Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയന്ത്രണംവിട്ട് ചൈനയുടെ കൂറ്റൻ ബഹിരാകാശ നിലയം; കേരളത്തില്‍ വീഴുമോ?

ഉല്ലാസ് ഇലങ്കത്ത്
Tiangong-1-Radar ടിയാൻഗോങ് 1 (ഇൻസെറ്റിൽ നിലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ റഡാർ ചിത്രം)

തിരുവനന്തപുരം∙ ചൈനയുടെ നിയന്ത്രണം നഷ്ടമായ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്നു ബഹിരാകാശ ഗവേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ ഇന്ത്യയ്ക്കു കാര്യമായ ഭീഷണിയില്ലെന്നു വിദഗ്ധർ. കേരളത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ഐഎസ്ആർഒ ഗവേഷകർ ഉൾപ്പെടെ ഉറപ്പു നൽകുന്നു. ബഹിരാകാശ നിലയം മനുഷ്യജീവന് ഒരു തരത്തിലും ഭീഷണിയല്ലെന്നും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. നിലയം ഭൂമിയോട് നൂറു കിലോമീറ്റര്‍ അടുക്കുമ്പോള്‍ തന്നെ അന്തരീക്ഷ വായുവുമായുള്ള ‘ഘർഷണ’ത്തിലൂടെ ചൂടു കൂടി തീപിടിച്ചു തുടങ്ങും. മിക്ക ഭാഗങ്ങളും കത്തിയമരുന്നതിനാല്‍ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ വീഴാനുള്ള സാധ്യത തീരെ കുറവുമാണ്.  

ചൈന, ഇറ്റലിയും വടക്കന്‍ സ്പെയിനും ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍, തെക്കേ അമേരിക്ക, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലാണ് നിലവിൽ ചൈനീസ് നിലയത്തിന്റെ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. വീണാലും കടലിലോ ജനവാസം കുറഞ്ഞ പ്രദേശങ്ങളിലോ ആകും വീഴ്ച. മനുഷ്യനെ തീരെ ബാധിക്കില്ല. ഉപഗ്രഹ അവശിഷ്ടങ്ങള്‍ മനുഷ്യ ശരീരത്തില്‍ പതിക്കാനുള്ള സാധ്യതയെക്കുറിച്ച് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്കുകൂട്ടലിങ്ങനെ: ‘ ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടു തവണ മിന്നലേല്‍ക്കാനുള്ള സാധ്യത എങ്ങനെയാണോ അത്ര മാത്രം’. 

ബഹിരാകാശ നിലയം ജനവാസ കേന്ദ്രത്തില്‍ പതിക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒന്നു മാത്രം. ഒരു വലിയ ലോഹ കഷ്ണമായി നിലയത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കില്ല. ഭൂമിയോടടുക്കുമ്പോള്‍ ചൂടുപിടിച്ചു ലോഹ കഷ്ണങ്ങള്‍ ചിന്നിച്ചിതറി ചെറിയ കഷ്ണങ്ങളാകും. ഒട്ടുമിക്ക കഷ്ണങ്ങളും കത്തി ചാമ്പലാകും. 

∙ ബഹിരാകാശ നിലയം കേരളത്തില്‍ വീഴുമോ?

സാധ്യത വളരെ  കുറവാണെന്നു ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഐഎസ്ആര്‍ഒ ചെയര്‍മാനായി കെ. ശിവന്‍ നിയമിതനായ ശേഷം ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും നടപടികളെടുക്കുന്നതിനും പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. ഈ സംഘം വിവിധ ഏജന്‍സികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ നിലയത്തെ കൃത്യമായി നിരീക്ഷിക്കുന്നു. നാസ അടക്കമുള്ള വിദേശ ഏജന്‍സികളും നിലയത്തിനു പിന്നാലെയാണ്.  ഇന്ത്യയിലെ ജനങ്ങള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 

