Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാസ സംഘർഷം: മരണം 16; ഇസ്രയേൽ വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ യുഎൻ

Israel-Palestine-Gaza ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ട ഹംദാൻ അബു അംഷയുടെ മൃതദേഹം വടക്കൻ ഗാസയിലെ വീട്ടിലെത്തിച്ചപ്പോൾ ദുഃഖാർത്തരായ ബന്ധുക്കൾ.

ജനീവ/ഗാസാസിറ്റി∙ പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന(യുഎൻ). സംഭവത്തിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ആയിരത്തിനാനൂറിലേറെ പേർക്കാണു കഴിഞ്ഞ ദിവസം ഇസ്രയേൽ–ഗാസ അതിർത്തിയിലുണ്ടായ വെടിവയ്പിൽ പരുക്കേറ്റത്. 

അതേസമയം വെള്ളിയാഴ്ച നടന്ന അതിശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ന് അതിർത്തി മേഖല താരതമ്യേന ശാന്തമാണ്. ഇവിടെ ക്യാംപ് ചെയ്തിരിക്കുന്ന പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ നേരിയ തോതിൽ വെടിവയ്പു നടത്തിയെന്ന് പലസ്തീൻ ആരോപിച്ചു. അതിർത്തിയിലെ സുരക്ഷാചെക്ക് പോസ്റ്റുകളിലേക്ക് പ്രക്ഷോഭകാരികൾ കത്തിച്ച ടയറുകൾ വലിച്ചെറിഞ്ഞതിനെത്തുടർന്ന് ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു വെടിവയ്പ് നടത്തിയതെന്ന് ഇസ്രയേലും പ്രതികരിച്ചു.

ഗാസയിൽ‌ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഇടപെടണമെന്ന് യുഎൻ സുരക്ഷാസമിതിയും സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. സമാധാന ശ്രമങ്ങൾക്കു നേതൃത്വം നൽകാൻ യുഎൻ തയാറാണെന്നും യുഎൻ വക്താവ് പറഞ്ഞു. 2014 ഗാസ യുദ്ധത്തിനു ശേഷം അതിർത്തിയിൽ ഏറ്റവും രൂക്ഷമായ സംഘർഷമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇക്കാര്യത്തിൽ യുഎൻ ഇടപെടണമെന്ന് കുവൈത്തും ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ യുഎസും ബ്രിട്ടനും അപലപിച്ചു. ഗാസ മുനമ്പിൽ പുതിയ കലാപത്തിനു സാധ്യതയുണ്ടെന്ന് ഫ്രാൻസും മുന്നറിയിപ്പു നൽകി.

എന്നാൽ അക്രമത്തിനു പിന്നിൽ പലസ്തീൻ സംഘടനയായ ഹമാസ് ആണെന്ന് എഴുതി നൽകിയ പ്രസ്താവനയിൽ ഇസ്രയേൽ കുറ്റപ്പെടുത്തി. വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകളുള്ളതിനാൽ ഇസ്രയേലിന്റെ പ്രതിനിധികളാരും യുഎൻ യോഗത്തിനെത്തിയില്ല. പെസഹായുടെ അവസരം ഉപയോഗപ്പെടുത്തി ഇസ്രയേലിനെതിരെ നുണപ്രചാരണത്തിനുള്ള പലസ്തീന്റെ സംഘടിതശ്രമമാണിതെന്നും യുഎസിലെ ഇസ്രയേൽ അംബാസഡർ ഡാനി ഡാനൺ വ്യക്തമാക്കി. 

1976 ൽ വടക്കൻ ഇസ്രയേലിൽ ഭൂമി അവകാശസമരവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിൽ ആറ് അറബ് പൗരൻമാർ കൊല്ലപ്പെട്ടതിന്റെ ഓർമപുതുക്കി വർഷംതോറും നടക്കാറുള്ള ‘ഭൂമിദിനാ’ചരണത്തിനിടെയായിരുന്നു മാർച്ച് 30നു വെടിവയ്പ്. 38 വർഷത്തെ അധിനിവേശത്തിനുശേഷം 2005ൽ ഇസ്രയേൽ സൈന്യം പിൻവാങ്ങിയ ഗാസയിലാണു റാലിക്കായി പലസ്തീൻ പൗരൻമാർ ഒത്തുചേർന്നത്. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു.

ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു പോകാൻ അഭയാർഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറാഴ്ച സമരം. ഈ സാഹചര്യത്തിൽ ടാങ്കുകൾക്കൊപ്പം ഉന്നം തെറ്റാതെ നിറയൊഴിക്കാൻ വിദഗ്ധരായ നൂറു കമാൻഡോകളെ ഇസ്രയേൽ അതിർത്തിയിൽ വിന്യസിച്ചിരുന്നു. സൈനികരുടെ എണ്ണവും ഇരട്ടിയാക്കിയിരിക്കുകയാണ്.