Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനിക ഉദ്യോഗസ്ഥർക്കും സിഐഎയ്ക്കും ‘പാക്കറ്റ് ബോംബ്’; ആശങ്കയോടെ യുഎസ്

fbi-office എഫ്ബിഐ ഓഫിസ്. (ഫയൽ ചിത്രം)

വാഷിങ്ടൻ∙ യുഎസ് സൈനിക ഓഫിസുകളിലേക്കും സെൻട്രൽ ഇന്റലിജൻസ് ഏജന്‍സി (സിഐഎ) ഓഫിസിലേക്കും തപാലിലൂടെ ‘പാക്കറ്റ് ബോംബുകൾ’. പൊതികളിൽ ബോംബാണെന്നാണു പ്രാഥമിക പരിശോധനകളിൽ‌ വ്യക്തമായതെന്ന് ആർമി ബോംബ് സ്ക്വാഡ് അറിയിച്ചു. ബോംബിന്റെ ഭാഗമായ ഫ്യൂസ് പൊതിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് വാഷിങ്ടൻ സ്വദേശി താ കോ ഫാൻ (43) അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. സർക്കാർ ഉദ്യോഗസ്ഥർക്കു മോശം ഭാഷയിലും വിഷയബന്ധമില്ലാതെയും കത്തെഴുതിയ ചരിത്രവും ഇയാൾക്കുണ്ട്. ഫെഡറൽ‌ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഇയാളെ ചോദ്യം ചെയ്യുകയാണ്.

വിർജിനിയ, കൊളംബിയ, വാഷിങ്ടൻ എന്നിവിടങ്ങളിലെ സൈനിക ഉദ്യോഗസ്ഥർക്കും വിർജിനിയയിലെ നേവൽ വാർഫെയർ സെന്റർ, സിഐഎ ഓഫിസ് എന്നിവിടങ്ങളിലേക്കുമാണ് ബോംബ് പൊതികൾ എത്തിയത്. വാഷിങ്ടൻ ഡിസിയിലേക്കും സമാനമായ പാക്കറ്റുകൾ അയച്ചതായി സംശയിക്കുന്നുണ്ട്. ലഭിച്ച പൊതികൾ പരിശോധനയ്ക്കായി വിർജിനിയയിലെ എഫ്ബിഐ ലബോറട്ടറിയിലേക്കു മാറ്റി.