‘നിലയത്തിന്റെ വീഴ്ച ഐഎസ്ആര്‍ഒ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിലയത്തിന്റെ മിക്ക ഭാഗങ്ങളും അന്തരീക്ഷത്തില്‍വച്ചുതന്നെ കത്തിപോകാനാണ് സാധ്യത. ഭൂമിയോടടുത്താല്‍ മാത്രമേ നിലയം എവിടെ വീഴുമെന്നതിനെ സംബന്ധിച്ചു കൃത്യമായ പ്രവചനം സാധ്യമാകൂ. കൃത്യമായി പ്രവചിക്കാനുള്ള സംവിധാനങ്ങള്‍ ഐഎസ്ആര്‍ഒയ്ക്ക് ഉണ്ട്. ആശങ്കപെടേണ്ട സാഹചര്യമില്ല ’ - വിഎസ്എസ് സി മുന്‍ ഡയറക്ടറും സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി. ദത്തന്‍ ‘മനോരമ ഓണ്‍ലൈനി’നോട് പറഞ്ഞു.

∙എവിടെ വീഴും?

ഈ മാസം 30 നും അടുത്തമാസം രണ്ടിനും ഇടയില്‍ നിലയം ഭൂമിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. നിലയം എവിടെ വീഴുമെന്നു കൃത്യമായി ഇപ്പോള്‍ പ്രവചിക്കാനാകില്ല. ഭൂമിയോട് കൂടുതല്‍ അടുത്താല്‍ മാത്രമേ ഇതിനു സാധിക്കൂ. ഉപഗ്രഹങ്ങള്‍ വഴി നിലയത്തെ നിരീക്ഷിച്ച്, അപ്പോഴത്തെ സഞ്ചാരപാത വിലയിരുത്തിയാണ് വീഴാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരാം. ഉപഗ്രഹം എവിടെ വീഴുമെന്ന് കൃത്യമായി പ്രവചിക്കാനുള്ള സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. 50 മുതല്‍ 100 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ പ്രവചനം സാധ്യമാണ്.

∙ മനുഷ്യ ശരീരത്തില്‍ ‘ വീണത് ’ ഒരേയൊരു തവണ

ഒക്‌ലഹോമയില്‍ 1997ല്‍ ആയിരുന്നു സംഭവം. പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന ലോട്ടി വില്യംസിന്റെ ദേഹത്താണ് ‘റോക്കറ്റില്‍ ’ നിന്നുളള വസ്തുക്കള്‍ വീണത്. വലിയ പ്രകാശത്തോടൊപ്പം ആറിഞ്ചു കനമുള്ള  ലോഹ വസ്തു അവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കുകളൊന്നും ഉണ്ടായില്ല. ആ സമയത്ത്, കാലാവധി പൂര്‍ത്തിയാക്കിയശേഷം ഭൂമിയിലേക്കു പതിച്ച ഒരു റോക്കറ്റിന്റെ ഭാഗങ്ങളാകാം വില്യംസിന്റെ ദേഹത്തില്‍ പതിച്ചതെന്നായിരുന്നു നാസയുടെ നിഗമനം. റോക്കറ്റിന്റെ ചില പ്രധാന ഭാഗങ്ങള്‍ ടെക്സസില്‍നിന്നും കണ്ടെടുത്തിരുന്നു. മനുഷ്യശരീരത്തില്‍ ‘റോക്കറ്റ് ഭാഗങ്ങള്‍’ വന്നിടിച്ച ഏക സംഭവവും ഇതുതന്നെ.

∙ ചൈനയുടെ ടിയാന്‍ഗോങ് - 1

ചൈനയുടെ സ്വപ്ന പദ്ധതിയായിരുന്നു ടിയാന്‍ഗോങ്-1 ബഹിരാകാശ നിലയം. 2001ലാണ് ചൈന മൃഗങ്ങളെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. 2003ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന മൂന്നാമത്തെ രാജ്യമായി. തൊട്ടുപിന്നാലെ 2011ലാണ് ടിയാന്‍ഗോങ് - 1 ബഹിരാകാശത്തേക്ക് അയച്ചത്. ചൈനയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ലി യാങ് 2012ൽ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു.

