Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

600 ജില്ലകൾ, 7 ലക്ഷം ഗ്രാമങ്ങൾ: ഇന്ത്യയുടെ ‘ഡേറ്റാ ഹൃദയം’ കയ്യിലൊതുക്കി സിഎ

CA-Data-Facebook-SCL-India ഇന്ത്യയുടെ വിപുലമായ വിവരങ്ങളാണ് കേംബ്രിജ് അനലിറ്റിക്ക ശേഖരിച്ചിട്ടുള്ളത്. ഇന്ത്യയിൽ കമ്പനിയുടെ ഓഫിസുകൾ എവിടെയെന്നു കാണിക്കുന്ന മാപ്പ്. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ സർക്കാരിനേക്കാൾ വലിയ ‘അധികാരി’. ഒറ്റ ക്ലിക്കിൽ ഇന്ത്യയുടെ ഗ്രാമഹൃദയങ്ങളുടെ മിടിപ്പിറയുന്നവർ. ലോകം ഞെട്ടിത്തരിച്ച കേംബ്രിജ് അനലിറ്റിക്കയുടെ (സിഎ) ഡേറ്റാ ചോർത്തൽ വിവാദത്തിൽ ഇന്ത്യ പൂർണമായി അകപ്പെട്ടിരിക്കുന്നു. സിഎ മുൻ റിസർച് ഡയറക്ടർ ക്രിസ്റ്റഫർ  വൈലിയുടെ വെളിപ്പെടുത്തൽ, രാഷ്ട്രീയക്കാരെ മാത്രമല്ല മുഴുവൻ ഇന്ത്യക്കാരെയും ഞെട്ടിപ്പിക്കുന്നതാണ്.

Christopher-Wylie സിഎ മുൻ റിസർച് ഡയറക്ടർ ക്രിസ്റ്റഫർ വൈലി.

കേംബ്രിജ് അനലിറ്റിക്കയുടെ യുകെ ആസ്ഥാനമായ മാതൃസ്ഥാപനം സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ലാബോറട്ടറീസ്–ഇന്ത്യ (എസ്‌സിഎൽ) ആണ് രാജ്യത്തു പ്രവർത്തിച്ചിരുന്നത്. 2012 വരെയുള്ള വിവരങ്ങളാണു വൈലിയുടേതായി പുറത്തുവന്നത്. എന്നാൽ, കേംബ്രിജ് അനലിറ്റിക്കയിൽ പാർട് ടൈം കോൺട്രാക്ടറായിരുന്നു വൈലിയെന്നാണു കമ്പനി ട്വീറ്റ് ചെയ്തത്. 2014 ജൂലൈയിൽ രാജിവച്ച വൈലിക്ക് അതിനുശേഷം തങ്ങളുടെ ഒരു വിവരവും അറിയില്ലെന്നും സിഎ പറയുന്നു. രണ്ടും ചേർത്തു വായിക്കുമ്പോൾ എത്രയോ ഭീകരമാണു ഡേറ്റാ ചോർത്തലെന്നു മനസ്സിലാകും.

600 ജില്ലകൾ, ഏഴു ലക്ഷം ഗ്രാമങ്ങൾ

എസ്‍സിഎൽ–ഇന്ത്യയ്ക്കു രാജ്യത്തെ 600 ജില്ലകളിലും എഴു ലക്ഷം ഗ്രാമങ്ങളിലും പ്രവർത്തനമുണ്ട്. അതായത് ഇത്രയും പ്രദേശങ്ങളിലെ മുഴുവൻ ഡേറ്റാബേസും കമ്പനിയുടെ കയ്യിൽ ഭദ്രം. ഇവ സമയാസമയം പുതുക്കപ്പെടും. 2016ലെ കണക്കുപ്രകാരം ഇന്ത്യയിൽ 707 ജില്ലകളാണുള്ളത്. ഏതാണ്ട് മുഴുവൻ ജില്ലകളുടെയും സമ്പൂർണ വിവരം സർക്കാരുകളേക്കാൾ കൃത്യമായി, ഇനം തിരിച്ചു കമ്പനിയുടെ കൈവശം ഉണ്ടെന്നു ചുരുക്കം.

