Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസഫർനഗർ കലാപം: 131 കേസുകൾ പിൻവലിക്കാനൊരുങ്ങി യോഗി സർക്കാർ

Yogi Adityanath യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നൗ∙ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ടു 131 കേസുകൾ പിൻവലിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ചുരുങ്ങിയത് എഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയ കേസുകളാണു യോഗി ആദിത്യനാഥ് സർക്കാർ പിൻവലിക്കുന്നത്.

2013ൽ നടന്ന കലാപങ്ങളിൽ 62 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 1400 പേർ പങ്കെടുത്ത കലാപങ്ങളിൽ 503 കേസുകളാണു കഴിഞ്ഞ സർക്കാർ റജിസ്റ്റർ ചെയ്തത്. ബിജെപി സർക്കാർ പിൻവലിക്കുന്ന 131 കേസുകളിൽ 13 എണ്ണം കൊലപാതകത്തിനും 11 എണ്ണം കൊലപാതക ശ്രമത്തിനുമുള്ളതാണെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മുസഫർനഗർ, ഷാംലി എന്നിവിടങ്ങളിലെ ഖാപ് പഞ്ചായത്ത് നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെയാണു കേസ് പിൻവലിക്കാനുള്ള തീരുമാനം.

ഫെബ്രുവരി അഞ്ചിനാണു ഖാപ് നേതാക്കൾ യോഗിയെ കണ്ടത്. 179 കേസുകൾ പിൻവലിക്കണം എന്നായിരുന്നു ആവശ്യം. പ്രതികളെല്ലാം ഹിന്ദുക്കൾ ആയതിനാലാണു കേസുകൾ പിൻവലിക്കുന്നതെന്നു ബിജെപി എംപി സജ്ഞീവ് ബല്യാൻ പറഞ്ഞു. കഴിഞ്ഞമാസം 131 കേസുകളുടെ വിവരങ്ങൾ നിയമവകുപ്പ് ജില്ലാ മജിസ്ട്രേറ്റിനോട് ആരാഞ്ഞിരുന്നു. സർക്കാരിന്റെ നീക്കത്തോടു ജനങ്ങളുടെ പ്രതികരണം എന്താകുമെന്നറിയാനാണു ജില്ലാ മജിസ്ട്രേറ്റിനു യുപി സ്പെഷ്യല്‍ സെക്രട്ടറി കത്തയച്ചത്.

യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സജ്ഞീവ് ബല്യാന്‍, എംപി ബര്‍തേന്ദ്ര സിങ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സിങ് സോം തുടങ്ങിയവര്‍ പ്രതികളായ കേസുകളാണു പിന്‍വലിക്കുന്നത്.