2016 മാര്‍ച്ചില്‍ നിലയത്തിന്റെ സേവനം അവസാനിപ്പിച്ചു.  വേറൊരു നിലയം ടിയാന്‍ഗോങ് -2 പ്രവര്‍ത്തനക്ഷമമാണ്. പഴയ നിലയത്തിന്റെ ഭൂരിഭാഗവും കത്തുമെന്നാണ് ബഹിരാകാശ ഗവേഷണ ഏജന്‍സികളുടെ പ്രതീക്ഷ. കത്തിപോകാതെ എന്തൊക്കെ അവശേഷിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. നിലയത്തിന്റെ കൂടുതല്‍ വിവരങ്ങളും, ഘടനയും ചൈന പുറത്തു വിടാത്തതാണ് കാരണം. രാത്രിയിലാണ് ഭൂമിയിലേക്ക് പതിക്കുന്നതെങ്കില്‍ ഒരു വാല്‍നക്ഷത്രംപോലെ നിലയത്തിന്റെ ഭാഗങ്ങള്‍ കത്തുന്നത് കാണാനാകും.

∙ നിലയങ്ങള്‍ മുന്‍പും വീണിട്ടുണ്ട്

മൂന്നു വര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ ഒരു കൃഷിയിടത്തില്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കാലാവധി പൂര്‍ത്തിയാക്കിയ ബഹിരാകാശ വാഹനത്തിന്റെ ഇന്ധന ടാങ്ക് വീണിരുന്നു. ഇന്ധനം ചോരുന്ന അവസ്ഥയിലാണ് ടാങ്ക് കണ്ടെടുത്തത്. ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ടാങ്ക് ശ്രീഹരിക്കോട്ടയിലേക്കു കൊണ്ടുവന്നു. ഇന്ധനം വേര്‍തിരിച്ചതോടെ ആശങ്കയും അവസാനിച്ചു. റഷ്യയുടെ ബഹിരാകാശ നിലയമാണ് അവസാനമായി ഭൂമിയിലേക്കു പതിച്ചത്. റഷ്യ ചൊവ്വയിലേക്കു പര്യവേഷണത്തിനയച്ച വാഹനം 2011ല്‍ ശാന്തസമുദ്രത്തിൽ തകര്‍ന്നു വീണു.

ഇതിനു മുന്‍പ് ശ്രദ്ധേയമായ ‘തകര്‍ന്നു വീഴല്‍ ’ അമേരിക്കയുടെ യുഎആർഎസ് (അപ്പർ അറ്റ്‌മോസ്‌ഫിയർ റിസർച് സാറ്റലൈറ്റ്) ഉപഗ്രഹമാണ്. 1991ൽ അമേരിക്ക വിക്ഷേപിച്ച യുഎആർഎസ് ശാന്തരസമുദ്രത്തിലാണു തകര്‍ന്നു വീണത്. കാലാവധി കഴിഞ്ഞപ്പോൾ 35 അടി നീളവും 15 അടി വീതിയും 65,00 കിലോഗ്രാം ഭാരവുമുള്ള ഈ ഉപഗ്രഹം നാസ ‘ഡീ കമ്മിഷൻ’ ചെയ്‌തു. ബഹിരാകാശ നിലയവുമായി കൂട്ടിമുട്ടാതിരിക്കാൻ അന്ന് അതിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തി. ലക്ഷ്യമില്ലാതെ അലഞ്ഞ ഉപഗ്രഹം 2011 ആദ്യം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു. ഒരു ബസിന്റെ വലിപ്പമുള്ള ഉപഗ്രഹം മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയിലേക്കു പതിച്ച് അന്തരീക്ഷ വായുവിൽ ‘ഉരസി’ കത്തിയമര്‍ന്നു. അവശിഷ്ടങ്ങള്‍ പസഫിക്കില്‍ പതിച്ചു. 