Facebook ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ്.

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണു കമ്പനിയുടെ ഇന്ത്യൻ ആസ്ഥാനം. കൃത്യമായി പറഞ്ഞാൽ വിലാസം: 155, നിതി ഖണ്ഡ് 1, ഇന്ദിരാപുരം, ഗാസിയാബാദ്. രാജ്യത്തെ വിവിധ ഇടങ്ങളിലായി 10 പ്രാദേശിക ഓഫിസുകൾ. അഹമ്മദാബാദ്, ബെംഗളൂരു, കട്ടക്ക്, ഗാസിയാബാദ്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊൽക്കത്ത, പാറ്റ്ന, പുണെ എന്നിവിടങ്ങളിലാണു പ്രാദേശിക ഓഫിസുകൾ.

ഓരോ വീടും ‘അരിച്ചുപെറുക്കും’

വിവര വിശകലനം എന്ന് ഒഴുക്കൻ ഭാഷയിൽ പറയാനാവില്ല എസ്‍സിഎൽ പ്രവർത്തനത്തെ. അതിസൂക്ഷ്മമായ വിവരശേഖരമാണ്. എഴു ലക്ഷം ഗ്രാമങ്ങളിലെ പൊതുവിവരങ്ങളല്ല, പ്രാദേശികവും വ്യക്തിഗതവുമായ കാര്യങ്ങൾ പട്ടിക തിരിച്ചാണ് ഒരുക്കിയിട്ടുള്ളത്. ജാതി, മതം തുടങ്ങിയ വിഭജനങ്ങൾ ഉൾപ്പെടുത്തിയുള്ളവയാണ് ഡേറ്റാബേസ്.

ഓരോ വീടിന്റെയും വരെ വിവരങ്ങൾ കമ്പനി ശേഖരിച്ചിരുന്നു എന്നാണു സൈറ്റിൽ പറയുന്നത്. വ്യക്തികളുടെ ഇഷ്ടങ്ങൾ, ആവശ്യങ്ങൾ, രാഷ്ട്രീയ ചായ്‍വ് തുടങ്ങിയ സൂക്ഷ്മവിവരങ്ങളാണ് കമ്പനി ശേഖരിച്ചിരുന്നതും വിറ്റിരുന്നതും. ഉപഭോക്താക്കൾക്ക് (രാഷ്ട്രീയ പാർട്ടികൾ, കമ്പനികൾ) ഓൺലൈൻ മാപ്പിങ് അപ്ലിക്കേഷനുകളിലേക്കു വിവരങ്ങൾ ബന്ധിപ്പിച്ചു കൊടുക്കും. വിവരകൈമാറ്റം മാത്രമല്ല ആവശ്യക്കാർക്കു ആശയവിനിമയ സേവനങ്ങളും കമ്പനി  നൽകിയിരുന്നു.

രാജസ്ഥാൻ തിരഞ്ഞെടുപ്പ്

2003ൽ രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടാണു കമ്പനി കളി തുടങ്ങുന്നത്. പ്രധാന സംസ്ഥാന പാർട്ടി എസ്‍സിഎൽ ഇന്ത്യയുമായി കരാറിലേർപ്പെട്ടെന്നാണ് കമ്പനി പറയുന്നത്. പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുക, സംസ്ഥാനത്തെ ജനങ്ങളുടെ രാഷ്ട്രീയ ഇഷ്ടം മനസ്സിലാക്കുക എന്നീ രണ്ടു കാര്യങ്ങൾക്കാണു സമീപിച്ചത്.

Facebook-Modi-Zuckerberg പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാർക്ക് സക്കർബർഗും.

