Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടിൽ പൊള്ളിത്തിളച്ച് പുനലൂർ; കാരണം മലകടന്നെത്തുന്ന ഒരു കാറ്റ്

ഉല്ലാസ് ഇലങ്കത്ത്
Sun

തിരുവനന്തപുരം∙ കേരളത്തിനുള്ളിലെ ചെറിയ കനലാണ് കൊല്ലം ജില്ലയിലെ പുനലൂര്‍. മറ്റുള്ള സ്ഥലങ്ങളേക്കാള്‍ ‘ചൂടന്‍’. പുനലൂരിലെ താപനില ഏതു സമയത്തും അടുത്തുള്ള സ്ഥലങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കും. ചിലപ്പോള്‍ പാലക്കാടിനോടൊപ്പവും അല്‍പം മുകളിലായും തിളയ്ക്കും. പുനലൂരിലേക്കു കാറ്റ് സഞ്ചരിച്ചെത്തുന്ന വഴികളാണു ചൂടന്‍ സ്വഭാവത്തിനു കാരണം.

മാര്‍ച്ച് മാസത്തില്‍ പുനലൂരിലെ റെക്കോര്‍ഡ് ചൂട് 40.6 ഡിഗ്രി സെല്‍ഷ്യസാണ്. 1983 മാര്‍ച്ച് 31നും 1992 മാര്‍ച്ച് 30നുമാണ് ഇതു രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസത്തിലെ കുറവു താപനില രേഖപ്പെടുത്തിയത് 1970 മാര്‍ച്ച് 21നാണ്. 17.4 ഡിഗ്രി സെല്‍ഷ്യസ്. 

ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 1983 ഏപ്രില്‍ അഞ്ചിന് – 40.6 ഡിഗ്രി സെല്‍ഷ്യസ്. ഏപ്രില്‍ മാസത്തിലെ കുറവ് താപനില രേഖപ്പെടുത്തിയത് 1976 ഏപ്രില്‍ 2, 3 തീയതികളില്‍ – 18.1 ഡിഗ്രി സെല്‍ഷ്യസ്. മേയ് മാസത്തിലെ വലിയ ചൂട് രേഖപ്പെടുത്തിയത് 1982 മേയ് ആറിന് – 39.2 ഡിഗ്രി സെല്‍ഷ്യസ്. കുറവ് ചൂട് രേഖപ്പെടുത്തിയത് 2003 മേയ് 12 ന് – 19.2 ഡിഗ്രി സെല്‍ഷ്യസ്.

പശ്ചിമഘട്ടത്തിലെ മലകളുടെ ഇടയിലൂടെ വീശുന്ന തമിഴ്നാട്ടില്‍നിന്നുള്ള ചൂട് കാറ്റാണ് പുനലൂരും പാലക്കാടും ചൂട് വര്‍ധിപ്പിക്കുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ആര്യങ്കാവിലൂടെ കടന്നുവരുന്ന തമിഴ്നാട്ടിലെ കാറ്റാണു പുനലൂരിലെ ചൂടിനു കാരണം. മലനിരകള്‍ക്കു താരതമ്യേന ഉയരം കുറവായതിനാല്‍ കിഴക്കന്‍ കാറ്റെന്നറിയപ്പെടുന്ന ഈ കാറ്റിനു ശക്തി കൂടുതലാണ്. 

മറ്റു സ്ഥലങ്ങളില്‍ ഈ കിഴക്കന്‍ കാറ്റിന്റെ ചൂട് അറിയാത്തതിനു കാരണം കടല്‍ക്കാറ്റാണ്. തീരദേശത്തെ ഭൂമിക്ക് ചൂട് പിടിക്കുമ്പോഴാണ് കടല്‍കാറ്റ് രൂപമെടുക്കുന്നത്. കടല്‍കാറ്റ് എത്തുന്ന മേഖലകളില്‍ തണുത്ത കാറ്റ് ലഭിക്കും. ചൂടുകാറ്റിനെ അതു തള്ളി മാറ്റും. ഈ കടല്‍കാറ്റിന്റെ സ്വാധീനം പുനലൂരിലേക്കെത്താത്തതും ചൂട് വര്‍ധിപ്പിക്കുന്നു.

related stories