Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിനെതിരെ ചന്ദ്രബാബു നായിഡു; പ്രതിപക്ഷ പാർട്ടികളെ കാണാൻ ഡൽഹിയിലേക്ക്

Chandrababu-Naidu ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

ന്യൂഡൽഹി∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സന്ദർശത്തിനു പിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഡൽഹിയിലേക്ക്. ആന്ധ്രയ്ക്കു പ്രത്യേക പദവി എന്ന ആവശ്യം നേടിയെടുക്കാനാണു ചന്ദ്രബാബു നായിഡുവിന്റെ വരവ്. ബുധനാഴ്ച സംസ്ഥാനത്തു നടന്ന സർവകക്ഷി യോഗത്തിലാണു ഡൽഹിയാത്ര തീരുമാനിച്ചത്.

ആന്ധ്രയ്ക്കു പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൻഡിഎയുമായുള്ള ദീർഘകാല ബന്ധം ഉപേക്ഷിച്ച ശേഷം നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) നിർണായക നീക്കമാണിത്. ഏപ്രിൽ രണ്ടിനോ മൂന്നിനോ യാത്ര നടത്താനാണു പദ്ധതി. ഡൽഹിയിൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും കണ്ടു ചർച്ച നടത്തും. കേന്ദ്രസർക്കാരിനെതിരെ ടിഡിപി അവിശ്വാസ പ്രമേയ നോട്ടിസും നൽകിയിട്ടുണ്ട്. കാവേരി വിഷയത്തെച്ചൊല്ലി അണ്ണാ ഡിഎംകെ എംപിമാർ സഭയിൽ ബഹളം തുടരുന്നതിനാൽ രണ്ടാഴ്ചയിൽ അധികമായിട്ടും അവിശ്വാസം പരിഗണിക്കാനായിട്ടില്ല.

ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകുന്നതിൽ യോജിപ്പില്ലെന്നതിന്റെ കൂടി സൂചനയാണ് അണ്ണാ ഡിഎംകെയുടെ തുടർച്ചയായുള്ള ബഹളം. തെലങ്കാനയ്ക്കും പ്രത്യേക പദവി ആവശ്യപ്പെടുന്ന ടിആർഎസ്, അവിശ്വാസ പ്രമേയത്തെ തടസ്സപ്പെടുത്തില്ലെന്നു കഴിഞ്ഞദിവസം പറഞ്ഞു. എല്ലാ ദിവസവും അവിശ്വാസ പ്രമേയത്തിൽ ചർച്ച നടക്കുമെന്നു കരുതുമെങ്കിലും ഒന്നും നടക്കാറില്ല. ഭാവി പരിപാടികൾ തീരുമാനിക്കാനാണു ഡൽഹിയിലേക്കു പോകുന്നതെന്ന് അമരാവതിയിലെ യോഗത്തിൽ നായിഡു വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടത്തിനാണു പ്രമേയം കൊണ്ടുവന്നതെന്നു പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിന്റെ ആരോപണത്തെ നായിഡു നിഷേധിച്ചു. 29 തവണ താൻ ഡൽഹിയിൽ പോയെന്നും ആവശ്യത്തെക്കുറിച്ച് ഓർമിപ്പിച്ചെന്നും നായിഡു മറുപടി പറഞ്ഞു. കോൺഗ്രസ്, ഇടതുപക്ഷം, തൃണമൂൽ കോൺഗ്രസ് തുടങ്ങിയവർ ടിഡിപിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രാദേശിക കൂട്ടായ്മ ശക്തിപ്പെടുത്തി പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പടപൊരുതാൻ ഒരുങ്ങുന്ന മമത ബാനർജിയുടെ നീക്കങ്ങൾക്കു ശക്തി പകരുന്നതാണു നായിഡുവിന്റെ ഡൽഹി സന്ദർശനം. ബിജെപിക്കെതിരായ സഖ്യത്തിൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ചേരുമോയെന്ന് ഉറ്റുനോക്കുകയാണു രാഷ്ട്രീയ നിരീക്ഷകർ.

related stories