Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭഗത് സിങ്ങിനെ പാക്കിസ്ഥാന്റെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

bhagat-singh

ലഹോർ∙ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ പാക്കിസ്ഥാന്റെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഭഗത് സിങ്ങിന്റെ 87–ാം ചരമവാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ ആവശ്യം ഉയർന്നത്. 1931 മാർച്ച് 23ന് ഇരുപത്തിമൂന്നാം വയസ്സിൽ ഭഗത് സിങ്ങിനെ രാജ്ഗുരുവിനും സുഖ്ദേവിനുമൊപ്പം ലഹോറിലാണ് തൂക്കിലേറ്റിയത്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ചത്.

ഭഗത് സിങ്ങിന്റെ 87–ാം ചരമവാർഷികം ആഘോഷിക്കാൻ ഭഗത് സിങ് മെമോറിയൽ ഫൗണ്ടേഷൻ (ബിഎസ്എംഎഫ്), ഭഗത് സിങ് ഫൗണ്ടേഷൻ പാക്കിസ്ഥാന്‍ (ബിഎസ്എഫ്പി) എന്നീ സംഘടനകൾ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തൂക്കിലേറ്റപ്പെട്ടവർക്ക് ആദരമർപ്പിച്ചു സംഘടിപ്പിച്ച ചടങ്ങിനെ സിങ്ങിന്റെ കുടുംബാംഗങ്ങളിൽ ചിലർ ഫോണിലൂടെ അഭിസംബോധനയും ചെയ്തു.

മൂന്നു സ്വാതന്ത്ര്യസമര സേനാനികളെ തൂക്കിക്കൊന്നതിൽ ബ്രിട്ടിഷ് രാജ്ഞി മാപ്പുപറയണമെന്ന് ബിഎസ്എംഎഫ് ചെയർമാൻ ഇംതിയാസ് റാഷിദ് ആവശ്യപ്പെട്ടു. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുണ്ട്. സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയർത്തിയ വ്യക്തിയാണ് ഭഗത് സിങ്. മികച്ച സ്വാതന്ത്ര്യസമര സേനാനിയായി അദ്ദേഹം അറിയപ്പെടേണ്ടതുണ്ടെന്ന് ബിഎസ്എഫ്പി സ്ഥാപക പ്രസിഡന്റ് അബ്ദുല്ല മാലിക് പറഞ്ഞു. ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും ദേശീയ നായകന്മാരായി പ്രഖ്യാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.