വിശദമായ അഭിമുഖങ്ങൾ, സർവേകൾ തുടങ്ങിയവയിലൂടെയാണു വസ്തുതകൾ ശേഖരിച്ചത്. ഇവ ‘ബിഹേവിയറൽ ഡൈനാമിക്സ് മെത്തഡോളജി’ ഉപയോഗിച്ചു വിശകലനം ചെയ്തു. ഇതിന്റെ ഫലമനുസരിച്ചാണു പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ തീരുമാനിച്ചത്. കണ്ടെത്തലുകളെ പ്രയോഗത്തിലെത്തിക്കാൻ പാർട്ടിക്കു മറ്റു സഹായവും നൽകി.

മധ്യപ്രദേശ് തിരഞ്ഞെടുപ്പ്

2003ൽ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ഒരു ദേശീയ പാർട്ടിയാണു സമീപിച്ചത്. ചാഞ്ചാടുന്ന വോട്ടർമാരെ കണ്ടുപിടിക്കലും അവരെ ആകർഷിക്കലുമായിരുന്നു ദൗത്യം. ജാതി ഉൾപ്പെടെയുള്ള സർവേ, വിശദമായ അഭിമുഖങ്ങൾ, അഭിപ്രായ വോട്ടെടുപ്പ് തുടങ്ങിയവയിലൂടെയാണ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്

2007ൽ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു പ്രധാന പാർട്ടി സമീപിച്ചു. സമഗ്ര രാഷ്ട്രീയ സർവേ, പാർട്ടി പുനഃസംഘടന, ബൂത്ത് തലം മുതൽ വോട്ടർമാരുടെ സംതൃപ്തി അളക്കൽ തുടങ്ങിയ കാര്യങ്ങളാണു ചെയ്തു കൊടുത്തത്. 2012ലെ യുപി തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടിയാണു സഹായം തേടിയത്.

Cambridge Analytica

2011ലെ തിരഞ്ഞെടുപ്പിനു പ്രമുഖ പാർട്ടിക്കുവേണ്ടി സംസ്ഥാനമൊട്ടാകെ 20 കോടി ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. ജാതി തിരിച്ചുള്ള വീട്ടുവിവരങ്ങൾ ബൂത്തുതലം തിരിച്ചാണു നൽകിയത്. ചാഞ്ചാടുന്ന വോട്ടർമാരെ കണ്ടെത്തി. ഓരോ മണ്ഡലത്തിലും വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങളും ഒരുക്കി.

ബിഹാർ തിരഞ്ഞെടുപ്പ്

2010ൽ ബിഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് (ജെഡിയു) കമ്പനിയെ സമീപിച്ചു. സമ്മതിദായകരെ വിശദമായി പഠിച്ചു തിരഞ്ഞെടുപ്പു തന്ത്രം ഒരുക്കുക എന്നതായിരുന്നു ആവശ്യം. 75 ശതമാനത്തിലധികം വരുന്ന കുടുംബങ്ങളിൽ ഗവേഷണം ന‍ടത്തി. ‘ശരിയായ വോട്ടർമാരെ’ കണ്ടെത്തി. അവർക്കാവശ്യമായ സന്ദേശങ്ങൾ ജാതി തിരിച്ച് എങ്ങനെ എത്തിക്കണമെന്നുള്ള പ്രചാരണവും കമ്പനി വിജയകരമായി നടപ്പാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പ്

2009ൽ ദേശീയ തിരഞ്ഞെടുപ്പിൽ കമ്പനി രാജ്യമെമ്പാടും വ്യാപിച്ചു. ഒട്ടേറെ ലോക്സഭാ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാൻ സമീപിച്ചു. ഏതു തരത്തിലുള്ള പ്രചാരണം വേണം, ഓരോ പ്രദേശത്തും ഏതെല്ലാം വിഷയം പറയണം, എന്തെല്ലാം വാഗ്ദാനങ്ങൾ നൽകണം തുടങ്ങിയ കാര്യങ്ങൾ വരെ സ്ഥാനാർഥികളോടു നിർദേശിച്ചു. തങ്ങളുമായി ബന്ധം സ്ഥാപിച്ച സ്ഥാനാർഥികളെല്ലാം വിജയിച്ചതായി എസ്‍സിഎൽ അവകാശപ്പെടുന്നു.

