Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസ അപേക്ഷ നടപടിക്രമം ശക്തമാക്കി യുഎസ്; ഇനി സമൂഹമാധ്യമ വിവരങ്ങളും നൽകണം

h1b-visa Representative Image

വാഷിങ്ടൻ∙ രാജ്യസുരക്ഷയുടെ പേരിൽ യുഎസ് വീസ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ഇനി മുതൽ യുഎസ് വീസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സമൂഹമാധ്യമങ്ങളിലെ മുൻകാല വിവരങ്ങൾ ഉൾപ്പെടെ നൽകേണ്ടി വരും. നേരത്തേ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവയും വീസ അപേക്ഷയ്ക്കൊപ്പം നൽകാനാണു ട്രംപ് ഭരണകൂടത്തിന്റെ നിർദേശം. ഇമിഗ്രന്റ്, നോൺ–ഇമിഗ്രന്റ് വീസ പ്രകാരം യുഎസിലെത്തുന്ന എല്ലാവർക്കും ഇതു ബാധകമാണ്. ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ വീസ ഫോമും  ‘ഫെഡറൽ റജിസ്റ്റർ’ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഇമിഗ്രന്റ് വീസയ്ക്കായി അപേക്ഷിക്കുന്ന 7.1 ലക്ഷം പേരെയും നോൺ–ഇമിഗ്രന്റ് വീസയ്ക്കായി അപേക്ഷിക്കുന്ന 1.4 കോടി പേരെയും ബാധിക്കുന്നതാണു പുതിയ നയം. ഫെയ്സ്ബുക്കിലും ട്വിറ്ററ്റിലും ഉൾപ്പെടെ അപേക്ഷകൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആരംഭിച്ച എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും (സോഷ്യൽ മീഡിയ ഹാൻഡ്‌ൽ) വിവരങ്ങളാണു നൽകേണ്ടത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉപയോഗിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഫോൺ നമ്പരുകളും ഇതോടൊപ്പം നൽകണം; അഞ്ചു വർഷത്തിനിടെ ഉപയോഗിച്ച ഇമെയിൽ വിലാസങ്ങളും.

വീസ അപേക്ഷകൻ നടത്തിയ രാജ്യാന്തര യാത്രകളുടെ വിവരങ്ങളും നൽകണം. ഏതെങ്കിലും രാജ്യത്തു നിന്നു നാടു കടത്തപ്പെടുകയോ മറ്റു ശിക്ഷാനടപടികൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതുണ്ട്. അപേക്ഷയിൽ പരാമർശിച്ചിട്ടുള്ള കുടുംബാംഗങ്ങളിൽ ആരെങ്കിലും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി നേരിട്ടിട്ടുണ്ടോ എന്ന ചോദ്യവുമുണ്ട്. അപേക്ഷകന്റെ ആരോഗ്യനില സംബന്ധിച്ചും കൂടുതൽ വിവരങ്ങള്‍ തേടുന്നുണ്ട്. 

നേരത്തേയും ഇത്തരത്തിൽ യുഎസ് വീസ അപേക്ഷകരിൽ നിന്നു വിവരങ്ങൾ തേടിയിരുന്നു.. എന്നാൽ ഭീകരവാദ പ്രവർത്തനങ്ങൾക്കു കുപ്രസിദ്ധമായിട്ടുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർ ഉൾപ്പെടെയുള്ളവരുടെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അത്. പുതിയ നയം നടപ്പാക്കുന്നതോടെ  ഈ ‘വിവരശേഖരണം’ എല്ലാവർക്കും ബാധകമാകും. 

അപേക്ഷകരുടെ വ്യക്തിവിവരങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു വേണ്ടിയാണ് ഫോമിൽ മാറ്റം വരുത്തുന്നതെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വ്യക്തമാക്കുന്ന. നയതന്ത്രതലത്തിലും ഔദ്യോഗികതലത്തിലും ലഭിക്കുന്ന വീസ അപേക്ഷകൾക്കു പക്ഷേ പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കില്ല. പുതിയ വീസ ഫോമിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ 60 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.