Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തിൽ സുരക്ഷാപരിശോധന; വിവാദം

Shahid Khaqan Abbasi പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖാഘാൻ അബ്ബാസി.

വാഷിങ്ടൻ∙ പാക്കിസ്ഥാന് എതിരായ നിലപാടുകൾ കടുപ്പിച്ച് യുഎസ്. പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖാഘാൻ അബ്ബാസിയെ വിമാനത്താവളത്തിൽ പതിവു സുരക്ഷാ പരിശോധനകൾക്കു വിധേയമാക്കിയതാണു പുതിയ നീക്കം. രാഷ്ട്രത്തലവനെ യുഎസ് ‘അപമാനിച്ചു’ എന്ന തരത്തിലാണു പാക്ക് മാധ്യമങ്ങളും നേതാക്കളും വിഷയത്തിൽ പ്രതികരിക്കുന്നത്.

ആണവ സാമഗ്രികളുടെ വിൽപനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഏഴു പാക്കിസ്ഥാനി കമ്പനികൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണു ഈ സംഭവം. സഹോദരിയെ കാണാൻ കഴിഞ്ഞ ആഴ്ചയാണ് അബ്ബാസി യുഎസിൽ എത്തിയത്. മുൻകൂട്ടി നിശ്ചയിച്ചില്ലെങ്കിലും യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസുമായി കൂടിക്കാഴ്ചയും നടത്തി.

അമേരിക്കയിൽ എത്തിയ അബ്ബാസിയെ, മറ്റു യാത്രക്കാർക്കെന്ന പോലെ വിമാനത്താവളത്തിലെ പതിവു സുരക്ഷാ പരിശോധനകൾക്കു വിധേയമാക്കുന്നതിന്റെ വിഡിയോ രണ്ടുദിവസമായി പാക്ക് മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ‘സ്വകാര്യ സന്ദർശനത്തിനാണ് അബ്ബാസി പോയതെങ്കിലും ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാണ്. 20 കോടിയിലധികം ജനങ്ങളെയാണ് യുഎസ് അപമാനിച്ചത്’– ചാനലുകളിൽ നേതാക്കൾ രോഷം പ്രകടിപ്പിച്ചു.

ആണവ സാമഗ്രികളുടെ വിൽപനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പാക്ക് കമ്പനികളെ കഴിഞ്ഞദിവസമാണു യുഎസ് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി ഉപരോധപ്പട്ടികയിൽ പെടുത്തിയത്. യുഎസിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന സംശയത്തിലാണിത്. ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാനുള്ള സാമ്പത്തിക, സൈനിക സഹായങ്ങൾ ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം വെട്ടിക്കുറച്ചിരുന്നു.