Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ രംഗത്ത് കേരളത്തിൽ ഉണ്ടാകുന്നത് വിപ്ലവാത്മക മാറ്റങ്ങൾ: മുഖ്യമന്ത്രി

future-digital-summit കൊച്ചിയിൽ ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ. ഐടി സെക്രട്ടറി എം. ശിവശങ്കർ, ഐടി ഉന്നതാധികാരസമിതി അംഗം വി.കെ.മാത്യൂസ്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഐടി ഉന്നതാധികാര സമിതി അധ്യക്ഷന്‍ എസ്.ഡി. ഷിബുലാൽ എന്നിവർ സമീപം. ചിത്രം – റോബർട്ട് വിനോദ് ∙ മനോരമ

കൊച്ചി∙ വിവര സാങ്കേതിക വിദ്യയുടെ പുത്തന്‍ മേഖലകള്‍ സംസ്ഥാനത്തിനു പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘#ഫ്യൂച്ചര്‍’ ആഗോള ഡിജിറ്റല്‍ ഉച്ചകോടിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന് ഈ സമ്മേളനം നിര്‍ണായക ചുവടുവയ്പ്പാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സര്‍ക്കാര്‍ സേവനം തുടങ്ങിയ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നു.

വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സമൂഹമായി കേരളം വളരെ വേഗത്തില്‍ മാറുകയാണ്. ബാങ്കിങ്, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു. അതിനുള്ള ഒരു കാരണം വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളാണ്. വളന്നു വരുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായി, അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കു കഴിവുകള്‍ പകരാന്‍ കഴിയുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസത്തെ മാറ്റേണ്ടതുണ്ട്.

കേരളത്തിന് ഉന്നതമായ യോഗ്യതയുള്ള വലിയ മനുഷ്യവിഭവശേഷി ഉണ്ട്. ലോക നിലവാരത്തിലുള്ള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നതരത്തില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യവുമുണ്ട്. ഈ നേട്ടങ്ങള്‍ക്കു ശക്തിപകരാന്‍ ഉച്ചകോടിക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നൂറിലധികം വകുപ്പുകളുടെ വിവരങ്ങള്‍ മൊബൈലിലൂടെ ലഭിക്കുന്ന എം കേരള(മൊബൈല്‍ കേരള) ആപ്പ് ചടങ്ങില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ ബില്ലുകള്‍ അടയ്ക്കാനും സേവനങ്ങള്‍ മനസിലാക്കാനും ആപ്പിലൂടെ കഴിയും. നിലവില്‍ സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ നല്‍കുന്ന സേവനങ്ങള്‍ ഒറ്റ മൊബൈല്‍ ആപ്പിലൂടെ നല്‍കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരീക്ഷാ ഫീസ് അടയ്ക്കല്‍, ട്രെയിനുകളുടെ വിവരം, വിവിധ ഓഫിസുകളിലെ ഫയല്‍ ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങളും ആപ്പിലുണ്ട്. ആപ് സ്റ്റേറില്‍നിന്നും പ്ലേ സ്റ്റോറില്‍നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെ ഫോണ്‍) പദ്ധതിയുടെ വിശദാംശങ്ങളും ചടങ്ങില്‍ വിവരിച്ചു. പദ്ധതിയില്‍ റജിസ്റ്റര്‍ െചയ്യുന്നവര്‍ക്കു കേരളത്തിലെവിടെയും പരിധിയില്ലാത്ത ഇന്‍റര്‍നെറ്റ് സേവനം ലഭിക്കുമെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ് പറഞ്ഞു. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ലിമിറ്റഡും കെഎസ്ഇബിയും സംയുക്തമായാണു പദ്ധതി നടപ്പിലാക്കുന്നത്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ ഓഫിസ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി ഇന്‍റര്‍നെറ്റ് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേബിള്‍ വഴി സംസ്ഥാനത്ത് 2,000 വൈഫൈ ഹോട്ട് സ്പോര്‍ട്ടുകള്‍ സ്ഥാപിക്കും. 1,028 കോടിയാണു പദ്ധതിയുടെ അടങ്കല്‍ തുക.

സാങ്കേതികവിദ്യ അനുദിനം മാറികൊണ്ടിരിക്കുകയാണെന്നും കാലത്തിനൊത്തു കേരളത്തിനു മാറിയേ കഴിയൂ എന്നും ഐടി ഉന്നതാധികാര സമിതി ചെയര്‍മാന്‍ എസ്.ഡി. ഷിബുലാല്‍ പറഞ്ഞു. കേരളത്തിന് ഐടി മേഖലയില്‍ വലിയ സംഭാവന െചയ്യാന്‍ കഴിയുമെന്നും അതിനുള്ള വഴിയൊരുക്കലാണ് ഈ സമ്മേളനമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക വിജ്ഞാന വിനിമയത്തിന് ഒരു പൊതുവേദി ഉണ്ടാക്കാന്‍ കേരളത്തിന് കഴിയണമെന്ന് ഐടി ഉന്നതാധികാര സമിതി അംഗം വി.കെ. മാത്യൂസ് പറഞ്ഞു. 3,000 പേപ്പര്‍രഹിത സര്‍ക്കാര്‍ ഓഫിസുകളും 2,650 അക്ഷയ സെന്ററുകളുമുള്ള കേരളത്തില്‍ 30,000 ഇ സര്‍ട്ടിഫിക്കറ്റുകളാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. ഈ നേട്ടങ്ങള്‍ ഉള്ള സംസ്ഥാനത്തിന് സാങ്കേതിക വിദ്യയില്‍ മുന്നേറാന്‍ പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഉച്ചകോടിക്ക് ആശംസകള്‍ നേര്‍ന്നു.