Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫ് വന്നിട്ടും ശരിയായില്ല; ‘പൊടിഞ്ഞുപോകുമോ’ എക്സൽ ഗ്ലാസ് ഫാക്ടറി ?

സനു തിരുവാർപ്പ്
alappuzha-glass-factorry ആലപ്പുഴ എക്സൽ ഗ്ളാസ് ഫാക്ടറി. ചിത്രം: മനോരമ

ആലപ്പുഴ∙ 'എൽഡിഎഫ് വരും, എക്സൽ ഗ്ളാസ് ഫാക്ടറി തുറക്കും', 2016 മേയിലെ തിരഞ്ഞെടുപ്പു  പ്രചാരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് സമൂഹമാധ്യമത്തിലെ തന്റെ പേജിൽ ഷെയർ ചെയ്ത വിഡിയോയിലെ വാഗ്ദാനമാണിത്. ഭരണത്തിൽ വന്നാൽ ഫാക്ടറി തുറക്കുമെന്ന  വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും ഭരണത്തിലേറി രണ്ടുവർഷം പിന്നിട്ടിട്ടും കാര്യങ്ങള്‍ ഒന്നു ശരിയായില്ല. ഉപയോഗശൂന്യമായതിനാൽ ഇനി പൊട്ടിച്ചു കളയാൻ മാത്രം പറ്റുന്ന എട്ടുകോടിയുടെ കുപ്പികളാണ് കാടുകയറിയ ഫാക്ടറിയിൽ കെട്ടിക്കിടക്കുന്നത്.

മിനിറ്റിൽ 150 കുപ്പി വീതം നിർമിക്കാൻ ശേഷിയുള്ള അഞ്ചു യന്ത്രങ്ങൾ ഉൾപ്പെടെയുള്ള കോടിക്കണക്കിന് ഉപകരണങ്ങൾ തുരുമ്പെടുത്തു നശിക്കുന്ന ഫാക്ടറിയും അവിടുത്തെ തൊഴിലാളികളും ആലപ്പുഴയുടെ ദുരിത കാഴ്ചയാണ്. വിശപ്പുരഹിത നാടിനുവേണ്ടി സിപിഎം ആരംഭിച്ച ജനകീയ ഭക്ഷണശാലയുടെ വിളിപ്പാടകലെയാണു നൂറുകണക്കിനു തൊഴിലാളികളും അവരുടെ കുടുംബങ്ങളും കടവും പട്ടിണിയുമായി കഴിയുന്നത്. 

നൂറുക്കണക്കിനു തൊഴിലാളികള്‍ക്കു നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന സ്ഥാപനം പൂട്ടിയിട്ടു നാളേറെയായി. ഇടക്കാലത്തു ഫാക്ടറി തുറക്കാനായി തോമസ് ഐസക് മുൻകൈ എടുത്തു. ഉടമകൾക്ക് വായ്പ അനുവദിച്ചെങ്കിലും പ്രവർത്തനം തുടങ്ങി വൈകാതെ കമ്പനി വീണ്ടും പൂട്ടി. വായ്പയെടുത്ത് അടുത്തകാലത്തു വാങ്ങിയ കോടിക്കണക്കിനു രൂപ വില മതിക്കുന്ന ആധുനിക യന്ത്രങ്ങളും തുരുമ്പ് കയറിത്തുടങ്ങി.

സിലിക്കാ മണലും ഗ്ലാസ് ഫാക്ടറിയും

ചേർത്തല താലൂക്കിൽ സമൃദ്ധമായി ഉണ്ടായിരുന്ന സിലിക്കാ മണൽ ഗ്ലാസ് നിർമാണത്തിനുപയോഗിക്കാമെന്ന വ്യവസായ മന്ത്രി ടി.വി.തോമസിന്റെ വാക്കുകേട്ടാണു ചലച്ചിത്രനിർമാതാവും സംവിധായകനുമായ കുഞ്ചാക്കോ പാതിരപ്പള്ളിയിലെ ഉദയാ സ്റ്റുഡിയോയോടു ചേര്‍ന്ന സ്ഥലത്ത് 1973 ല്‍ ഒരു കോടി രൂപയോളം ചെലവിട്ടു ഗ്ളാസ് ഫാക്ടറി ആരംഭിച്ചത്. കേരളത്തിൽ പുനരുപയോഗത്തിനായി പഴയ കുപ്പികൾ വിലയ്ക്കു വാങ്ങിയിരുന്ന ഏക ഫാക്ടറിയാണിത്‌. നിരവധി പ്രമുഖ കമ്പനികൾക്ക്‌ ഓർഡർ പ്രകാരം കുപ്പികൾ നൽകിയിരുന്നതും ഇവിടെനിന്നാണ്‌. കേരളത്തിലെ ഏക ഗ്ലാസ് വ്യവസായ സ്‌ഥാപനമായിരുന്നു എക്‌സൽ ഗ്ലാസ്സസ് ലിമിറ്റഡ്‌.

