകാശനം ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ ഉപാധ്യക്ഷന്‍ ജോണ്‍ ജോസഫ്, മുന്‍ എംപി പി.സി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ത്തോമാ സഭയുടെ ഡല്‍ഹി ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പയ്ക്കാണു പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കിയത്. തിരഞ്ഞെടുപ്പിനു മുന്‍പു സഭകളെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള ആദ്യ നീക്കമായിരുന്നു പുസ്തക പ്രകാശനമെന്നു ബിജെപി നേതൃത്വം രഹസ്യമായി സമ്മതിക്കുന്നു. സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. കേന്ദ്ര നേതാക്കളും ഇതിനായി ചെങ്ങന്നൂരിലെത്തും.

ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുന്നത് െചങ്ങന്നൂരില്‍ ബിജെപിക്കു തലവേദനയാണ്. സ്ഥാനങ്ങള്‍ തരാമെന്നു വാഗ്ദാനം ചെയ്തശേഷം പിന്നീടു വാക്കുമാറി എന്ന പരാതി ബിഡിജെഎസിന് ഉണ്ട്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണവും ബിജെപി നേതാവ് വി. മുരളീധരന്‍ പിന്നീട‌ു രാജ്യസഭയിലെത്തിയതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കി. എന്നാൽ‍, തുഷാറിനു രാജ്യസഭാ സീറ്റെന്ന പ്രചാരണത്തിനു പിന്നില്‍ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണെന്നു കേന്ദ്ര നേതൃത്വത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ വച്ചു പെറുപ്പിക്കാനാകില്ലെന്ന സന്ദേശം കൈമാറിയ കേന്ദ്രനേതൃത്വം നേരത്തെ ബിഡിജെഎസിനു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന ഉറപ്പും നല്‍കി.

പുസ്തക പ്രകാശനത്തിനുശേഷം കേരളത്തിലെ തിരഞ്ഞെടുപ്പു വിശേഷങ്ങള്‍ പ്രധാനമന്ത്രി ആരാഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിശദീകരിച്ചു. കേരളത്തില്‍ ബിജെപിക്കു വലിയ സാധ്യതകളുണ്ടെന്നും ത്രിപുരയിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കണമെന്നുമുള്ള നിര്‍ദേശമാണു പ്രധാനമന്ത്രി നല്‍കിയത്.

കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഒരു യോഗം ഇന്നു ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. രാഷ്ട്രീയ യോഗമല്ലെന്നാണു വിശദീകരണമെങ്കിലും ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രനേതാക്കളും സംസ്ഥാന നേതാക്കളില്‍ ചിലരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

related stories