Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ സ്പോർട്സ് സ്റ്റാർ അന്തിമ പട്ടിക പ്രഖ്യാപിച്ചു; ഇടംനേടി മൂന്നുപേർ

PU-Chithra-HS-Prannoy-KP-Rahul പി.യു. ചിത്ര, എച്ച്.എസ്. പ്രണോയി, കെ.പി. രാഹുൽ

കൊച്ചി∙ കേരളത്തിലെ മികച്ച സ്പോർട്സ് താരത്തെ കണ്ടെത്താൻ മലയാള മനോരമ സംഘടിപ്പിച്ച ‘മനോരമ സ്പോർട്സ് സ്റ്റാർ – 2018’ലെ അന്തിമപട്ടിക പ്രഖ്യാപിച്ചു. പി.യു. ചിത്ര (അത്‍ലറ്റിക്സ്), എച്ച്.എസ്. പ്രണോയി (ബാഡ്മിന്റൻ), കെ.പി. രാഹുൽ (ഫുട്ബോൾ) എന്നിവരാണ് അന്തിമപട്ടികയിൽ ഇടംനേടിയവർ. നാളെയാണ് പുരസ്കാര പ്രഖ്യാപനം.

ഏറ്റവും മികച്ച ക്ലബുകൾക്കുള്ള മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരങ്ങളും കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സാന്റ മോനിക്ക ടൂർസ് ആൻഡ് ട്രാവൽസിന്റെ സഹകരണത്തോടെ മനോരമ ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും വലിയ കായിക അവാർഡിൽ മൊത്തം 12 ലക്ഷം രൂപയാണു സമ്മാനത്തുക. വിജയത്തിന്റെ കൊടിക്കൂറ ഉയരെപ്പാറിച്ച മലയാളത്തിന്റെ അഭിമാന താരങ്ങൾ ചടങ്ങിനു സാക്ഷ്യം വഹിക്കും. പുരസ്കാര സമർപ്പണം മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്യും.

സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിനുള്ള വോട്ടിങ് പട്ടികയിൽ ആറു താരങ്ങളുണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, ബേസിൽ തമ്പി, ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയ്, അത്‍ലറ്റിക്സ് താരങ്ങളായ പി.യു.ചിത്ര, മുഹമ്മദ് അനസ്, ഫുട്ബോൾ താരം കെ.പി.രാഹുൽ എന്നിവരായിരുന്നു മനോരമ സ്പോർട്സ് സ്റ്റാർ 2017 പുരസ്കാരത്തിന്റെ പട്ടികയിൽ‌ ഇടംപിടിച്ചത്. ഏറ്റവും മികച്ച താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനം. രണ്ടാം സ്ഥാനത്തിനു രണ്ടു ലക്ഷവും ട്രോഫിയും മൂന്നാം സ്ഥാനത്തിനു ഒരു ലക്ഷവും ട്രോഫിയും സമ്മാനമായി ലഭിക്കും.

പട്ടികയിൽ ഇടംനേടിയ താരങ്ങളും നേട്ടങ്ങളും

പി. യു. ചിത്ര (അത്‍ലറ്റിക്സ്)
∙ തുർക്മെനിസ്ഥാനിലെ അഷ്ഗാബടിൽ അരങ്ങേറിയ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 1500 മീറ്ററിൽ4.27:77 മിനിറ്റിൽ മൽസരം പൂർത്തിയാക്കി സ്വർണം
∙ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ 4.17:92 മിനിറ്റിൽ സ്വർണം
∙ ഗുണ്ടൂരിൽ നടന്ന അന്തർസർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ മീറ്റ് റെക്കോർഡോടെ സ്വർണം

എച്ച്. എസ്. പ്രണോയി (ബാഡ്മിന്റൻ)

∙ യുഎസ് ഓപ്പൺ ഗ്രാൻപ്രി ഗോൾഡ് ബാഡ്മിന്റൻ കിരീടം
∙ ദേശീയ സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് ജേതാവ്
∙ ഇന്തൊനീഷ്യൻ ഓപ്പണിൽ ലോക, ഒളിംപിക് ചാംപ്യൻ ചെൻ ലോങ്ങിനെയും ഒളിംപിക്സ് വെള്ളിമെഡൽ ജേതാവും മുൻ ലോക ഒന്നാം നമ്പർ താരവുമായ ലീ ചോങ് വെയിയെയും അട്ടിമറിച്ച് സെമിയിൽ കടന്നതിലൂടെ ചരിത്രമാണ് കുറിച്ചത്. സെമിയിൽ പുറത്ത്. പോയ വർഷം ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടന്നതും നേട്ടമാണ്. നവംബർ ആദ്യം പുറത്തിറങ്ങിയ ലോക റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനത്തെത്തിയത് കരിയറിലെ മികച്ച സ്ഥാനം

കെ. പി. രാഹുൽ (ഫുട്ബോൾ)
∙ ഇന്ത്യ ആദ്യമായി വേദിയൊരുക്കിയ ഫിഫ അണ്ടർ–17 ലോകകപ്പിനുള്ള 21 അംഗ ഇന്ത്യൻ ടീമിലെ ഏക മലയാളി താരം കെ.പി രാഹുൽ. ഏതെങ്കിലും ഫിഫ ലോകകപ്പിൽ കളിക്കുന്ന ആദ്യ മലയാളിയാണ് ഈ മിഡ്‌ഫീൽഡർ.
∙ ലോകകപ്പിന് മുന്നോടിയായി ഇറ്റലിയിൽ നടന്ന പ്രദർശമൽസരത്തിൽ ആതിഥേയരെ ഇന്ത്യ 2–0നു തോൽപിച്ചപ്പോൾ രണ്ടാം ഗോൾ നേടിയതു രാഹുലായിരുന്നു.
∙ കൊൽക്കത്തയിൽ നടന്ന ഐ ലീഗ് മൽസരത്തിൽ കരുത്തരായ മോഹൻ ബഗാനെ 1–1നു പിടിച്ചിട്ട ഇന്ത്യൻ ആരോസിന് വിജയത്തോളം വിലപിടിപ്പുള്ള സമനില സമ്മാനിച്ചതും കെ.പി. രാഹുലാണ്