Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാനുള്ള കെണി; പിന്നിൽ‌ മഞ്ജുവും കൂട്ടരും: മാർട്ടിൻ

Dileep-Martin ദിലീപ്, മാർട്ടിൻ ആന്റണി

കൊച്ചി∙ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർക്കും രമ്യ നമ്പീശനും സംവിധായകരായ ലാലിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണവുമായി രണ്ടാം പ്രതി മാർട്ടിൻ ആന്റണി. ഇവർ ചേർന്നു ദിലീപിനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാർട്ടിൻ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരോടായി മാർട്ടിന്റെ പ്രതികരണം. 

‘ലാലും ശ്രീകുമാർ മേനോനും മഞ്ജുവാരിയരും രമ്യനമ്പീശനും ചേർന്ന് ദിലീപിനെ കുടുക്കാനൊരുക്കിയ കെണിയാണ് ഇത്. സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ എന്നെ ഉൾപ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയിൽ ഫ്ലാറ്റും ‘ഒടിയനിൽ’ അവസരവും ലഭിച്ചത്. കുറേ കാര്യങ്ങൾ പറയാനുണ്ട്. കോടതിയിൽ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം’– മാർട്ടിൻ പറഞ്ഞു.

അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്ത സംഭവത്തിൽ 2017 ഫെബ്രുവരി 17നായിരുന്നു കൊരട്ടി പൂവത്തുശേരി മാർട്ടിൻ(24) അറസ്റ്റ് ചെയ്യപ്പെട്ടത്. കേസിൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നതും മാർട്ടിനാണ്.

സംഭവ ദിവസം തൃശൂരിൽനിന്ന് എറണാകുളത്തേക്കു നടി സഞ്ചരിച്ച വാഹനം ഓടിച്ചതു മാർട്ടിനാണ്. നടിയുടെ സഞ്ചാര വിവരങ്ങൾ കേസിലെ മുഖ്യപ്രതി സുനിൽകുമാറിനു ചോർത്തിക്കൊടുത്തതു മാർട്ടിനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, കേസിൽ മാർട്ടിൻ കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്ന തെളിവൊന്നും പൊലീസിന്റെ പക്കലില്ലെന്നാണു പ്രതിയുടെ അഭിഭാഷകന്റെ നിലപാട്. സംഭവത്തിൽ മാർട്ടിൻ നടിയോടൊപ്പം ഉപദ്രവിക്കപ്പെട്ട ഇരയാണെന്നും പ്രതിഭാഗം വാദിച്ചു.

ഈ അവസരത്തിൽ, കുറ്റകൃത്യത്തിൽ മാർട്ടിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ കോടതി അടുത്തിടെ പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയും ചെയ്തു. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ഹർജി പരിഗണിക്കുകയായിരുന്നു അന്ന് കോടതി.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ഏതൊക്കെ രേഖകൾ പ്രതികൾക്കു നൽകാനാകുമെന്ന് അറിയിക്കണമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. രേഖകൾ‍ നൽകാനാകില്ലെങ്കിൽ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷനു നിർദേശം നൽകി. കേസ് പരിഗണിക്കുന്നത് അടുത്തമാസം പതിനൊന്നിലേക്കു മാറ്റി.

കഴിഞ്ഞ ദിവസം കേസു പരിണിക്കവേ ദൃശ്യങ്ങൾ എന്തിനാണ് ആവശ്യപ്പെടുന്നതെന്നു ദിലീപിനോടു ഹൈക്കോടതി ചോദിച്ചിരുന്നു. വിഡിയോയിലെ സ്ത്രീശബ്ദത്തിൽ വ്യത്യാസമുണ്ടെന്നും ആധികാരികത പരിശോധിക്കണമെന്നും ഇതിനു മറുപടിയായി ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. ദൃശ്യങ്ങളുടെ പകർപ്പ് ഉൾപ്പെട്ട മെമ്മറി കാർഡും ശബ്ദരേഖയും  കിട്ടിയില്ലെങ്കിൽ വിചാരണ ഏകപക്ഷീയമാകുമെന്ന് ആരോപിച്ചാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

related stories