Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്പി – ബിഎസ്പി സഖ്യത്തിന് തിരിച്ചടി; പത്തിൽ ഒൻപതിലും ജയിച്ച് ബിജെപി

BJP Flag

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറിയിലൂടെ ബിജെപിയുടെ മറുപടി. പത്തിൽ എട്ടു സീറ്റ് മാത്രം ഉറപ്പുണ്ടായിരുന്ന ബിജെപി ഒൻപതാം സീറ്റും പിടിച്ച് എസ്പി – ബിഎസ്പി സഖ്യത്തെ ഞെട്ടിച്ചു. ഇതിനൊപ്പം, മുൻ കേരള സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ മഹാരാഷ്ട്രയിൽനിന്നും എൻഡിഎ കേരള വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ കർണാടകയിൽനിന്നും ബിജെപി പ്രതിനിധികളായി രാജ്യസഭയിലെത്തി. 

യുപിയിൽ ആദ്യറൗണ്ടിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഉൾപ്പെടെ എട്ടു ബിജെപി സ്ഥാനാർഥികളും എസ്പിയുടെ ജയ ബച്ചനും ജയിച്ചെങ്കിലും പത്താമനു വിജയിക്കാനാവശ്യമായ 37 വോട്ട് മറ്റു രണ്ടുപേര്‍ക്കും ലഭിച്ചില്ല. ബിഎസ്പിയുടെ ബി.ആർ.അംബേദ്കറിന് 32 വോട്ടും ബിജെപിയുടെ അനിൽ അഗർവാളിനു 16 വോട്ടുമാണു ലഭിച്ചത്. തുടര്‍ന്നു രണ്ടാം മുൻഗണനാ വോട്ടിന്റെ അടിസ്ഥാനത്തിൽ അഗർവാൾ വിജയിയായി.

ബിഎസ്പിയുടെയും എസ്പിയുടെയും ഓരോ എംഎൽഎമാർ ബിജെപിക്കു വോട്ടുചെയ്തു; ബിജെപി സഖ്യത്തിലുള്ള സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി എംഎൽഎ ബിഎസ്പിക്കും. എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ എംഎല്‍എമാര്‍ വിവിധ കേസുകളില്‍ ജയിലിലായതിനാല്‍ വോട്ടുചെയ്യാന്‍ അനുമതി ലഭിച്ചതുമില്ല. ഗോരഖ്പുർ, ഫൂൽപുർ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ വൻതോൽവി ഏറ്റുവാങ്ങി സീറ്റ് കൈവിട്ട ബിജെപിക്ക് ഈ അപ്രതീക്ഷിത ജയം തൽക്കാലത്തേക്ക് ആശ്വാസമായി; പുതുതായി രൂപപ്പെട്ട എസ്പി – ബിഎസ്പി സഖ്യത്തിനു തിരിച്ചടിയും. 

നാടകീയ സംഭവങ്ങൾക്കൊടുവിലാണ് കർണാടകയിൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി രാജ്യസഭയിലെത്തിയത്. കോൺഗ്രസിലെ ഡോ. എൽ.ഹനുമന്തയ്യ, ഡോ. സയദ് നസീർ ഹുസൈൻ, ജി.സി.ചന്ദ്രശേഖർ എന്നിവരും ബിജെപിയുടെ രാജീവ് ചന്ദ്രശേഖറുമാണു വിജയിച്ചത്. കോൺഗ്രസിന്റെ മന്ത്രി കഗൊഡു തിമ്മപ്പയും ബാബുറാവു ചിഞ്ചൻസുറും ആദ്യം ലഭിച്ച ബാലറ്റ് പേപ്പറിൽ ‘തെറ്റുപറ്റിയതിനാൽ’ രണ്ടാമതും ബാലറ്റ് ആവശ്യപ്പെട്ടു. നടപടി ചോദ്യംചെയ്ത ജനതാദൾ (എസ്) വോട്ടെടുപ്പു ബഹിഷ്കരിച്ചു. ഏഴു ജെഡിഎസ് വിമതർ കോൺഗ്രസിനു വോട്ട് നൽകി. 

ഗുജറാത്തും മധ്യപ്രദേശും മഹാരാഷ്ട്രയും ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ 33 സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 59 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. രാജ്യസഭയിൽ എൻഡിഎ 86, യുപിഎ 64, മറ്റുള്ളവർ 89 എന്നിങ്ങനെയായി പുതിയ കക്ഷിനില. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നാലുപേരും കോൺഗ്രസിന്റെ അഭിഷേക് മനു സിങ്‌വിയും വിജയിച്ചു. സിപിഎമ്മിന്റെ രബിൻ ദേവ് പരാജയപ്പെട്ടു. ജാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റ് നേടി. മഹാരാഷ്ട്രയിൽ ബിജെപിക്കു മൂന്നും ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവയ്ക്ക് ഓരോ സീറ്റും ലഭിച്ചു. തെലങ്കാനയിലെ മൂന്നു സീറ്റിലും തെലങ്കാന രാഷ്ട്ര സമിതി ജയിച്ചു.

related stories