Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മറ്റൊരാളുടെ’ തോക്കിൽ നിന്നുള്ള വെടിയേറ്റല്ല ഗാന്ധിജി മരിച്ചത്; പുനരന്വേഷണ ഹർജി സുപ്രീംകോടതി തള്ളി

mahatma-gandhi മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുന്നവർ

ന്യൂഡൽഹി∙ മഹാത്മാ ഗാന്ധിയുടെ വധം പുനരന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. കേസ് വീണ്ടും അന്വേഷിക്കാനുളള സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. രണ്ടാമതൊരു വ്യക്‌തിയില്ല, നാലാമത്തെ വെടിയുണ്ടയുമില്ല. അതുകൊണ്ടു മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചു വീണ്ടും അന്വേഷിക്കേണ്ടതില്ലെന്ന് അമിക്കസ് ക്യൂറി അമരേന്ദ്ര ശരൺ നേരത്തേ തന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പുനരന്വേഷണം ആവശ്യപ്പെട്ട് അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്‌റ്റി പങ്കജ് ഫഡ്നാവിസ് നൽകിയ ഹർജിയിലായിരുന്നു മറുപടി.

നാഥുറാം ഗോഡ്‌സെയുടെ തോക്കിൽ നിന്നുതിർന്ന മൂന്നു വെടിയുണ്ടകളല്ല, മറ്റൊരാളുടെ തോക്കിൽ നിന്നുള്ള നാലാമത്തെ വെടിയേറ്റാണു ഗാന്ധിജി മരിച്ചതെന്നാണു ഫഡ്നാവിസിന്റെ വാദം. ഫോഴ്‌സ് 136 എന്ന ചാരസംഘടനയാണു വധത്തിനു പിന്നിലെന്നും കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ബ്രിട്ടൻ സ്വാധീനം ചെലുത്തിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

ഗാന്ധിവധം അന്വേഷിച്ച ജെ.എൽ.കപൂർ കമ്മിഷന്റെ റിപ്പോർട്ടും വിചാരണക്കോടതിയിലെ രേഖകളുമുൾപ്പെടെ പരിശോധിച്ചെന്നും ഹർജിക്കാരന്റെ വാദത്തിൽ കഴമ്പില്ലെന്നും അമിക്കസ് ക്യൂറി വ്യക്‌തമാക്കി. മഹാത്മാ ഗാന്ധിയുടെ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ടകൾ, അവ ഏതു തോക്കിൽനിന്ന്, വധത്തിനു പിന്നിലെ ഗൂഢാലോചന, അതിലേക്കു നയിച്ച പ്രത്യയശാസ്‌ത്രം തുടങ്ങിയവയെല്ലാം വ്യക്‌തമായിട്ടുള്ളതാണെന്നും അമിക്കസ് ക്യൂറി വ്യക്‌തമാക്കി.