Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാർഥ രാഷ്ട്രീയത്തിന് സിദ്ധരാമയ്യ മതമൈത്രി തകർക്കുന്നു: അമിത് ഷാ

Amit-Shah-in-Karnataka-Siddhaganga-Mutt ബിജെപി അധ്യക്ഷൻ അമിത് ഷാ തുംകൂരിൽ സിദ്ധഗംഗ മഠത്തിലെത്തി ശ്രീ ശിവകുമാര സ്വാമിയുടെ അനുഗ്രഹം തേടിയപ്പോൾ. ചിത്രം: ട്വിറ്റർ

ബെംഗളുരു∙ രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാനത്തെ മതമൈത്രി നശിപ്പിക്കുകയാണു മുഖ്യമന്ത്രി സിദ്ധരാമയ്യയെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ദ്വിദിന പ്രചാരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

എല്ലാ സമുദായങ്ങളും മൈത്രിയോടെ കഴിയുന്ന പൂന്തോട്ടം എന്നാണ് ജ്ഞാനപീഠം ജേതാവായ കുവെംപ് കർണാടകയെ വിശേഷിപ്പിച്ചത്. എന്നാൽ സ്വാർഥ രാഷ്ട്രീയത്തിനായി സിദ്ധരാമയ്യ ഈ മതമൈത്രി ഇല്ലാതാക്കുകയാണ്. ചില സമുദായങ്ങളെ മറ്റുള്ളവയുടെ മുകളിൽ പ്രതിഷ്ഠിക്കുകയാണ്. ഇതിന് അദ്ദേഹം വലിയ വില കൊടുക്കേണ്ടി വരും – അമിത് ഷാ പറഞ്ഞു. കുവെംപ് സ്മാരകം സന്ദർശിച്ച ശേഷമായിരുന്നു ഷായുടെ പ്രതികരണം.

സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി ഷാ, ആത്മീയ ആചാര്യന്മാരെയും പൊതുജനങ്ങളെയും കണ്ടു. തുംകൂരിൽ സിദ്ധഗംഗ മഠത്തിലെത്തി ലിംഗായത്ത് സമുദായ ആചാര്യൻ ശ്രീ ശിവകുമാര സ്വാമിയുടെ അനുഗ്രഹം തേടി. ‘നടക്കുന്ന ദൈവത്തിന്റെ’ അനുഗ്രഹം തേടാൻ ഭാഗ്യമുണ്ടായെന്നായിരുന്നു ഷായുടെ ട്വീറ്റ്. സിദ്ധരാമയ്യ സർക്കാർ മത ന്യൂനപക്ഷ പദവി അനുവദിച്ച ലിംഗായത്ത് സമുദായത്തെ കയ്യിലെടുക്കുകയായിരുന്നു ലക്ഷ്യം. രാഷ്ട്രീയത്തിലും വോട്ടുബാങ്കിലും ശക്തരാണു ലിംഗായത്തുകൾ. വൈകിട്ട് ഷാ ഷിമോഗയിൽ ബെക്കിനകൽ മഠം സന്ദർശിക്കും.

Amit-Shah-in-Karnataka കുവെംപ് സ്മാരകത്തിൽ പുഷ്പാർച്ച നടത്തിയ ശേഷം പ്രാർഥിക്കുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ. ചിത്രം: ട്വിറ്റർ

കർഷകരുടെയും വ്യാപാരികളുടെയും യോഗങ്ങളിലും പാർട്ടി പരിപാടികളിലും റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു. ചൊവ്വാഴ്ച മദാര ചെന്നയ്യ മഠം സന്ദർശിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക സന്ദർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആത്മീയകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.