Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ശുദ്ധജലത്തിനായി’ ലോകം ബ്രസീലിൽ; ‘ജലം പങ്കിടുക’ ആശയത്തിൽ സമ്മേളനം

Author Details
world-water-forum-pic-1 ലോക ജല ഫോറത്തിലെ പ്രദർശനവേദിയിൽ നിന്ന്.

ബ്രസീലിയ ∙ ലോക ജലദിനത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന എട്ടാം ലോക ജലഫോറം ബ്രസീലിലെ ബ്രസീലിയയിൽ നാളെ സമാപിക്കും. ലോക വാട്ടർ കൗൺസിലിന്റെയും ഐക്യരാഷ്ട്ര സംഘടനകളുടെയും ബ്രസീലിയൻ സർക്കാരിന്റെയും നേതൃത്വത്തിൽ നടത്തുന്ന സമ്മേളനത്തിൽ 150 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

‘മനുഷ്യൻ നഗരങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്ക് ശുദ്ധജലത്തിനായി പലായനം ചെയ്യുന്നു’ എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്ന സമ്മേളനത്തിന്റെ പ്രധാന അജണ്ട ‘ജലം പങ്കിടൽ’ എന്നതാണ്. സുസ്ഥിര വികസനം അജൻഡയാക്കുന്ന സമ്മേളനത്തിൽ ഒൻപത് വിഷയങ്ങളിലായി 95 സെഷനുകൾ ഉൾപ്പെടെ ലോകം ഇന്ന് ഈ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ നേർക്കാഴ്ച വെളിപ്പെടുത്തുന്ന ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു. 

world-water-forum-pic-2 ലോക ജല ഫോറത്തിന്റെ സമ്മേളനവേദിയിൽ നിന്ന് ഒരു ദൃശ്യം.

45,000 പ്രതിനിധികളാണ് എട്ടാം ലോക ജലഫോറത്തിൽ പങ്കെടുക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നൂറിലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉൾപ്പെട്ട വാട്ടർ ഫെയർ ഫോറവും ആകർഷകമായി. ജനങ്ങളുടെ കൂട്ടായ ശബ്ദത്തിനായി ഒരുക്കിയ പൊതുവേദി സിറ്റിസൺ വില്ലേജും ശ്രദ്ധേയമാണ്. പ്രതിനിധികളായ ആർക്കും പ്രതികരിക്കാൻ അവസരം ഉണ്ട് എന്നത് ഈ ഫോറത്തിന്റെ ജനാധിപത്യ ഘടന വെളിപ്പെടുത്തുന്നു.

world-water-forum-2018-logo

ലോകജലദിനമായ ഇന്ന് നടക്കുന്ന മന്ത്രിതല പ്രഖ്യാപനവും അതിനോടനുബന്ധിച്ച് നടക്കുന്ന നയപ്രഖ്യാപനവും ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ജലസംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിനായിട്ടുള്ള നയരേഖ ആയിരിക്കും. ഇന്ന് ലഭ്യമായ ജലത്തിന്റെ കേവലം 0.5% മാത്രമേ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് ലോകരാഷ്ട്രങ്ങൾ ഈ സമ്മേളനത്തിന് ഇത്രയധികം പ്രാധാന്യം നൽകാൻ കാരണം. ഈ 0.5% ശുദ്ധജലം മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി അനേകം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയുമാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം ശുദ്ധജല ദൗർലഭ്യം തന്നെ ആയിരിക്കുമെന്ന മുന്നറിയിപ്പാണ് ഈ ജലസമ്മേളനത്തിൽ കൂടി പുറത്ത് വരുവാൻ പോകുന്നതും.

world-water-forum-pic-3 ലോക ജല ഫോറത്തിന്റെ സമ്മേളനവേദിയിൽ നിന്ന് ഒരു ദൃശ്യം.

ജലപ്രശ്നങ്ങൾക്ക് എല്ലാം ഉതകുന്ന പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും നിർദേശിക്കുകയും ചെയ്യുക എന്ന ഭാരിച്ച ചുമതലയാണ് ആറ് ദിവസം നീണ്ടു നിൽക്കുന്ന ചർച്ചകളുടെ പ്രധാന ഉദ്ദേശ്യം. ‘ജലം പങ്കിടുക’ എന്ന മാതൃകയാണ് ബ്രസീൽ മുന്നോട്ട് വയ്ക്കുന്ന ആശയം. ഇത് എത്ര രാജ്യങ്ങൾ അംഗീകരിക്കും ​എന്നത് ആ ചർച്ച അടിസ്ഥാനമാക്കിയായിരിക്കും. ജലത്തോടൊപ്പം സാമ്പത്തിക സ്രോതസ്സുകളും അറിവുകളും ശാസ്ത്ര നേട്ടങ്ങളും പങ്കിടുക എന്നത് ഈ ജലഫോറത്തിന്റെ അജൻഡയിൽപ്പെടുന്നു.

ഇന്ത്യയെ സംബന്ധിച്ചും ഈ സമ്മേളനം വളരെ പ്രാധാന്യം അർഹിക്കുന്നു. ജനം ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് ശുദ്ധജലത്തിനായി പലായനം ചെയ്യുന്ന പട്ടണങ്ങളുടെ മുൻപന്തിയിൽ കേപ്ടൗണും സാവോപോളയ്ക്കും ഒപ്പം ഇന്ത്യയിലെ ബാംഗ്ലൂരും ഉൾപ്പെടുന്നുണ്ട്. ഒരുകാലത്ത് ജീവിത മാർഗത്തിനായി പട്ടണങ്ങളിലേക്ക് കുടിയേറി പാർത്തിരുന്ന ജനം ഇന്ന് ശുദ്ധജലത്തിന്റെ ദൗർലഭ്യം മൂലം ഗ്രാമങ്ങളിലേക്ക് തിരിച്ച് പലായനം ചെയ്യുന്നു. ആശങ്കാജനകമായ സാഹചര്യത്തിൽ വളരെ പ്രാധാന്യത്തോടുകൂടിയാണ് ലോകജലഫോറത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.

brazil-water-forum-pic ലോക ജല ഫോറത്തിന്റെ പ്രദർശനവേദിയിൽ നിന്ന്.

ഇന്ത്യയുടെ ഒരു വിജയ മാതൃക എന്ന നിലയിൽ സ്വച്ച് ഭാരത് മിഷന്റെ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. അതോടൊപ്പം തന്നെ കേരളത്തിൽ നടപ്പാക്കുന്ന സ്കൂൾ ജല ശുചിത്വ ആരോഗ്യ പദ്ധതിയും ചർച്ചയ്ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.

(കൊല്ലം സെന്റർ ഫോർ കമ്യൂണിറ്റി ഹെൽത്ത് റിസേർച്ച് ഡയറക്‌ടറായ ലേഖകൻ എട്ടാംലോക ജല ഫോറത്തിലെ ‘ജലവും പൊതുജനാരോഗ്യവും’ എന്ന വിഭാഗത്തിലെ കോ–ഓർഡിനേറ്ററാണ്.)