Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിറ്റ്‌ലറിനു ഗീബൽസ് പോലെയാണ് മോദിക്ക് രവിശങ്കർ പ്രസാദ്: കോൺഗ്രസ്

Narendra Modi, Rahul Gandhi

ന്യൂഡൽഹി∙ ഹിറ്റ്‍ലർ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ട ജോസഫ് ഗീബൽസിനെപ്പോലെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിയമമന്ത്രി രവിശങ്കർ പ്രസാദെന്ന് കോൺഗ്രസ്. ഇറാഖിൽ മരിച്ച 39 ഇന്ത്യക്കാരുടെ കാര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകാതിരിക്കുന്നതിന് ഡേറ്റാ മോഷണം പോലെയുള്ള കഥകൾ നെയ്യുകയാണ് കേന്ദ്ര സർക്കാരെന്നും കോൺഗ്രസ് വിമർശിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പാർട്ടി വക്താവ് രൺദീപ് സുർജേവാല എന്നിവരാണ് ബിജെപിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. മാധ്യമങ്ങളെ വഴി തിരിച്ചുവിടാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ:

പ്രശ്നം - 39 ഇന്ത്യക്കാർ മരിച്ചു; സർക്കാരിന്റെ നുണ പൊളിഞ്ഞു

പോംവഴി – ഡേറ്റ ചോർച്ച വിവാദത്തിൽ കോൺഗ്രസിനെ ബന്ധിപ്പിക്കുക

ഫലം – മാധ്യമങ്ങൾ പുതിയ സംഭവത്തിനു പിന്നാലെ. 39 ഇന്ത്യക്കാർ റഡാറിൽനിന്നു മായും.

പ്രശ്നം അവസാനിച്ചു.

എന്നാൽ, പ്രധാന വിഷയങ്ങൾ മറച്ചുവയ്ക്കുന്നതിന് കഥകൾ മെനയുന്ന കാര്യത്തിൽ കേന്ദ്ര നിയമന്ത്രി രവിശങ്കർ പ്രസാദിനെ പ്രതി സ്ഥാനത്തു നിർത്തുന്ന ട്വീറ്റുമായാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല രംഗത്തെത്തിയത്.

‘ഹിറ്റ്ലറിന് ഗീബൽസ് എന്നു പേരുള്ള ഒരു കമാൻഡറുണ്ടായിരുന്നു. അതുമപോലെ നരേന്ദ്ര മോദിക്ക് ഇപ്പോൾ രവിശങ്കർ പ്രസാദ് എന്നു പേരുള്ള ഒരു മന്ത്രിയുണ്ട് – സുർജേവാല ട്വീറ്റ് ചെയ്തു.

അഞ്ചു കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയാണു കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി വിവാദത്തിൽപ്പെട്ടത്. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ബിജെപിയും കോൺഗ്രസും പരസ്പരം പഴിചാരി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിന്റെയും സുർജേവാലയുടെയും വിമർശനം.

related stories