Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആക്‌ഷൻ ഹീറോ ബിജു’മാരല്ല, പ്രശ്നം പൊലീസിന്റെ ജോലി ഭാരം: ടി.പി. സെൻകുമാർ

TP Senkumar ടി.പി. സെൻകുമാർ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പൊലീസില്‍ ക്രിമിനലുകളുണ്ടെങ്കില്‍ അവരെ പുറത്താക്കണമെന്നും, അതേസമയം അമിത ജോലി ഭാരം കാരണം പൊലീസുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാണാതെ പോകരുതെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. കേരള പൊലീസിലെ ‘ ആക്‌ഷന്‍ ഹീറോ ബിജുമാരല്ല’ പ്രശ്നങ്ങള്‍ക്കു കാരണം, ജനമൈത്രി പൊലീസിങിന്റെ പേരില്‍ പൊലീസുകാര്‍ പച്ചക്കറി കൃഷി നടത്തുന്നതാണ് പ്രശ്നം – അദ്ദേഹം തുറന്നടിക്കുന്നു. ജനമൈത്രി പൊലീസ് പദ്ധതി നടപ്പാക്കി പത്തുവര്‍ഷം പിന്നിടുമ്പോഴും ജനവും പൊലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ലെങ്കില്‍ പദ്ധതി പരാജയം തന്നെയാണെന്ന് മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ ടി.പി. സെന്‍കുമാര്‍ വ്യക്തമാക്കി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

∙‘ആക്‌ഷന്‍ ഹീറോ ബിജു’വല്ല പൊലീസിലെ പ്രശ്നം

പൊലീസ് ജനത്തോടു മോശമായി പെരുമാറുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പൊലീസില്‍ ക്രിമിനലുകളുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി വേണം. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മാത്രം പൊലീസും ജനവുമായി പ്രശ്നമുണ്ടാകുകയാണെങ്കില്‍ അതു വ്യക്തികേന്ദ്രീകൃതമാണ്. കേരളത്തില്‍ എല്ലായിടത്തും പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അതു പൊലീസിന്റെ അമിതജോലിഭാരം കൊണ്ടുണ്ടാകുന്ന പ്രശ്നമാണ്.

പൊലീസ് മോശമായി പെരുമാറുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ചില പരാമര്‍ശങ്ങളുണ്ടായി – ‘ആക്‌ഷന്‍ ഹീറോ ബിജു’ എന്ന പൊലീസ് കഥാപാത്രവുമായി ബന്ധപ്പെടുത്തി (പൊലീസിലെ ‘ആക്‌ഷന്‍ ഹീറോ ബിജു’മാരെ ശിക്ഷിക്കണമെന്നായിരുന്നു ദിവസങ്ങള്‍ക്കു മുന്‍പ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടത്). ‘ആക്‌ഷന്‍ ഹീറോ ബിജു’ സിനിമ കണ്ടവര്‍ക്കറിയാം. അയാള്‍ ഒരു സാധാരണക്കാനാണ്. യാതൊരു തെറ്റും ചെയ്യാത്ത ജനത്തിനുവേണ്ടി സമര്‍പ്പിച്ച പൊലീസ് ഓഫിസറാണ് ‘ബിജു’ എന്ന കഥാപാത്രം. അല്ലാതെ ജനത്തിനെതിരെ തിരിയുന്ന ആളല്ല. യാതൊരു സാമ്പത്തിക സ്വാധീനവുമില്ലാത്ത, രാഷ്ട്രീയ സ്വാധീനമില്ലാത്ത ജനങ്ങള്‍ക്കുവേണ്ടി ജീവന്‍പോലും പണയംവച്ച് നടപടിയെടുക്കുന്ന ആളാണ് ‘ആക്‌ഷന്‍ ഹീറോ ബിജു’. സാധാരണക്കാര്‍ക്കുമേല്‍ കുതിരകയറുന്ന ആളല്ല. ആ സിനിമ കണ്ടവര്‍ പറയില്ല ‘ആക്‌ഷന്‍ ഹീറോ ബിജു’വാണ് പൊലീസിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന്.

