Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലസ് ടു ഫിസിക്സ് ചോദ്യപേപ്പർ വാട്സാപിൽ: ചോർന്നെന്നു വ്യക്തമായാൽ വീണ്ടും പരീക്ഷ

Representative Image Representative Image

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളുടെ ഫിസിക്സ് ചോദ്യക്കടലാസ് വാട്സാപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചോർന്നതായി വ്യക്തമായാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനം എടുക്കുമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ കെ.സുധീർ ബാബു അറിയിച്ചു.

ബുധനാഴ്ച നടന്ന ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയെക്കുറിച്ചാണ് പരാതി ഉയർന്നത്. ഈ പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി വാട്സാപ്പ് വഴി ചിലർ പ്രചരിപ്പിച്ചതായാണ് പരാതി. തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്കു വാട്സാപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം ഇക്കാര്യം ഹയർ സെക്കൻഡറി ജോയിന്റ്് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ. ഇമ്പിച്ചിക്കോയയ്ക്കു തുടർനടപടിക്കായി അയച്ചു കൊടുത്തു. ചോദ്യങ്ങൾ കൈകൊണ്ടു പകർത്തി എഴുതി തയാറാക്കിയ നിലയിലായിരുന്നു വാട്സാപ് വഴി പ്രചരിച്ചിരുന്നത്.

മലബാർ മേഖലയിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ മോഡൽ പരീക്ഷയുടെ ചോദ്യങ്ങളുമായി ഇതിനു സാമ്യം ഉണ്ടായിരുന്നുവെന്നും ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണം ആവശ്യപ്പെട്ട്് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. എത്രയും വേഗം ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന്് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.