Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഷമയ്ക്കു സമയമില്ല: പരാതിയുമായി ഇറാഖിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ

Sushma-Swaraj സുഷമ സ്വരാജ്

ന്യൂഡൽഹി∙ ഇറാഖിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളെ കാണാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തയാറാകുന്നില്ലെന്നു റിപ്പോർട്ട്. മന്ത്രിയെ കാണാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെത്തവണ ബന്ധുക്കൾ മന്ത്രിയുടെ ഓഫിസിനെ സമീപിച്ചിരുന്നു. എന്നാൽ മന്ത്രി തിരക്കിലാണെന്നും കാണാൻ സാധിക്കില്ലെന്നും ഓഫിസ് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.

‘കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസിലേക്കു വിളിച്ചു കാണാൻ അനുമതി ചോദിച്ചു. പിറ്റേന്ന് മന്ത്രിയുടെ ഓഫിസിൽനിന്നു തിരിച്ചുവിളിച്ചു. നിങ്ങളുടെ ബന്ധുക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും അതിനുശേഷം എല്ലാവരെയും കാണാമെന്നും അറിയിച്ചു. എന്നാൽ തനിക്ക് അതിനുമുൻപാണു മന്ത്രിയെ കാണേണ്ടതെന്ന് അറിയിച്ചെങ്കിലും അവർ തയാറായില്ല’– മരിച്ച മഞ്ജീന്ദർ സിങ്ങിന്റെ സഹോദരി ഗുർപീന്ദർ കൗർ‍ പറഞ്ഞു.

തങ്ങളെ കാണാന്‍ സുഷമ തയാറായില്ലെങ്കിൽ ഡൽഹിയിൽ അനിശ്ചിതകാല സമരം നടത്തുമെന്നു ഗുർപീന്ദർ മുന്നറിയിപ്പു നൽകി. മരിച്ച 39 ഇന്ത്യക്കാരുടെയും കുടുംബങ്ങള്‍ തമ്മിൽ ബന്ധമുണ്ട്. ഞങ്ങളെല്ലാവരും സമരവുമായി മുന്നോട്ടുതന്നെയാണ്. കുടുംബത്തിലെ ഒരാൾക്കെങ്കിലും സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകണമെന്നും ഗുർപീന്ദർ ആവശ്യപ്പെട്ടു. അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനാണു മുൻഗണനയെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിച്ചതിനു ശേഷം മന്ത്രി എല്ലാ ബന്ധുക്കളെയും കാണുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നാലു വർഷത്തിനിടെ 14 തവണയാണു സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു ഗുർപീന്ദറിന്റെ കുടുംബം സമയം തേടിയത്. എന്നാൽ 2014 ജൂൺ 20നും 2017 ജൂലൈ 16നും മാത്രമാണു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. എല്ലാത്തവണയും തങ്ങളുടെ കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്ന മറുപടിയാണു ലഭിച്ചത്. അവസാന കൂടിക്കാഴ്ചയിലും ഐഎസ് തട്ടിക്കൊണ്ടുപോയവർ ജയിലിലാണെന്നാണു പറഞ്ഞതെന്നും ഗുർപീന്ദർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും കത്തയച്ചെങ്കിലും ഒരു മറുപടി പോലും കിട്ടിയില്ലെന്നും ഗുർപീന്ദർ പറഞ്ഞു.

2014 ജൂണിലാണു താരിഖ നൂർ അൽ ഹുദ എന്ന കമ്പനിയിലെ 40 തൊഴിലാളികളെ ഭീകരസംഘടനയായ െഎഎസ് തട്ടിയെടുത്തത്. അവരിൽ, പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ഹർജിത് മസീഹ് രക്ഷപ്പെട്ടു. മസീഹിനു പുറമേ, ഇറാഖിൽ നിന്നുള്ള പലരും മാധ്യമപ്രവർത്തകരോടും മറ്റും ഇന്ത്യക്കാരുടെ മരണം പലതവണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വ്യക്തമായ തെളിവില്ലാതെ മരണം സ്ഥിരീകരിക്കുന്നതു പാപമാണെന്നും അതു ചെയ്യാനാവില്ലെന്നുമാണു സുഷമ സ്വരാജ് പറഞ്ഞത്.