Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷക വായ്പ എഴുതിത്തള്ളാൻ ബിജെപിക്കാർക്ക് നട്ടെല്ലില്ല: സിദ്ധരാമയ്യ

siddaramaiah-modi കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളുരു∙ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനു പിന്നാലെ കർണാടകയിൽ ബിജെപിക്ക് എതിരായ വിമർ‌ശനങ്ങൾക്കു മൂർച്ചകൂട്ടി കോൺഗ്രസ്. നട്ടെല്ലില്ലാത്തവരാണു കർണാടകയിലെ ബിജെപിക്കാരെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ആഞ്ഞടിച്ചു. കർഷകരുടെ വായ്പ എഴുതിത്തള്ളാത്തതുമായി ബന്ധപ്പെട്ടാണു സിദ്ധരാമയ്യയുടെ വിമർശനം.

‘കർഷകരുടെ വായ്പ എഴുതിത്തള്ളമെന്നു കേന്ദ്രത്തോടു പറയാൻ നട്ടെല്ലില്ലാത്തവരാണു സംസ്ഥാനത്തെ ബിജെപിക്കാർ. പകരം ട്വിറ്ററിലൂടെ അക്കൗണ്ടൻസി പാഠങ്ങൾ പഠിപ്പിക്കുകയാണ്. ജനം വിഡ്ഢികളല്ല. ചില വ്യവസായികളുടെ ലക്ഷക്കണക്കിനു കോടി രൂപയാണു കേന്ദ്രം എഴുതിത്തള്ളിയത്. കർഷകർക്കു ചെറിയൊരു ആശ്വാസം പോലും നൽകിയുമില്ല’– സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞദിവസം സംസ്ഥാന പര്യടനത്തിനിടെ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചിരുന്നു. ‘കേന്ദ്ര സർക്കാർ 15 കോർപറേറ്റുകളുടെ 2.5 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. എന്നാൽ കർഷകരുടെ വായ്പ എഴുതിത്തള്ളാൻ മോദിയോ അരുൺ ജയ്റ്റ്ലിയോ തയാറല്ല. അതവരുടെ നയമല്ലെന്നാണു പറയുന്നത്. കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ കർഷകരുടെ 8000 കോടി രൂപ എഴുതിത്തള്ളി’– രാഹുൽ പറഞ്ഞു.

രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. ‘ബാങ്കുകൾ കോർപറേറ്റുകളുടെ വായ്പ എഴുതിത്തള്ളിയതു സാങ്കേതികമായാണ്. പിന്നീടു വീണ്ടെടുക്കും. എന്നാൽ വായ്പ സർക്കാർ എഴുതിത്തള്ളിയെന്നു പറയുന്നതാണു നയപരമായ തീരുമാനം. ഇതു രണ്ടിന്റെയും വ്യത്യാസം അറിയാതെയാണു ചിലർ സംസാരിക്കുന്നത്’– ബിജെപി ട്വിറ്ററിൽ കുറിച്ചു. ഇതിനു മറുപടിയായാണു സിദ്ധരാമയ്യ എത്തിയത്.

‘നല്ലത്, കോർപറേറ്റുകളുടെ വായ്പ എഴുതിത്തള്ളിയെന്ന് അംഗീകരിച്ചല്ലോ. കർഷകരുടെ വായ്പ ഇതുപോലെ എഴുതിത്തള്ളണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കാൻ ഇനി ഞങ്ങളോടൊപ്പം ചേരൂ. ‘സ്യൂട്ട് ബൂട്ട് സർക്കാർ’ അല്ല നിങ്ങളുടേതെന്നു തെളിയിക്കൂ’– സിദ്ധരാമയ്യ ബിജെപിയെ വെല്ലുവിളിച്ചു.

ബിജെപിയുടെ മറുപടി ഇങ്ങനെ: ‘രാഹുൽ ഗാന്ധിക്കു മാത്രമല്ല, വായ്പ എഴുതിത്തള്ളലും നയതീരുമാനവും തമ്മിലുള്ള വ്യത്യാസം അറിയാത്തത്. കർഷകരെ വിഡ്ഢികളാക്കുകയാണു മുഖ്യമന്ത്രി. പിന്നീടു തിരിച്ചുപിടിക്കാവുന്ന വിധം വായ്പ എഴുതിത്തള്ളണമെന്നാണു സിദ്ധരാമയ്യ പറയുന്നത്. 70 ലക്ഷത്തിന്റെ വാച്ചു ധരിക്കുന്നയാളാണു മറ്റുള്ളവരെ സ്യൂട്ട് ബുട്ട് എന്നു വിമർശിക്കുന്നത്’.

related stories