Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനമൈത്രിയെ വിമർശിച്ച് സെൻകുമാർ: അമിത ജോലി പൊലീസിന്റെ സമചിത്തത തെറ്റിക്കുന്നു

TP-Senkumar മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പൊലീസിന്റെ മോശം പെരുമാറ്റത്തിനു കാരണം അമിതജോലി ഭാരം മൂലം സമചിത്തത നഷ്ടപ്പെട്ടതാണെന്ന വിലയിരുത്തലുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ജനമൈത്രി പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരണയോന്നു സര്‍ക്കാര്‍ പരിശോധിക്കണം. കേസുകളുടെ എണ്ണം തികയ്ക്കാന്‍ ടാര്‍ഗറ്റ് നല്‍കുന്ന പതിവു പൊലീസിലുണ്ടെന്നും സെന്‍കുമാര്‍ മനോരമ ന്യൂസിനോടു വെളിപ്പെടുത്തി. ആക്‌ഷന്‍ ഹീറോ ബിജുമാര്‍ ജനങ്ങള്‍ക്കു ഗുണം ചെയ്യുന്നവരാണെന്നു പറഞ്ഞു മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ നിലപാടിനെയും അദേഹം തള്ളി.

ജനമൈത്രി പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ പൊലീസിനു ക്രമസമാധാനപാലനവും അന്വേഷണവും നടത്താന്‍ സമയമില്ലാതായി. തലപ്പത്തുള്ളവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാമെന്നല്ലാതെ ഗുണമൊന്നുമില്ലെന്നും സെന്‍കുമാര്‍ തുറന്നടിക്കുന്നു.

ക്ഷേമപ്രവര്‍ത്തനത്തിന്റെ പകുതി തുകയെങ്കിലും സ്റ്റേഷന്‍ ജോലിക്കു നല്‍കിയാല്‍ നാട്ടുകാരെ ചൂഷണം ചെയ്യുന്നത് ഒഴിവാകും. ഓരോ മാസവും നിശ്ചിതകേസെന്ന നിര്‍ബന്ധം നിരപരാധികളെ കുടുക്കാന്‍ കാരണമാകുന്നുവെന്നും സെൻകുമാർ വ്യക്തമാക്കി.

സിനിമയാണു പൊലീസെന്നു കരുതുന്ന ആക്‌ഷന്‍ ഹീറോ ബിജുമാരാണു പ്രശ്നമെന്ന മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ നിലപാടിനെയും സെൻകുമാർ എതിര്‍ത്തു. പരിശീലനം നല്‍കുന്നതിനേക്കാള്‍ ഭേദം ജോലി ഭാരം കുറച്ചും ആവശ്യത്തിനു ജീവനക്കാരെ നല്‍കിയും പൊലീസിനെ നവീകരിക്കുകയാണെന്ന നിലപാടും അദ്ദേഹം പങ്കുവച്ചു