Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി നഗരസഭയിൽ നാടകീയ രംഗങ്ങൾ; മേയർക്കു നേരെ സിപിഎം കൗൺസിലറുടെ കയ്യേറ്റ ശ്രമം

Cochin Mayor Soumini Jain കൊച്ചി മേയർ സൗമിനി ജെയിൻ. (ഫയൽ ചിത്രം)

കൊച്ചി∙ നഗരസഭ കൗൺസിൽ യോഗം കഴിഞ്ഞു മടങ്ങിയ മേയർക്കെതിരെ പ്രതിപക്ഷത്തെ വനിത കൗൺസിലറുടെ കയ്യേറ്റ ശ്രമം. ബജറ്റ് ചർച്ചയ്ക്കായി കൂടിയ യോഗം പൂർത്തിയാക്കി കൗൺസിൽ ഹാളിൽ നിന്നു ചേംബറിലേക്കു മടങ്ങിയ മേയർ സൗമിനി ജെയിനെ തടയാൻ ശ്രമിച്ച സിപിഎം കൗൺസിലർ സുനില സെൽവൻ മേയർ അണിഞ്ഞിരുന്ന ഔദ്യോഗിക ഗൗൺ പിടിച്ചു വലിക്കുകയായിരുന്നു. ഇതിൽ നിന്നു രക്ഷപ്പെട്ടു ചേംബറിലെത്തിയ മേയർക്കു പിന്നാലെ രോഷത്തോടെ സുനിലയും എത്തിയെങ്കിലും  ഭരണപക്ഷ കൗൺസിലർമാർ പ്രതിരോധം തീർത്തു.

തുടർന്നു ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ചേംബറിലും വാക്കേറ്റമായി. മേയർക്കു നേരെയുള്ള കയ്യേറ്റ ശ്രമത്തിനു സാക്ഷിയായ ബിജെപി കൗൺസിലർ സുധ ദിലീപ് കുമാറും മേയർക്കൊപ്പം നിലകൊണ്ടു. സംഭവമറിഞ്ഞെത്തിയ പൊലീസ് മേയറിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. യുഡിഎഫ് കൗൺസിലർമാരുടെ കൂട്ടായ ആവശ്യത്തെ തുടർന്നു മേയറോട് അപമര്യാദയായി പെരുമാറിയ കൗൺസിലർക്കെതിരെ പൊലീസിൽ പരാതി നൽകി. 

വോട്ടിനിടാതെ ബജറ്റ് പാസ്സാക്കിയതായി പ്രഖ്യാപിച്ച മേയറുടെ നടപടിക്കെതിരായായിരുന്നു പ്രതിഷേധമെന്നാണു  പ്രതിപക്ഷ നിലപാട്. എന്നാൽ പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടിട്ടില്ലെന്നും വോട്ടെടുപ്പ് നടന്നാൽ തന്നെ ഭരണപക്ഷത്തിനു വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന കാര്യം പ്രതിപക്ഷത്തിനും വ്യക്തമായിരുന്നെന്നും  മേയറും ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദും വ്യക്തമാക്കി. വോട്ടിനിടാതെ ബജറ്റ് പാസാക്കിയതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നൽകുമെന്നു പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചു.

related stories