Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവനടിയെ ആക്രമിക്കാൻ ഗൂഢാലോചന: ദിലീപിനെതിരെ തെളിവു നൽകാമെന്ന് പ്രതി

Dileep

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപിനെതിരായ തെളിവുകൾ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാൻഡ് പ്രതികളിൽ ഒരാൾ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനിൽകുമാറും (പൾസർ സുനി) ദിലീപും തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ പൊലീസിനു കൈമാറാമെന്നാണ് ഇപ്പോൾ ജയിലിൽ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേന സൂചിപ്പിച്ചത്. തെളിവുകൾ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

Read: Co-accused offers to spill out evidence against Dileep in actress assault case

ഇതിന്റെ മേൽനടപടികൾ സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടും. കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പുസാക്ഷിയാക്കുന്ന കീഴ്‌വഴക്കമില്ലാത്ത സാഹചര്യത്തിലാണ് പ്രതികളിലൊരാളുടെ ഇൗ ‘കൂറുമാറ്റം’ പൊലീസ് രഹസ്യമായി സൂക്ഷിച്ചു നിയമോപദേശം തേടുന്നത്. അടുത്ത ബന്ധുവഴി പ്രതി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കോടതിയിൽ ജാമ്യാപേക്ഷ വരുമ്പോൾ പ്രോസിക്യൂഷൻ എതിർക്കാതിരിക്കുന്നതിനുള്ള തന്ത്രമായാണ് ഇതിനെ പൊലീസ് ആദ്യം കണ്ടത്. എന്നാൽ, പ്രതി പിന്നീടു കൈമാറിയ രഹസ്യവിവരങ്ങൾ പരിശോധിച്ചു നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാണ് അന്വേഷണസംഘം ഇപ്പോഴിതിനെ ഗൗരവത്തോടെ കാണുന്നത്.

കുറ്റപത്രം സമർപ്പിക്കും മുൻപ് പ്രതിക്കു മാപ്പുസാക്ഷിയാവാം

അന്വേഷണസംഘത്തിനു നിർണായക തെളിവുകൾ കൈമാറുന്ന പ്രതികളെ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്ത ശേഷവും പ്രതിപട്ടികയിൽ നിന്നും മാറ്റി മാപ്പുസാക്ഷിയാക്കാൻ ക്രിമിനൽ നടപടി ചട്ടം മജിസ്ട്രേട്ടിനെ അധികാരപ്പെടുത്തുന്നുണ്ട് (സിആർപിസി – 306). എന്നാൽ മറ്റു പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാനുള്ള മറ്റു തെളിവുകൾ ദുർബലമാണെങ്കിൽ മാത്രമേ അന്വേഷണ സംഘം ഈ മാർഗം സ്വീകരിക്കാറുള്ളു.

കുറ്റകൃത്യത്തിൽ ഗുരുതരമായ പങ്കാളിത്തമുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കാൻ കോടതിയും പ്രോത്സാഹിപ്പിക്കാറില്ല. കുറ്റപത്രം സമർപ്പിച്ച ശേഷം പ്രതികളെ മാപ്പുസാക്ഷിയാക്കുന്ന പതിവില്ലാത്തതിനാലാണ് നടിയെ ഉപദ്രവിച്ച കേസിൽ അന്വേഷണസംഘം നിയമോപദേശം തേടുന്നത്.

സുനിൽകുമാറിനു പുറമേ റിമാൻഡിൽ കഴിയുന്ന പ്രതികൾ:

∙ കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയിൽ മാർട്ടിൻ ആന്റണി 

∙ തമ്മനം മണപ്പാട്ടിപറമ്പിൽ മണികണ്ഠൻ

∙ കതിരൂർ മംഗലശേരി വി.പി. വിജേഷ്

∙ ഇടപ്പള്ളി കുന്നുംപുറം പാലിക്കാമ്പറമ്പിൽ സലിം (വടിവാൾ സലിം) 

∙ തിരുവല്ല പെരിങ്ങറ പഴയ നിലത്തിൽ പ്രദീപ് 

∙ പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനിൽ സനിൽകുമാർ (മേസ്തിരി സനിൽ)

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.