ഈ തിരഞ്ഞെടുപ്പുകൾ കൂടാതെ, ഡൽഹി, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെയും വോട്ടർമാരുടെയും സ്വഭാവം പഠിക്കാനും പദ്ധതിയുണ്ടായിരുന്നു.

ജാതി ഗവേഷണം, വിശകലനം

പുറമേയ്ക്കു സമ്മതിച്ചില്ലെങ്കിലും ജാതിമത സമവാക്യങ്ങൾ പാലിക്കാൻ മിക്ക രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കാറുണ്ട്, പ്രത്യേകിച്ചും തിരഞ്ഞെടുപ്പുകളിൽ. ഇന്ത്യയിലുള്ളതുപോലെ ജാതി സമ്പ്രദായമോ, ജാതി ശ്രേണികളോ മറ്റു രാജ്യങ്ങളില്‍ കാണാനാവില്ല. സങ്കീർണമായ ജാതി വ്യവസ്ഥയെ കൃത്യമായി മനസ്സിലാക്കാൻ വ്യത്യസ്തമായ സമീപനമാണു കമ്പനി സ്വീകരിച്ചത്. ആരാണ്, എന്താണ് വോട്ടർമാരെ സ്വാധീനിക്കുക എന്നറിയാൻ ജാതിയിലും ഗവേഷണം ആവശ്യമാണെന്ന് എസ്‍സിഎൽ പറയുന്നു.

Election

സമൂഹത്തിലെ ജാതിഘടന, ജാതിയുമായി ബന്ധപ്പെട്ട വികാരവിചാരങ്ങൾ, രാഷ്ട്രീയത്തിലെ ജാതി, തിരഞ്ഞെടുപ്പിൽ ജാതിയുടെ സ്വാധീനം തുടങ്ങി നിരവധി കാര്യങ്ങളാണു ഗവേഷണത്തിൽ ഉൾപ്പെട്ടത്. വിവരങ്ങൾ വിശകലനം ചെയ്തുകിട്ടുന്ന കണ്ടെത്തലുകൾ പാർട്ടികൾക്കോ സ്ഥാനാർഥികൾക്കോ കൈമാറും. പൊതു പ്രചാരണതന്ത്രങ്ങൾക്കു പുറമെ, ജാതി വോട്ടർമാർക്ക് ആവശ്യമായതു ‘കൊടുക്കാനും’ സ്ഥാനാർഥികളെ കമ്പനി സഹായിച്ചു. പാർട്ടികളിലേക്കു സ്വാധീനശക്തിയുള്ള ജാതികളെ അടുപ്പിക്കാനും ശ്രമമുണ്ടായി.

വെബ്സൈറ്റ് പ്രവർത്തനരഹിതം

കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യൻ പങ്കാളി ഒവ്‌ലീൻ ബിസിനസ് ഇന്റലിജൻസിന്റെ (ഒബിഐ) വെബ്‍സൈറ്റ് ഇതിനിടെ പ്രവർത്തനരഹിതമായി. ബിജെപി, കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്) എന്നിവർ ഇടപാടുകാരാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നതിനു പിന്നാലെയാണിത്. ജെഡിയു നേതാവ് കെ.സി.ത്യാഗിയുടെ മകൻ അമ‌്‌റി ജഷ് ത്യാഗിയാണു ഒവ്‌ലീന്റെ മേധാവി. എസ്‍സിഎലുമായി ചേർന്നാണ് ഒബിഐ പ്രവർത്തിച്ചിരുന്നത്. 2010 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു ഒവ്‌ലീൻ എന്നു രേഖകൾ പറയുന്നു. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള ഇവർക്കു 300 സ്ഥിരജീവനക്കാരും 1400 കൺസൽട്ടിങ് ജീവനക്കാരുമുണ്ട്.

related stories