∙ രാവിലെ ജനമൈത്രി, ഉച്ചയ്ക്കു കോടതി, ഇടയ്ക്ക് മോഷണക്കേസ്

പ്രശ്നമെന്നാണെന്നു വച്ചാല്‍, എതെങ്കിലും സംഭവം ഉണ്ടായാല്‍ നടപടിയെടുക്കേണ്ട ചുമതല പൊലീസിലെ ഒരു വിഭാഗത്തിന്റെ തലയില്‍ വരും. ആ കുറച്ചുപേര്‍ക്ക് ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്താണെന്നു മുകളിലിരിക്കുന്നവര്‍ക്ക് അറിയില്ല. അല്ലെങ്കില്‍ മനസിലാക്കില്ല. അതുതന്നെയാണ് പൊലീസിലെ പ്രധാന പ്രശ്നം. പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം. പുറത്താക്കേണ്ടവരെ പുറത്താക്കണം. പക്ഷേ, പൊലീസിന്റെ അമിതജോലിഭാരം നിയന്ത്രിച്ചേ മതിയാകൂ. ദിവസവും എട്ടു മണിക്കൂര്‍ ജോലിയെന്നതു പ്രായോഗികമല്ല. എന്നാല്‍ എല്ലാ ദിവസവും 18-20 മണിക്കൂര്‍ ജോലി ചെയ്യുന്നത് പൊലീസുകാരുടെ മാനസികനിലയെ ബാധിക്കും. അങ്ങനെ വരുമ്പോള്‍ അവരുടെ പെരുമാറ്റത്തിലും പ്രശ്നങ്ങളുണ്ടാകാം.

പട്ടാളക്കാരുടെ കാര്യമെടുത്താല്‍ അവര്‍ക്ക് ജനവുമായി നിത്യേന ഇടപെടേണ്ട സാഹചര്യമില്ല. പൊലീസുകാരുടെ കാര്യം അങ്ങനെയല്ല. ദിവസത്തില്‍ കുറേസമയം സമരക്കാരെ നേരിടേണ്ടിവരും. അവിടെ കല്ലേറും അടിയും ഏറ്റുവാങ്ങണം. അതു കഴിഞ്ഞു വരുമ്പോഴായിരിക്കും ഒരു കുട്ടിയെ കാണാതായ കേസ് വരുന്നത്. അതു കഴിഞ്ഞാകും മോഷണകേസിലെ ഒരു പ്രതിയെ കൊണ്ടുവരുന്നത്. അതു കഴിഞ്ഞു ട്രാന്‍സ്ജന്‍ഡര്‍ വിഷയം വരും. ഇങ്ങനെ നിരവധി കേസുകള്‍... ഇതെല്ലാം ഒരേ സമയം കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ സമ്മർദ്ദം വര്‍ധിക്കും. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് യൂണിഫോം ഇട്ടു കുട്ടികളെ ചോദ്യം ചെയ്യാന്‍ പാടില്ല, പൊലീസ് വണ്ടികളില്‍ കൊണ്ടുപോകാന്‍ പാടില്ല. പക്ഷേ, യൂണിഫോം ഇടാത്ത പൊലീസുകാര്‍ ഉണ്ടെങ്കിലല്ലേ ഇങ്ങനെ പോകാന്‍ കഴിയൂ. അപ്പോള്‍ മറ്റു ഡ്യൂട്ടികള്‍ കഴിഞ്ഞുവന്നു തിടുക്കപ്പെട്ട് വസ്ത്രം മാറി അടുത്ത കേസിനായി പൊലീസുകാര്‍ ഓടണം.

∙ ജനമൈത്രി പൊലീസ് പരാജയം

പൊലീസ് ഇപ്പോള്‍ ചെയ്യുന്ന നല്ല കാര്യങ്ങളിലൊന്ന് സ്റ്റുഡന്‍റ് പൊലീസാണ്. നല്ലൊരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ അതിലൂടെ കഴിയുന്നുണ്ട്. ജനമൈത്രി പൊലീസ് പോലെ ജനവുമായി ചേര്‍ന്നു പച്ചക്കറി കൃഷി നടത്തുക, പിഎസ്‌സി കോച്ചിങ് നല്‍കുക ഇതൊന്നും ശരിയല്ല. പിഎസ്‌സി കോച്ചിങ് കൊടുക്കുന്ന നൂറുകണക്കിനു സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. പിന്നെ എന്തിനു പൊലീസ് ഇടപെടണം. മുകളിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചു പറയും ‘ നിങ്ങള്‍ ഇന്നു ആ കേസിനു പോകണ്ട. ജനമൈത്രി പൊലീസിങിനു പോകണം’. മേലുദ്യോഗസ്ഥന്റെ നടപടി പേടിച്ച് അയാള്‍ ജനമൈത്രിക്ക് പോകും. കേസുകള്‍ അന്വേഷിക്കാന്‍ കഴിയില്ല. ഇതാണ് അവസ്ഥ. ഇതു മാറണം. പത്തു വർഷം ജനമൈത്രി പൊലീസിങ് നടത്തിയിട്ട് ഇത്തരം സംഭവങ്ങളുണ്ടായാല്‍ പദ്ധതി പരാജയമാണോ വിജയമാണോ എന്നു ആര്‍ക്കും വിലയിരുത്താനാകില്ലേ? പത്തു വര്‍ഷത്തിനിടെ ജനമൈത്രി പൊലീസിങിനു വേണ്ടി 80 കോടി രൂപയെങ്കിലും ചെലവഴിച്ചു കാണും. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും പൊലീസിന്റെ സ്വഭാവം മാറിയിട്ടില്ല, ജനത്തെ ഉപദ്രവിക്കുന്നു എന്നു തോന്നിയാല്‍ ആ സംവിധാനം തെറ്റാണെന്നല്ലേ അര്‍ഥം. അല്ലെങ്കില്‍ ജനമൈത്രി വന്നശേഷം ജനവുമായുള്ള ബന്ധം എന്നേ മെച്ചപ്പെടേണ്ടതല്ലേ.

