Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിൽ ഹിന്ദുക്കളെ ‘ഒന്നിപ്പിക്കാൻ’ ബിജെപി വക രാമനവമി റാലി; ബദൽറാലിയുമായി തൃണമൂൽ

RamNavami-Rally-Bengal ബംഗാളിലെ രാമനവമി റാലിയിൽനിന്ന്. (ട്വിറ്റർ ചിത്രം)

കൊൽക്കത്ത∙ രാമനവമി ദിനമായ ഞായറാഴ്ച ബംഗാളിലെങ്ങും റാലികളും വർണശബളമായ ഘോഷയാത്രകളും സംഘടിപ്പിച്ചു ബിജെപിയുടെയും തൃണൂമൂൽ കോൺഗ്രസിന്റെയും ‘രാഷ്ട്രീയ യുദ്ധം’. ബംഗാളിലെ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ആദ്യ നീക്കമെന്ന വിശേഷണത്തോടെയാണു ബിജെപി സംസ്ഥാന ഘടകം ബംഗാളിലെങ്ങും രാമനവമി റാലികൾ സംഘടിപ്പിച്ചത്. ഇതോടെ ബംഗാളിന്റെ ചരിത്രത്തിലാദ്യമായി രാമനവമി റാലികളുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.

മഹാനവമി റാലിയും മറ്റു ഹൈന്ദവ ഉൽസവങ്ങളും ബിജെപിയുടെ കുത്തകയല്ല എന്നു തെളിയിക്കുന്നതിനായിരുന്നു ഇത്. ബംഗാൾ ജനതയെ രാമനവമി ദിനത്തിന്റെ പേരിൽ വർഗീയമായി വേർതിരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനാണു തങ്ങൾ റാലികളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നതെന്നും തൃണമൂൽ വ്യക്തമാക്കി.

പതിവുള്ളതുപോലെ ഇക്കുറി ആയുധങ്ങളുമായി റാലി നടത്താൻ അനുവദിക്കില്ലെന്നു ബിജെപിയെ ഉദ്ദേശിച്ചു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. പാരമ്പര്യമെന്ന ഘടകം ചൂണ്ടിക്കാട്ടി ഈ നിർദ്ദേശത്തെ എതിർത്തു ബിജെപി സംസ്ഥാന ഘടകവും രംഗത്തെത്തിയതോടെ വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് ഇത്തവണ റാലികൾ സംഘടിപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തങ്ങൾ നടത്തിയ റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തതായി ബിജെപി സംസ്ഥാന ഘടകം അവകാശപ്പെട്ടു. ഹിന്ദുവിരുദ്ധത മുഖമുദ്രയാക്കിയ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ സംസ്ഥാനത്തെ ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ആദ്യ ശ്രമമാണു രാമനവമി റാലികളെന്നും ബിജെപിയുടെ ബംഗാളിലെ അധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി.

മുതിർന്ന ബിജെപി നേതാക്കളായ മുകുൾ റോയി, സായന്തൻ ബസു തുടങ്ങിയവരെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ രാമനവമി റാലിയിൽ പങ്കാളികളായി. ഇതിനു മറുപടിയായി മുതിർന്ന നേതാക്കളെ അണിനിരത്തിയായിരുന്നു തൃണമൂലിന്റെയും രാമനവമി റാലികൾ. മുതിർന്ന മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സദൻ പാണ്ഡെ തുടങ്ങിയവർ തൃണമൂൽ റാലികളിലും പങ്കെടുത്തു.

തൃണമൂൽ കോൺഗ്രസ് പോലും രാമനവമി ആഘോഷിക്കാൻ മുന്നിട്ടിറങ്ങുന്നതു തങ്ങളുടെ ഹിന്ദുത്വ അജൻഡയുടെ വിജയമാണെന്നു ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ അവകാശപ്പെട്ടു. ബംഗാളിൽ മാറ്റം അനിവാര്യമാണ് എന്നതിന്റെ തെളിവാണു മമത ബാനർജിയുടെ പാർട്ടി പോലും രാമനവമി ആഘോഷിക്കുന്നതും റാലികൾ സംഘടിപ്പിക്കുന്നതും. ഹിന്ദുത്വത്തിനു മുന്നിൽ മമത മുട്ടുമടക്കിയതിന്റെ തെളിവാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.

related stories