Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലോ ചിത്രയോ പ്രണോയിയോ?; മനോരമ കായിക പുരസ്കാര സമർപ്പണം ഇന്ന്

P.U. Chitra, H.S. Pranoy, K.P. Rahul പി.യു. ചിത്ര, എച്ച്.എസ്. പ്രണോയ്, കെ.പി. രാഹുൽ

കൊച്ചി∙ ‌‌അത്‍ലറ്റിക്സ് താരം പി.യു. ചിത്ര, ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ്, ഫുട്ബോൾ താരം കെ.പി. രാഹുൽ.. വിദഗ്ധസമിതി തിരഞ്ഞെടുത്ത ആറു കായികതാരങ്ങളിൽനിന്ന് വായനക്കാരുടെ വോട്ടുകൾ നേടി മുന്നിലെത്തിയത് ഇവർ മൂന്നു പേർ. ഇവരിൽ ആരാകും മനോരമ സ്പോർട്സ് സ്റ്റാർ 2017? ‌ ഇന്നു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ബാഡ്മിന്റൻ രാജകുമാരി പി.വി. സിന്ധു ജേതാക്കളെ പ്രഖ്യാപിക്കും. അവാർഡ് നിശ വൈകിട്ട് ഏഴുമുതൽ മനോരമ ന്യൂസിൽ കാണാം. മനോരമ സ്പോർട്സ് ക്ലബ് അവാർഡുകളും സമ്മാനിക്കും. സാന്റ മോനിക്ക ടൂർസ് ആൻഡ് ട്രാവൽസിന്റെ സഹകരണത്തോടെ മനോരമ നൽകുന്ന കായിക പുരസ്കാരങ്ങളുടെ ആകെത്തുക 12 ലക്ഷം രൂപയാണ്. കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരമാണിത്.

ഏറ്റവും മികച്ച താരത്തിനു മനോരമ സ്പോർട്സ്‌സ്റ്റാർ പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനം. രണ്ടാം സ്ഥാനത്തിനു രണ്ടു ലക്ഷവും ട്രോഫിയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷവും ട്രോഫിയുമാണു സമ്മാനം. കോഴിക്കോട് കുന്നമംഗലം പയിമ്പ്ര വോളി ഫ്രൻഡ്സ് സെന്ററിനാണു ക്ലബ് പുരസ്കാരം. കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തും തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ മൂന്നാമതും.

പി.യു. ചിത്ര (അത്‌ലറ്റിക്സ്)

ഇല്ലാമയ്മകളോടും അവഗണനകളോടും പടവെട്ടി ലോക അത്‍ലറ്റിക്സിൽ വിജയത്തിന്റെ കൊടിക്കൂറ ഉയരെപ്പാറിച്ച മുണ്ടൂരുകാരി പി.യു. ചിത്രയ്ക്കുള്ള ‌മലയാളികളുടെ അംഗീകാരമാണിത്. സ്കൂൾ മീറ്റുകളിലൂടെ വളർന്ന്, ദേശീയ മീറ്റുകളിൽ തിളങ്ങി, രാജ്യാന്തര തലങ്ങളിലേക്ക് ഓടിക്കയറിയ താരത്തിനു പോയവർഷം നേട്ടങ്ങളാൽ സമ്പന്നമായിരുന്നു.

PU-Chitra-2

ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ അവസാന ലാപ്പിൽ അദ്ഭുതക്കുതിപ്പു നടത്തിയ താരം 1500 മീറ്ററിൽ വൻകരയുടെ ചാംപ്യനായി. പിന്നാലെ ഏഷ്യൻ ഇൻഡോർ ഗെയിംസിലും 1,500 മീറ്ററിൽ സ്വർണം. അന്തർസർവകലാശാല അത്‍ലറ്റിക് മീറ്റിലും കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസ് ഇൻവിറ്റേഷൻ അത്‍ലറ്റിക്സിലും മലയാളത്തിന്റെ ചിത്ര സ്വർണപ്പറവയായി. മുണ്ടൂർ പാലക്കയത്ത് ഉണ്ണിക്കൃഷ്ണന്റെയും വസന്തകുമാരിയുടെയും മകളാണ് ചിത്ര. എൻ.എസ്. സിജിനാണ് പരിശീലകൻ.

എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൻ)

ലോക ബാഡ്മിന്റൻ വേദികളിലെ വിസ്മയ പ്രകടനത്തോടെ, ഇന്ത്യയുടെ ഒന്നാംനിര താരമായി വളർന്ന എച്ച്.എസ്. പ്രണോയിയുടെ മികവിനുള്ള അംഗീകാരമാണ് വായനക്കാരുടെ വോട്ടുകൾ. ഇന്തൊനീഷ്യൻ ഓപ്പണിൽ ലോക–ഒളിംപിക് ചാംപ്യൻ ചെൻ ലോങ്ങിനെയും ഒളിംപിക്സ് വെള്ളിമെഡൽ ജേതാവും മുൻ ലോക ഒന്നാം നമ്പർ താരവുമായ ലീ ചോങ് വെയിയെയും അട്ടിമറിച്ചുള്ള പ്രണോയിയുടെ സെമി പ്രവേശനം ചരിത്രമായി.

Pranoy

യുഎസ് ഓപ്പൺ ഗ്രാൻപ്രി ഗോൾഡ് ബാഡ്മിന്റനിൽ കിരീട നേട്ടത്തോടെ മലയാളിയുടെ അഭിമാനം വാനോളമുയർ‌ത്തി. ഈ നേട്ടത്തോടെ, ലോകറാങ്കിങ്ങിൽ 11–ാം സ്ഥാനത്തെത്തുകയും ചെയ്തു. പ്രണോയിയുടെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനം.  കിഡംബി ശ്രീകാന്തിനെ ഫൈനലിൽ വീഴ്ത്തി ഇത്തവണത്തെ ദേശീയ ബാഡ്മിന്റൻ കിരീടവും പ്രണോയ് സ്വന്തമാക്കി. തിരുവനന്തപുരം ആനയറ ഈശാലയം റോഡിലെ തിരുമുറ്റം വീട്ടിൽ സുനിൽകുമാറിന്റെയും ഹസീനയുടെയും മകനാണ് പ്രണോയ്.

കെ.പി. രാഹുൽ (ഫുട്ബോൾ)

ഫിഫ ലോകകപ്പ് കളിച്ച ആദ്യ മലയാളിയെന്ന വിശേഷണത്തോടെ മലയാളിയുടെ മനസിലേക്കു ഗോളടിച്ചെത്തിയ കെ.പി. രാഹുലിന്റെ പേരിലും കായിക പ്രേമികൾ വോട്ടുകൾ നിറച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ  രാജ്യത്തിനായി ബൂട്ടണിഞ്ഞ രാഹുൽ കളത്തിൽ പ്രതിഭകൊണ്ട് നിറ​ഞ്ഞാടി. കൊളംബിയയ്ക്കെതിരെ നിർണായക മത്സരത്തിൽ ഗോൾവല ലക്ഷ്യമാക്കി രാഹുൽ തൊടുത്ത വോളി ശ്രദ്ധേയമായി.

K.P. Rahul

ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ താരമായ രാഹുലിന്റെ പൊസിഷൻ ഇടതു വിങ് ബാക്ക്. എന്നിട്ടും ടീമിനായി പലതവണ ഗോൾവല ചലിപ്പിക്കാനായതു വലിയ നേട്ടം. തൃശൂർ ഒല്ലൂക്കര ശ്രേയസ് നഗറിലെ കണ്ണോളി പ്രവീണിന്റെയും ബിന്ദുവിന്റെയും മകനായ രാഹുൽ ഏഴാം വയസ്സിൽ കളിതുടങ്ങിയതാണ്. ജില്ലാ അണ്ടർ 14 ടീം വഴി സംസ്ഥാന ടീമിലെത്തി. അണ്ടർ 17 ലോകകപ്പ് ക്യാംപിലേക്കുള്ള വിളിയും പിന്നാലെ വന്നു.