Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂരിൽ വയൽകാവൽ സമരത്തിനെതിരെ  സിപിഎമ്മിന്റെ ‘നാടുകാവൽ’ സമരം നാളെ

keezhattur-vayalkili

തളിപ്പറമ്പ് ∙ സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽക്കിളികളുടെ ‘വയൽകാവൽ’ സമരത്തിനെതിരെ സിപിഎമ്മിന്റെ ‘നാടുകാവൽ’ സമരം നാളെ. വയൽനികത്തി ബൈപാസ് റോ‍ഡ് നിർമിക്കുന്നതിനെതിരെ വയൽക്കിളി കർഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം 25നു തുടങ്ങാനിരിക്കെയാണു തലേന്നു തന്നെ സിപിഎം പ്രതിസമരം തുടങ്ങുന്നത്.

പാർട്ടി ഗ്രാമമായ കീഴാറ്റൂരിലെ പ്രശ്നങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടുന്നതിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണു നാടുകാവൽ‌ സമരം സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ടു കീഴാറ്റൂർ വയലിൽ കാവൽപ്പുര സ്ഥാപിച്ച ശേഷം തളിപ്പറമ്പ് പട്ടണത്തിലേക്കു മാർച്ച് നടത്താനാണു പരിപാടി. സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി പി.ജയരാജൻ, എംഎൽഎമാരായ ജയിംസ് മാത്യു, ടി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. മൂവായിരത്തിലേറെ പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് അറിയിപ്പ്. തുടർന്നു തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ കൺവൻഷൻ നടത്തും. 


25നു ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിൽ വയൽക്കിളികളുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ചിൽ രണ്ടായിരം പേരെ പങ്കെടുപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുറത്തു നിന്നുള്ളവരെ കീഴാറ്റൂരിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്നാണു സിപിഎമ്മിന്റെ നിലപാട്. 25ലെ വയൽക്കിളി ഐക്യദാർഢ്യ മാർച്ചിനു ‘പുറത്തു നിന്നു’ വരുന്നവരെ തടയുമോ എന്നു സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രദേശത്തു സംഘർഷത്തിനു സാധ്യതയുണ്ടെന്നു സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വയൽക്കിളി നേതാവു സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതും സംഘർഷ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ നാളെയും മറ്റന്നാളും പ്രദേശം കനത്ത പൊലീസ് കാവലിലായിരിക്കും.


അതിനിടെ, ബൈപാസ് വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാടു മയപ്പെടുത്തിയതു പ്രശ്നപരിഹാര സാധ്യതയ്ക്കു വഴി തുറന്നിട്ടുണ്ട്. ബൈപാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണത്തിലെ നിലവിലെ റോഡ് വീതികൂട്ടിയും മേൽപ്പാലം നിർമിച്ചും ദേശീയപാത വികസിപ്പിക്കണമെന്ന നിർദേശത്തോട് എതിർപ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ജി.സുധാകരനും പറഞ്ഞതാണു വയൽക്കിളികൾക്കു പ്രതീക്ഷ നൽകുന്നത്. ബൈപാസ് വേണ്ട മേൽപ്പാലം മതി എന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ സംസ്ഥാനം സഹകരിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

ബൈപാസിന്റെ അലൈൻമെന്റ് പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാണെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബിജെപി സംസ്ഥാന നേതാക്കളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുമുണ്ട്. ദേശീയപാത വികസിപ്പിക്കുമ്പോൾ തളിപ്പറമ്പിൽ സ്ഥലമെടുപ്പ് എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടിയാണു പട്ടണത്തിൽനിന്നു മാറി കീഴാറ്റൂർ വയലിലൂടെ ബൈപാസ് നിർദേശിക്കപ്പെട്ടത്. നഗരത്തോടു ചേർന്നു മറ്റൊരു ഭാഗത്താണു ബൈപാസ് ആദ്യം ഉദ്ദേശിച്ചതെങ്കിലും അവിടെ നൂറ്റിയിരുപതോളം വീടുകളും മറ്റു കെട്ടിടങ്ങളും കുറച്ചു ഭാഗത്തു വയലുകളും നശിക്കുമെന്നതിനാൽ ജനവികാരവും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പും കണക്കിലെടുത്തു കീഴാറ്റൂർ വയലിലേക്കു മാറ്റുകയായിരുന്നു. പാടം നികത്തി റോഡ് പണിയുന്നതു ജൈവവ്യവസ്ഥയെ തകിടം മറിക്കുമെന്നും കടുത്ത വരൾച്ചയ്ക്ക് ഇടയാക്കുമെന്നും ആരോപിച്ചു സിപിഎം പ്രവർത്തകരുടെ തന്നെ മുൻകയ്യിലാണു വയൽക്കിളി കർഷക കൂട്ടായ്മ സമരം തുടങ്ങിയത്.