Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ആശുപത്രി മിനിമം വേതനം: ചർച്ച പരാജയം; 31ന് അകം വിജ്ഞാപനമില്ലെങ്കിൽ സമരമെന്ന് നഴ്സുമാർ

Nurses Strike

കൊച്ചി∙ സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന നിർണയവുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ച പരാജയം. സർക്കാർ നിശ്ചയിച്ച കുറഞ്ഞ വേതനം നൽകുന്നതു സ്വകാര്യ ചികിൽസാ മേഖലയെ തകർക്കുന്നതാണെന്നും ഇത്രയും തുക നൽകാൻ സാധിക്കില്ലെന്നും ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തപ്പോൾ, സർക്കാർ തീരുമാനം അതേപടി നടപ്പാക്കണമെന്നു നഴ്സുമാരുടെ സംഘടനയും നിലപാടെടുത്തു.

മിനിമം വേതനം നിശ്ചയിച്ചുകൊണ്ടു 31നു മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ ഏപ്രിൽ 15 മുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും നഴ്സുമാരുടെ സംഘടന പ്രഖ്യാപിച്ചു.

ഹൈക്കോടതിയിലെ കേസ് തീർപ്പാക്കുന്നതിനു വേണ്ടിയാണു ബന്ധപ്പെട്ട കക്ഷികളെ രാവിലെ 10.30ന് അനുരഞ്ജന ചർച്ചയ്ക്കു വിളിച്ചത്. ഹൈക്കോടതിയുടെ പ്രതിനിധികൾ എത്താത്തതിനെ തുടർന്നു ചർച്ച ഉച്ചയ്ക്കു രണ്ടു മണിയിലേക്കു നീട്ടി. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ ഇരു വിഭാഗവും മുൻ നിലപാടുകളിൽ ഉറച്ചു നിൽക്കുകയായിരുന്നു.

സർക്കാർ നിശ്ചയിച്ച മിനിമം വേതനമായ 20,000 രൂപ കൊടുക്കേണ്ടി വന്നാൽ ഏറ്റവും ജൂനിയറായ നഴ്സിനു പോലും 33,000 രൂപ കുറഞ്ഞ ശമ്പളം നൽകേണ്ടി വരുമെന്ന് ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തു. മുൻപ് മന്ത്രിതല ചർച്ചയിൽ ആലോചിച്ചിരുന്ന 18,232 രൂപ ശമ്പളമായി നൽകാൻ തങ്ങൾ ഒരുക്കമാണെന്നും അതിനു പുറമെയുള്ള വർധന സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തു.

എന്നാൽ സർക്കാർ തീരുമാനത്തിൽനിന്നു പിന്നോട്ടു പോകാൻ കഴിയില്ലെന്ന നിശ്ചയത്തിലായിരുന്നു നഴ്സുമാരുടെ സംഘടനകൾ. മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പിൽ വരുത്താൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഈ മാസം 31നു മുന്‍പ്  വിജ്ഞാപനം പുറപ്പെടുവിക്കാനായി ഹൈക്കോടതിയിലെ സ്റ്റേ നീക്കാൻ സർക്കാർ ഹർജി നൽകണമെന്നും നഴ്സുമാർ ആവശ്യപ്പെട്ടു. മുൻ ധാരണ പ്രകാരം നടപടികൾ ഉണ്ടായില്ലെങ്കിൽ, സമരവുമായി മുന്നോട്ടു പോകുമെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.