∙ സ്കൈലാബെന്ന ‘ഭീകരൻ’

അമേരിക്കയുടെ ആദ്യ ബഹിരാകാശ പരീക്ഷണ നിലയമായിരുന്ന ‘സ്‌കൈലാബി’ന്റെ 1979 ജൂലൈയിലെ വീഴ്ചയാണ് ലോകത്തെ ഏറ്റവും ഭീതിയിലാക്കിയത്. ബഹിരാകാശ സഞ്ചാരികൾക്കു താമസിക്കാനായി 86 അടി നീളവും 56 അടി വീതിയും 24 അടി ഉയരവുമുള്ള  നിലയമായിരുന്നു സ്കൈ ലാബ്. 77 ടൺ ഭാരം. അമേരിക്കൻ ബഹിരാകാശ സഞ്ചാരികൾ പലതവണയായി 171 ദിവസം സ്‌കൈലാബിൽ താമസിച്ചു.

ഭൂമിയിൽനിന്ന് 435 കിലോമീറ്റർ അകലെയാണ് സ്‌കൈലാബ് കറങ്ങിക്കൊണ്ടിരുന്നത്. 43,981 തവണ കറങ്ങിക്കഴിഞ്ഞപ്പോൾ താഴെവീണു. ഓസ്‌ട്രേലിയൻ തീരത്തും കടലിലുമായി വീണ സ്‌കൈലാബ് പറയത്തക്ക അപകടങ്ങളൊന്നുമുണ്ടാക്കിയില്ല. സ്‌കൈലാബ് വീണുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്കു വൻതുക നഷ്‌ടപരിഹാരമായി നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കന്‍ ഭാഗത്തെ കടലിലും ചില അവശിഷ്ടങ്ങള്‍ വീണതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

സ്‌കൈലാബിന്റെ ഇരട്ടി ഭാരമുള്ള റഷ്യൻ ബഹിരാകാശ നിലയമായ ‘മിർ’ ആണ് തകര്‍ന്നു വീണവയില്‍ വമ്പന്‍. 1986ൽ നിർമിച്ച മിറിൽ 15 വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ബഹിരാകാശ സഞ്ചാരികൾ താമസിച്ചു. 137 ടൺ ഭാരമുള്ള മിറിന് 102 അടി നീളവും 62 അടി വീതിയും 90 അടി ഉയരവുമുണ്ടായിരുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ സ്ഫോടനത്തിലൂടെ മിര്‍ തകര്‍ത്തു. ആയിരത്തിലേറെ കഷണങ്ങളായി മിർ അന്തരീക്ഷത്തിൽ ചിതറിത്തെറിച്ചു. ഭൂരിഭാഗവും അവിടെത്തന്നെ എരിഞ്ഞടങ്ങി. ശേഷിച്ചവ തീഗോളമായി അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചു ശാന്തസമുദ്രത്തിൽ പതിച്ചു. 

മനുഷ്യനിർമിത ഉപഗ്രഹങ്ങളുടെ ഇത്തരം 20,000 അവശിഷ്‌ടങ്ങൾ ബഹിരാകാശത്തു ബാക്കിയുണ്ട്. ചെറിയ അവശിഷ്ടങ്ങള്‍ വേറെ.  ഓരോ ദിവസവും ഈ ഭാഗങ്ങള്‍ ഭൂമിയിലേക്കു വരുന്നുണ്ട്. എന്നാൽ അന്തരീക്ഷ വായുവുമായുള്ള ഘർഷണംമൂലം അവ കത്തിയെരിഞ്ഞുപോകും. ശേഷിക്കുന്നവ കടലില്‍ വീഴും. വലിയ കഷണങ്ങളെ ഭൂമിയിലേക്കു വരുന്ന വഴിക്കു തകര്‍ക്കാനുള്ള സംവിധാനവും ഇപ്പോഴുണ്ട്.

related stories