Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവരങ്ങൾ ചോർത്തിയത് എങ്ങനെ?; കേംബ്രിജ് അനലിറ്റിക്കയിൽ നിന്നു വിശദീകരണം തേടി കേന്ദ്രം

Cambridge Analytica

ന്യൂഡൽഹി∙ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ കേംബ്രിജ് അനലിറ്റിക്കയിൽ നിന്നു കേന്ദ്ര സർക്കാർ വിശദീകരണം തേടി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് നോട്ടിസിൽ ചോദിക്കുന്നു. ഈമാസം 31നകം ഇതു സംബന്ധിച്ച റിപ്പോർട്ടു നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണു കേംബ്രിജ് അനലിറ്റിക്കയിൽനിന്ന് വിവരം തേടിയിരിക്കുന്നത്. വിവരങ്ങൾ ചോർത്തിയത് എങ്ങനെ, ആരാണു ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളും നോട്ടിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്രക്കുറിപ്പിലൂടെയാണ് നോട്ടിസ് നൽകിയ കാര്യം സർക്കാർ അറിയിച്ചത്. ഉപഭോക്താക്കളുടെ സമ്മതത്തോടെയാണോ വിവരങ്ങൾ ചോർത്തിയതെന്നും നോട്ടിസിൽ ചോദിക്കുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകർക്കുവേണ്ടി രാഷ്ട്രീയവിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി അടുത്തിടെ കണ്ടെത്തിയിരുന്നു. സ്വകാര്യതാനിയമം ലംഘിച്ച് അഞ്ചു കോടിയോളം ഫെയ്‌സ് ബുക് അംഗങ്ങളുടെ വ്യക്തിവിവരങ്ങളാണു ബ്രിട്ടിഷ് സ്വകാര്യസ്ഥാപനം ചോർത്തിയത്. 2016 ലെ യുഎസ് തിരഞ്ഞെടുപ്പു കാലത്തു ട്രംപ് പ്രചാരകർക്കുവേണ്ടി വോട്ടർമാരുടെ വിവരശേഖരണത്തിന്റെ ഭാഗമായാണു 2014 മുതൽ ഫെയ്‌സ് ബുക്കിൽനിന്ന് അഞ്ചു കോടിയോളം പേരുടെ വ്യക്തിവിവരങ്ങൾ എടുത്തത്. സമൂഹമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോർച്ചയാണിത്. ഇതേത്തുടർന്ന് കേംബ്രിജ് അനലിറ്റിക്കയെ ഫെയ്സ്ബുക് പുറത്താക്കിയിരുന്നു.