Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെ ‘വളർത്താൻ’ ചൈന: അത്യാധുനിക മിസൈൽ ട്രാക്കിങ് സംവിധാനം കൈമാറി

China Pakistan

ന്യൂഡൽഹി∙ സൈന്യത്തിനു കരുത്തു പകരുന്നതിനായി അത്യാധുനിക മിസൈൽ ട്രാക്കിങ് സംവിധാനം ചൈനയിൽ നിന്ന് പാക്കിസ്ഥാൻ സ്വന്തമാക്കിയതായി റിപ്പോർട്ട്. എന്നാൽ, എത്ര തുകയ്ക്കാണ് ഇടപാട് നടന്നതെന്നു വ്യക്തമല്ല. പുതിയ മിസൈൽ പരീക്ഷണങ്ങളിൽ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ഈ സംവിധാനങ്ങളും പാക്കിസ്ഥാൻ ഉപയോഗിച്ചു തുടങ്ങിയതായാണ് സൂചന.

ചൈനീസ് ശാസ്ത്ര അക്കാദമിയിലെ ഗവേഷകരെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ദിവസം തന്നെയാണ് പാക്കിസ്ഥാൻ–ചൈന ആയുധ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങളു‍ം പുറത്തുവന്നത്. ഒരു വർഷം മുൻപ് അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ആബബീല്‍ ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാൻ പരീക്ഷിച്ചിരുന്നു.

അത്യാധുനിക മിസൈൽ ട്രാക്കിങ് സംവിധാനം ഈതാദ്യമായാണ് പാക്കിസ്ഥാനു ലഭിക്കുന്നത്. വർ‌ഷങ്ങളായി പാക്കിസ്ഥാന്റെ മിസൈൽ ഗവേഷണ പദ്ധതികൾക്കു കാര്യമായ തോതിൽ ചൈനീസ് സഹായം ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് പുതിയ കരാറുമെന്നാണ് സൂചന. പുതിയ സാങ്കേതിക വിദ്യ പാക്ക് സൈന്യത്തിനു കൈമാറുന്നതിനായി പ്രത്യേക ചൈനീസ് സംഘം പാക്കിസ്ഥാൻ സന്ദർശിച്ചതായും റിപ്പോർട്ടിലുണ്ട്. പാക്കിസ്ഥാനില്‍ ഇവർക്കു രാജകീയ സ്വീകരണമാണു ലഭിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.