Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുകൾ മുഴുവൻ കർണാടകയിലേക്ക്; പുതു ദേശീയസഖ്യങ്ങള്‍ക്കു കളമൊരുങ്ങും

Siddaramaiah-yeddyurappa-devegowda

ന്യൂഡൽഹി∙ തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വിധിയെഴുത്തായി മാറുന്ന കാഴ്ചയാണു കർണാടകയിലേത്. ദേശീയ കക്ഷികളായ ബിജെപിക്കും കോൺഗ്രസിനും ജനതാദൾ സെക്യുലറിനും ഒരുപോലെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഈ വർഷം ഇനി നടക്കാനിരിക്കുന്ന നാലു നിയമസഭാ തിരഞ്ഞെടുപ്പുകളെ മാത്രമല്ല, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെയും ഈ ജനവിധി സ്വാധീനിച്ചുവെന്നു വരാം. ഈ തിരഞ്ഞെടുപ്പു ദേശീയതലത്തിൽ സഖ്യങ്ങളും ധാരണകളും നീക്കുപോക്കുകളും രൂപപ്പെടുന്നതിനു തുടക്കംകുറിക്കും.

2019 ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കേണ്ട ലോക്സഭാ തിരഞ്ഞെടുപ്പു നേരത്തേയാക്കാനും ഈ തിരഞ്ഞെടുപ്പുഫലം കാരണമായേക്കാം. ഈ വർഷം അവസാനത്തോടെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഇവിടെയെല്ലാം ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന സ്ഥിതിയാണ്. കർണാടകയിൽ പക്ഷേ, കുറെ മണ്ഡലങ്ങളിലെങ്കിലും ജനതാദൾ–എസ് ശക്തമാണ്. അവിടെയൊക്കെ ത്രികോണ മത്സരമായിരിക്കും കാണുക.

കർണാടകയിൽ മൂന്നു വിധത്തിലുള്ള തിരഞ്ഞെടുപ്പു ഫലത്തിനാണു സാധ്യത. ഒന്ന് – കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരം നിലനിർത്തുക. രണ്ട് – കോൺഗ്രസിനെ പരാജയപ്പെടുത്തി വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുക. മൂന്ന് – ആർക്കും ഭൂരിപക്ഷമില്ലാത്ത ത്രിശങ്കു നിയമസഭ വരിക. അങ്ങനെ വന്നാൽ ജനതാദൾ–എസ് ആയിരിക്കും ആരു മന്ത്രിസഭയുണ്ടാക്കണം എന്നു തീരുമാനിക്കുക.

കർണാടകയിൽ വീണ്ടും അധികാരത്തിലെത്താം എന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം വരുന്ന വലിയൊരു സംസ്ഥാന തിരഞ്ഞെടുപ്പാണിത്. കോൺഗ്രസ് ഭരണത്തിലിരിക്കുന്ന നാലു സംസ്ഥാനങ്ങളിൽ പഞ്ചാബും കർണാടകയും മാത്രമാണു വലിയ സംസ്ഥാനങ്ങൾ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സംബന്ധിച്ചിടത്തോളം അധികാരം നിലനിർത്താൻ കഴിഞ്ഞാൽ അതു ചരിത്രവിജയമായിരിക്കും. 1985നു ശേഷം, ഭരിക്കുന്ന കക്ഷി അധികാരത്തിൽ തിരിച്ചുവന്ന ചരിത്രം കർണാടകത്തിലില്ല.

കർണാടകയിൽ വിജയിക്കാൻ കഴിഞ്ഞാൽ അതു കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനും തുടക്കംകുറിക്കും. മറ്റു നാലു സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ശക്തമായി പോരാടാനുള്ള ആത്മവിശ്വാസം പകരും. മാത്രമല്ല, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു കൂടുതൽ കരുത്തും ഊർജവും സമ്മാനിക്കുകയും ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിനു ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപംകൊള്ളുകയാണെങ്കിൽ അതിനു കോൺഗ്രസ് നേതൃത്വം നൽകണോ വേണ്ടയോ എന്നതു പോലും കർണാടകയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. കർണാടകയും രാജസ്ഥാനും വിജയിക്കാമെങ്കിൽ കോൺഗ്രസിനെ വിശാലസഖ്യത്തിൽ നിന്നു മാറ്റിനിർത്താൻ ആർക്കും കഴിയാതെ വരും. മറിച്ചാണെങ്കിൽ കോൺഗ്രസിന്റെ സ്ഥിതി കുറെക്കൂടി പരുങ്ങലിലാവുകയും ചെയ്യും.

ബിജെപിക്കാകട്ടെ, കർണാടകയിൽ ജയിക്കേണ്ടത് അഭിമാനപ്രശ്നമാണ്. മോദി തരംഗം ഇപ്പോഴും അസ്തമിച്ചിട്ടില്ല എന്നു തെളിയിക്കാനുള്ള അവസരമാണിത്. കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തിന് ആക്കംകൂട്ടുന്നതാവും കർണാടകയിലെ വിജയം. നരേന്ദ്രമോദി – അമിത് ഷാ കൂട്ടുകെട്ട് ഇപ്പോഴും അജയ്യമായി തുടരുന്നു എന്നു തെളിയിക്കാനും അതുവഴി കഴിയും. 2014ൽ പാരമ്യത്തിലെത്തിയ മോദി മാന്ത്രികത ഇപ്പോഴും തുടരുന്നു എന്നും വ്യക്തമാക്കാനാകും. ബിജെപി കർണാടകയിൽ വിജയിക്കുകയാണെങ്കിൽ ദേശീയതലത്തിൽ കോൺഗ്രസിനെ ഒഴിവാക്കി ഒരു മൂന്നാം മുന്നണിക്ക് അതു വഴിതെളിക്കും.

ഇതാകട്ടെ, ബിജെപിക്കു സഹായകമാവുകയും ചെയ്യും. കാരണം പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാൻ അതിടയാക്കും. ഇപ്പോൾത്തന്നെ മൂന്നാം മുന്നണി നേതാക്കൾ വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി വരികയാണ്. നിലവിലുള്ള സാഹചര്യത്തിൽ ജനതാദൾ എസ്–ബിഎസ്പി സഖ്യം അധികാരത്തിലെത്താനുള്ള ഒരു സാധ്യതയുമില്ല. എന്നാൽ പല മണ്ഡലങ്ങളിലും അവർക്കു കോൺഗ്രസിനെയോ ബിജെപിയെയോ തോൽപിക്കാനാകും. 

related stories