Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

jacob-thomas ജേക്കബ് തോമസ്

ന്യൂഡൽഹി∙ ഹൈക്കോടതിയിലെ കോടതിയലക്ഷ്യ നടപടി റദ്ദാക്കണമെന്ന ഡിജിപി ജേക്കബ് തോമസിന്‍റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി. അടുത്ത തിങ്കളാഴ്ച മാത്രമേ ഹര്‍ജി പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. അടിയന്തര സാഹചര്യമുണ്ടെന്ന അഭിഭാഷകന്‍റെ വാദം തള്ളിയ കോടതി, നടപടി ക്രമങ്ങള്‍ പാലിക്കാതെ ഹൈക്കോടതിക്കു ജേക്കബ് തോമസിനെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ലല്ലോയെന്നും ചോദിച്ചു. അടുത്ത തിങ്കളാഴ്ച തന്നെയാണ് ഹൈക്കോടതിയും കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നത്.

ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാർക്കെതിരെ അപകീർത്തികരമായ പരാമർശമുൾപ്പെടുത്തി കേന്ദ്ര വിജിലൻസ് കമ്മിഷണർക്കു പരാതി നൽകിയതിനാണു ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയാരംഭിച്ചത്. ജേക്കബ് തോമസിനു സ്പീഡ് പോസ്റ്റ് മുഖേന നോട്ടിസ് പുറപ്പെടുവിച്ച കോടതി, ഏപ്രിൽ രണ്ടിനു നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്.

തനിക്കെതിരെ രണ്ടു ജഡ്ജിമാർ നിരന്തരം വിമർശനം നടത്തിയതിനും കഴിഞ്ഞ ഒരു വർഷത്തിനിടെ അഴിമതിക്കേസുകൾ വിജിലൻസ് എഴുതിത്തള്ളിയതിനും പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് കേന്ദ്ര വിജിലൻസ് കമ്മിഷണർക്കു പരാതി നൽകിയത്. അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട തന്നെ പീഡിപ്പിക്കാനും നിശബ്ദനാക്കാനും ശ്രമം നടന്നുവെന്ന് ജേക്കബ് തോമസ് പരാതിയിൽ പറഞ്ഞിരുന്നു.

താൻ അന്വേഷിച്ചതോ അന്വേഷണ ഭാഗമായതോ ആയ അഴിമതിക്കേസുകൾ അവസാനിപ്പിക്കുകയോ എഴുതിത്തള്ളുകയോ ചെയ്തു. 2017 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു ഹൈക്കോടതിയിൽനിന്നു രൂക്ഷവിമർശനം ഉണ്ടായത്. ഏപ്രിൽ ഒന്നിനു വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റി. ആ കേസുകൾക്ക് എന്തു സംഭവിച്ചെന്നു പരിശോധിക്കണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ഉന്നതർക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചതിനാലാണു തനിക്കെതിരെ ഗൂഢാലോചന നടന്നത്.

പാറ്റൂർ കേസ് അന്വേഷിക്കാൻ ലോകായുക്തയാണു തന്നെ ചുമതലപ്പെടുത്തിയത്. പരാതി നിലനിൽക്കെ തന്നെ പാറ്റൂരിലെ നിർമാണം പൂർത്തിയായി. കോടികളുടെ ലാഭം ആരോപണവിധേയർക്കുണ്ടായി. ലോകായുക്തയുടെ നടപടികളെക്കുറിച്ചു തനിക്കു ലഭിച്ച പരാതി സംസ്ഥാന സർക്കാരിനു കൈമാറിയിരുന്നെന്നും പരാതിയിൽ പറയുന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.