∙ അബദ്ധം നിറഞ്ഞ തീരുമാനങ്ങള്‍

സീനിയര്‍ സിറ്റിസന്‍സിനെ പൊലീസ് ഉദ്യോഗസ്ഥര്‍ മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കണമെന്ന നിര്‍ദേശമുണ്ട്. മുന്‍പുണ്ടായിരുന്ന പൊലീസ് മേധാവികള്‍ ഈ നിര്‍ദേശത്തിന് അനുകൂലമായിരുന്നു. 44 ലക്ഷം സീനിയര്‍ സിറ്റിസന്‍സ് കേരളത്തിലുണ്ടെന്നാണ് കണക്ക്. ഒരു മാസം ഇത്രയും പേരെ സന്ദര്‍ശിക്കണമെങ്കില്‍ ഒരു ദിവസം എത്രപേരെ സന്ദര്‍ശിക്കേണ്ടിവരും. എത്ര സമയം നീക്കി വയ്ക്കേണ്ടിവരും. എത്ര പൊലീസുകാരെ ഈ ജോലിക്കു മാത്രമായി നിയോഗിക്കേണ്ടിവരുമെന്ന് ആലോചിച്ചുനോക്കൂ. മറ്റു ജോലികളുടെ കൂടെ ഈ ജോലിയും ചെയ്യുന്നത് പ്രായോഗികമല്ല. ഇതിന്റെ കൂടെ ക്രമസമാധാനച്ചുതലയും കേസ് അന്വേഷണവും. ഇങ്ങനെ വരുമ്പോള്‍ പൊലീസുകാരുടെ മാനസിക നിലയെ ബാധിച്ചു തുടങ്ങും.

∙ പൊലീസ് ജോലിക്ക് മുന്‍ഗണന നിശ്ചയിക്കണം

പൊലീസിന്റെ ജോലികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണം. കേസന്വേഷണം പ്രത്യേക വിഭാഗമാക്കണമെന്ന് എത്രയോ കാലങ്ങളായുള്ള നിര്‍ദേശമാണ്. ഇതുവരെ നടപ്പിലായിട്ടില്ല. ഇപ്പോള്‍ സിഐമാര്‍ക്ക് സ്റ്റേഷന്‍ ചുമതല നല്‍കി. എന്തു പ്രയോജനമാണ് ഉണ്ടായത്. ഒരു സ്റ്റേഷന്‍ ഓഫിസറുടേത് ഭാരിച്ച ജോലിയാണ്. ജീവനക്കാർക്കു ചുമതലകള്‍ വീതിച്ചു നല്‍കണം, ഭരണപരമായ കാര്യങ്ങള്‍ നോക്കണം, റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം, കോടതി സംബന്ധിച്ച ജോലികള്‍ ചെയ്യണം. വര്‍ഷത്തില്‍ 120 കേസുവരെ അന്വേഷിക്കണം, ക്രമസമാധാനം നോക്കണം. അതു കൊണ്ട് പൊലീസിന്റെ ജോലിക്ക് മുന്‍ഗണന നിശ്ചയിക്കുക. കഴിയുമെങ്കില്‍ സ്പെഷ്യലൈസ് ചെയ്യുക.

∙ വാഹനം പിടിക്കാന്‍ ‘തള്ളിയിടേണ്ട’

വാഹനം പിടിക്കാനൊക്കെ ടാര്‍ഗറ്റ് കൊടുക്കുന്നത് തെറ്റാണ്. ഒരു ജൂനിയര്‍ ഓഫിസര്‍ 12 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ സീനിയര്‍ ഓഫിസര്‍ 16 മണിക്കൂര്‍ ജോലി ചെയ്യുമ്പോഴെ സാഹചര്യം മെച്ചപ്പെടൂ. പകരം സീനിയര്‍ ഓഫിസര്‍ ആറു മണിക്കൂറും ജൂനിയര്‍ ഓഫിസര്‍ 16 മണിക്കൂറും ജോലി ചെയ്താല്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകും. വാഹനപരിശോധനയുടെ ഭാഗമായി ജനത്തെ തള്ളിയിടുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. വാഹനപരിശോധന അടക്കമുള്ള മേഖലകളില്‍ സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയണം. പൊലീസിന് ഒരുപാട് റിപ്പോര്‍ട്ട് തയ്യാറാകേണ്ട സാഹചര്യം ഉണ്ട്. നിരവധി കമ്മിഷനുകള്‍ വന്നതിനാല്‍ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടിവരും. അപ്പോള്‍ ക്രമസമാധാനം നോക്കാന്‍ സമയം കിട്ടില്ല. ചെയ്യുന്നത് ഗുമസ്തപണിയാകും.