Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി അദാനി സൃഷ്ടിച്ചതല്ല, വിഴിഞ്ഞം തുറമുഖം വൈകും: രാജേഷ് ഝാ

Vizhinjam Port വിഴിഞ്ഞം തുറമുഖ പ്രദേശം. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ഓഖിയുടെ പേരില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള സമയപരിധി നീട്ടി ചോദിച്ചതു നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്നു രക്ഷപ്പെടാനല്ലെന്ന് അദാനി ഗ്രൂപ്പ്. തുറമുഖം കമ്മീഷന്‍ ചെയ്താല്‍ മാത്രമേ അദാനി ഗ്രൂപ്പിനു വരുമാനം കിട്ടിത്തുടങ്ങൂ എന്ന് സിഇഒ രാജേഷ് ഝാ പറഞ്ഞു. നിര്‍മാണം എന്നു പൂര്‍ത്തിയാകുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. 

ഓഖി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ സമയം നീട്ടിനല്‍കണം എന്നാവശ്യപ്പെട്ടു കത്തുനല്‍കിയതു നഷ്ടപരിഹാരക്കുരുക്കില്‍ നിന്നു രക്ഷപ്പെടാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കരാര്‍ പ്രകാരം വൈകുന്ന ഓരോ ദിവസവും അദാനി ഗ്രൂപ്പ് 12 ലക്ഷം രൂപയാണു നഷ്ടപരിഹാരം നല്‍കേണ്ടത്. പ്രകൃതിക്ഷോഭം മൂലമാണു വൈകുന്നതെങ്കില്‍ ഇത് ഒഴിവാകും. അദാനി ഗ്രൂപ്പും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നു പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പൂര്‍ണമായും അസത്യമാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

600 മീറ്ററോളം നിര്‍മാണം പൂര്‍ത്തിയായ പുലിമുട്ടിന്റെ 150 മീറ്റര്‍ ഒലിച്ചുപോയി. 20 ശതമാനം പൈലുകള്‍ തകര്‍ന്നു. രണ്ടു ഡ്രഡ്ജറുകള്‍ക്കു കേടുപാടുണ്ടായി. അറ്റകുറ്റപ്പണിക്കു സമയം ആവശ്യമാണ്. നാശനഷ്ടം എത്രയെന്നു കൃത്യമായി കണക്കാക്കണം. കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കണം. കണക്കെടുത്തു കൂടിയാലോചനകള്‍ നടത്തിയേ എത്രസമയമെടുക്കും എന്നു പറയാന്‍ പറ്റൂ. സര്‍ക്കാരും അദാനി ഗ്രൂപ്പും ഒരുമിച്ചു നീങ്ങിയാലേ പദ്ധതി യാഥാര്‍ഥ്യമാകൂ എന്നും രാജേഷ് ഝാ പറഞ്ഞു.