‘ആരോമലുണ്ണി’, ‘പാലാട്ട് കോമൻ’, ‘ഭാര്യ’, ഒരു കാലഘട്ടത്തിലെ ഹിറ്റ് ചിത്രങ്ങളായിരുന്നു ഇവ. വിതരണം എക്സൽ പ്രൊഡക്ഷൻസ്. ഉദയായുടെ ചരിത്രത്തിൽ റെക്കോർഡുകൾ ഭേദിച്ച ‘ആരോമലുണ്ണി’യെന്ന ചിത്രത്തിന്റെ ലാഭത്തിൽനിന്നാണ് എക്‌സൽ ഗ്ലാസ് ആരംഭിച്ചതെന്നൊക്കെ ആലപ്പുഴയിലെ പഴങ്കഥകളാണ്. ഉടമസ്ഥത മാറിമറിഞ്ഞെങ്കിലും അതേ പേരുവഹിക്കുന്ന കമ്പനിക്ക് എട്ടുനിലയിൽ പൊട്ടാനായിരുന്നു യോഗം.

alappuzha-glass-factory–thomas-isaac

സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ഏറ്റെടുത്ത സ്ഥാപനം ഏറെക്കാലം ലാഭത്തിലായിരുന്നു. വൻതോതിൽ ഉൽപാദനം നടക്കുകയും ചെയ്തിരുന്നു. പഴയ കുപ്പികൾക്കു നല്ല വില നൽകി ഫാക്ടറി വാങ്ങിക്കൂട്ടുകയും ചെയ്തു. പുനരുപയോഗത്തിനായി കുപ്പികൾ വാങ്ങിയിരുന്ന ഫാക്ടറി ഇത്തരത്തിൽ നിരവധി തൊഴിലവസരങ്ങള്‍ക്കും കാരണമായി. ബോബൻ കുഞ്ചാക്കോയ്ക്കാണ്‌ ആദ്യം നടത്തിപ്പ്‌ അവകാശമെങ്കിലും പിന്നീട്‌ സർക്കാർ ഏറ്റെടുത്ത് സൊമാനിയ ഗ്രൂപ്പിനു കൈമാറി. മുംബൈ ആസ്ഥാനമായ സൊമാനി ഗ്രൂപ്പിനു സംസ്ഥാന സർ‌ക്കാർ ഈ ഫാക്ടറി കൈമാറി കുറച്ചുകാലം കഴിഞ്ഞതോടെ കമ്പനിയുടെ കഷ്ടകാലവും ആരംഭിച്ചു.

തീരാത്ത ദുരിതകാലം

ലോക്കൗട്ടിനു പിന്നാലെ ഫർണസ്, റീ ജനറേറ്റർ എന്നിവയ്‌ക്കു കേടു വന്നതിനെത്തുടർന്ന് 2008 മുതൽ ഫാക്ടറി പ്രവർത്തിക്കാതായി. മൂന്നര വർഷത്തിനുശേഷം കെഎസ്‌ഐഡിസിയുടെയും കെഎഫ്‌സിയുടെയും സഹായത്തിൽ 14.50 കോടി രൂപ വായ്‌പ ലഭിച്ചതോടെ ഇവ പുനർനിർമിച്ചു. ഈ കാലയളവിൽ കെഎസ്‌ഇബിക്കു കമ്പനി നൽകേണ്ടിയിരുന്ന 1.93 കോടി രൂപ സർക്കാർ എഴുതിത്തള്ളി. 2011 ൽ കമ്പനി പ്രവർത്തനം പുനഃരാരംഭിച്ചു. 2012 ഡിസംബർ ഒൻപതിനു വീണ്ടും പൂട്ടുവീണു. അസംസ്കൃത വസ്തുവായ സിലിക്ക മണല്‍ ലഭ്യമല്ലെന്ന കാരണമായിരുന്നു അധികൃതർ പറഞ്ഞത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു ഫാക്ടറി തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇടതുപക്ഷ മുന്നണി വാഗ്ദാനം ചെയ്തിരുന്നു. 29 വര്‍ഷത്തിനിടെ മൂന്നുതവണ സ്ഥാപനം അടച്ചുപൂട്ടി. ഓരോ തവണയും സര്‍ക്കാർ,  അര്‍ധസര്‍ക്കാർ സാമ്പത്തിക സഹായത്തോടെ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും. വീണ്ടും പല കാരണങ്ങളാൽ പൂട്ടുവീഴും. സോളാര്‍ പാനല്‍ നിര്‍മാണ ഫാക്ടറിയാക്കി മാറ്റാനുള്ള സാധ്യതാപഠനത്തിനു സംസ്ഥാന ബജറ്റില്‍ 25 ലക്ഷം രൂപ നീക്കിവച്ചെങ്കിലും നടപടികൾ മുന്നോട്ടു പോയില്ല.

സൊമാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എക്സല്‍ ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു ധനമന്ത്രി കഴിഞ്ഞവർഷം വാഗ്ദാനം നൽകിയിരുന്നു. കമ്പനി അനന്തമായി അടച്ചിടാനുള്ള സൊമാനിയുടെ തന്ത്രം അനുവദിക്കില്ലെന്നും തോമസ് ഐസക് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിനു വർഷമൊന്ന് കഴിഞ്ഞിട്ടും അനക്കമുണ്ടായില്ല. എക്‌സല്‍ ഗ്ലാസ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മുൾപ്പടെയുള്ളവർ സമരരംഗത്തുണ്ട്.

ഒത്തുകളിയാണ് ഇതിനു പിന്നിലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എല്ലാ സംഘടനകളിലുമുള്ളവർ എക്സൽ ജനകീയ കൂട്ടായ്മയെന്ന പേരിൽ സമര രംഗത്തുണ്ട്. കടബാധ്യത ഉള്‍പ്പടെയുള്ള നിലവിലെ നിയമ പ്രശ്നങ്ങളാണു കമ്പനി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം വൈകാന്‍ കാരണമെന്ന് അധികൃതർ പറയുന്നു. പാതിരപ്പള്ളിയിലെ 16 ഏക്കര്‍ സ്ഥലവും ഫാക്ടറിയും ഈടുവച്ചാണു വായ്പ നല്‍കിയത്. അതുകൊണ്ടുതന്നെ ഏറ്റെടുക്കുന്നതിനു സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാണെന്നാണു ജനകീയ കൂട്ടായ്മയുടെ പക്ഷം.