Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറുമായി ബന്ധപ്പെടുത്തിയ സേവന വിവരങ്ങൾ ഉൾപ്പെടെ ചോർത്താം: ഞെട്ടിച്ച് റിപ്പോർട്ട്

Aadhar Card

ന്യൂഡൽഹി∙ ആധാറിനെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണനയിലിരിക്കെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു. ആധാറിലെ വിവരങ്ങൾ ചോർന്നെന്നും ഇതു തടയാൻ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വിദേശ സാങ്കേതിക വാർത്താ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ റിപ്പോർട്ട് തെറ്റാണെന്നും ആധാർ സുരക്ഷിതമാണെന്നും ആവർത്തിച്ച് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) രംഗത്തെത്തി.

ഒരു സംസ്ഥാനത്തിനു കീഴിലുള്ള കമ്പനിയുടെ ‘സിസ്റ്റ’ത്തിലുണ്ടായ പിഴവാണ് ആധാർ ചോർച്ചയ്ക്കു കാരണമായത്. ആ ഒരൊറ്റ പിഴവു മുതലെടുത്ത് ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ ആധാർ വിവരങ്ങൾ ചോർത്തിയെടുക്കാം. പേരും 12 അക്ക ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെ ഇത്തരത്തിൽ ചോർന്നതായാണു റിപ്പോർട്ട്. ആധാറുമായി ഉപയോക്താവ് ബന്ധപ്പെടുത്തിയിരിക്കുന്ന സേവനങ്ങളുടെ വിവരങ്ങളെല്ലാം ഡൗൺലോഡ് ചെയ്തെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.  

സുരക്ഷാപിഴവ് സംബന്ധിച്ചു ചില സർക്കാർ ഏജൻസികൾക്കു വിവരം നൽകിയെങ്കിലും ഇതുവരെ പരിഹരിക്കാൻ തയാറായിട്ടില്ല. എന്നാൽ ഏതു കമ്പനിയിൽ നിന്നാണു വിവരങ്ങൾ ചോർന്നതെന്ന കാര്യം വെബ്സൈറ്റ് പുറത്തുവിട്ടിട്ടില്ല. ആധാർ നമ്പരുള്ള ആരെ വേണമെങ്കിലും ബാധിക്കാവുന്ന പ്രശ്നമാണിതെന്ന് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സുരക്ഷാവിദഗ്ധൻ കരൺ സൈനി പറയുന്നു.

‘സുരക്ഷാപാളിച്ചയാണിത്. ഉപയോക്താവിന്റെ സഹായമില്ലാതെ, അയാൾ പോലുമറിയാതെ, വിവരങ്ങൾ ആർക്കും തട്ടിയെടുക്കാനാകും. ആപ്ലിക്കേഷൻ പ്ലോഗ്രാമിങ് ഇന്റർഫേസ്(എപിഐ) ലൊക്കേറ്റ് ചെയ്തിരിക്കുന്ന യുആർഎൽ(യുണിഫോം റിസോഴ്സ് ലൊക്കേറ്റർ) മാത്രം അറിഞ്ഞാൽ മതി. ഇതിനാകട്ടെ വെറും 20 മിനിറ്റ് മതി’– സൈനി പറയുന്നു. 

എന്നാൽ റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് യുഐഡിഎഐ പ്രതികരിച്ചു. ഒരു തരത്തിലുള്ള ‘വിവര ചോർച്ച’യും ആധാറിൽ ഉണ്ടായിട്ടില്ല. ഇപ്പോഴും അതിലെ വിവരങ്ങളെല്ലാം സുരക്ഷിതമാണ്. അഥവാ ചോർന്നെങ്കിൽ തന്നെ അത് പ്രസ്തുത കമ്പനിയുടെ ഡേറ്റബേസ് ആയിരിക്കും. അതിന്  യുഐഡിഎഐയുടെ കീഴിലുള്ള ഡേറ്റയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും ആധാർ അധികൃതർ വ്യക്തമാക്കി.

ആധാർ നമ്പർ മാത്രം ലഭിച്ചാൽ അതുകൊണ്ട് തട്ടിപ്പുകാർക്ക് ഒരുപകാരവും ഉണ്ടാകില്ല. വിരലടയാളം, നേത്രപടലം (ഐറിസ്) സ്കാനിങ്, ഒടിപി തുടങ്ങിയ സുരക്ഷിത മാർഗങ്ങളിലൂടെ മാത്രമേ വിവരങ്ങൾ ശേഖരിക്കാനാകൂ. സാമ്പത്തിക തട്ടിപ്പു പോലും സാധിക്കില്ലെന്നും യുഐഡിഎഐ വ്യക്തമാക്കുന്നു. 

ഇന്ത്യയിൽ 110 കോടി പേർക്ക് ആധാർ ഉണ്ടെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ ഡേറ്റബേസ് ആണിതെന്നും വിലയിരുത്തപ്പെടുന്നു. വിവിധ സർക്കാർ സേവനങ്ങൾക്കുൾപ്പെടെ ആധാർ നിർബന്ധമാക്കിയതിനെതിരെ ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞദിവസം  യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ ആധാറിന്റെ സുരക്ഷ സംബന്ധിച്ച പവർ പോയിന്റ് അവതരണവും സുപ്രീംകോടതിയിൽ നടത്തിയിരുന്നു. ഭൂമിയിലെ ഏറ്റവും കരുത്തുറ്റ കംപ്യൂട്ടറിനു പോലും ആധാർ ഡേറ്റ ചോർത്തണമെങ്കിൽ പ്രപഞ്ചം രൂപപ്പെടാനെടുത്ത സമയത്തേക്കാളും ഏറെ വേണമെന്നാണ് ഭൂഷൺ പാണ്ഡെ അവകാശപ്പെട്ടത്.