Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിക്കെതിരെ ഉണ്ടായത് കൂട്ടമാനഭംഗം, നീലച്ചിത്രം പകർത്താനും ശ്രമം: പ്രോസിക്യൂഷൻ

Actor Dileep ദിലീപ്.

കൊച്ചി∙ നടൻ ദിലീപ് പ്രതിയായ, യുവനടിക്കെതിരായ ആക്രമണത്തിൽ കൂട്ടമാനഭംഗമാണ് ഉണ്ടായതെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ശേഷം ആ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് ക്രൂരമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇരയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാവുന്ന സംഭവമാണിത്. പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണു മെമ്മറി കാർഡിലുള്ളത്. അതുകൊണ്ടുതന്നെ ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ആവശ്യം ക്രൂരമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

ദൃശ്യങ്ങളും രേഖകളും പ്രതിഭാഗം നേരത്തെ പരിശോധിച്ചിട്ടുള്ളതാണ്. മാധ്യമങ്ങളിൽ ചർച്ചയാക്കുന്നതിനാണ് പ്രതിഭാഗം ആവർത്തിച്ച് ദൃശ്യങ്ങളാവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ല. ദൃശ്യങ്ങളില്ലാതെതന്നെ കേസ് തെളിയിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതിനിടെ, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ എന്തിനാണെന്നു പ്രതിഭാഗത്തിന്റെ വാദത്തിനിടെ ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. ദൃശ്യങ്ങൾ കോടതിയിൽവച്ചു പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു.

എന്നാൽ, ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നതായി സംശയമുണ്ടെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി. വിഡിയോയിൽ സ്ത്രീ ശബ്ദമുണ്ട്. അതാരുടേതാണെന്നു പരിശോധിച്ചിട്ടില്ല. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്. പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മിൽ വ്യത്യാസമുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ദൃശ്യങ്ങളുടെ പകർപ്പിനായി അങ്കമാലി കോടതിയെയാണു ദിലീപ് ആദ്യം സമീപിച്ചത്. കോടതി ഹർജി തള്ളിയതിനെ തുടർന്നു ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡും ശബ്ദരേഖയും കിട്ടിയില്ലെങ്കിൽ വിചാരണ ഏകപക്ഷീയമാകുമെന്നാണു ദിലീപിന്റെ വാദം. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം സംശയാസ്പദമാണെന്നും ദിലീപ് വാദിക്കുന്നു.

അതേസമയം, വൈദ്യ പരിശോധനാ റിപ്പോർട്ടുകൾ അടക്കം പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമർപ്പിക്കാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും പ്രതിഭാഗത്തിനു നൽകുകയും ചെയ്തിരുന്നു.