Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡ്രീമേഴ്സിന്’ ഇനി വീസയില്ല; മെക്സിക്കോയുടെ ‘കച്ചവടം’ അവസാനിപ്പിക്കും: ട്രംപ്

Donald Trump യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

വാഷിങ്ടൻ ∙ കുടിയേറ്റക്കാരായ ദശലക്ഷക്കണക്കിനു ‘ഡ്രീമേഴ്സി’ന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ‌ട്രംപ്. കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കിൽ മെക്സിക്കോയുമായുള്ള വ്യാപാര കരാർ അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഈസ്റ്റർ ആശംസകൾ നേർന്നുള്ള സന്ദേശത്തിനു പിന്നാലെയാണു തുടർച്ചയായുള്ള ട്വീറ്റുകളിലൂടെ ട്രംപ് കുടിയേറ്റക്കാർക്കു മുന്നറിയിപ്പു നൽ‌കിയത്.

വിദഗ്ധ ജോലികൾക്കായി യുഎസ് അനുവദിക്കുന്ന എച്ച്1ബി വീസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങാനിരിക്കെയാണു അടുത്തനീക്കവുമായി ട്രംപ് ഭരണകൂടം രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരുടെ, പതിനെട്ടു വയസ്സ് തികഞ്ഞ മക്കൾക്കു (ഡ്രീമേഴ്സ് എന്നു വിശേഷണം) സംരക്ഷണം ഒരുക്കുന്ന പദ്ധതിയാണ് ‘ഡാക്ക’ (ഡെഫേർഡ് ആക്‌ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ്). കുടിയേറ്റക്കാരായ ലക്ഷക്കണക്കിനു പേർക്കു സഹായകരമായ പദ്ധതി മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്താണു തുടങ്ങിയത്.

‘ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ‘പിടികൂടുക, വിട്ടയയ്ക്കുക’ എന്ന നിയമം മൂലം അതിർത്തി രക്ഷാസേനയ്ക്കു ശരിയായി പ്രവർത്തിക്കാനാവുന്നില്ല. കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാവുകയാണ്. ശക്തമായ നിയമം പാസാക്കാൻ റിപ്പബ്ലിക്കൻസ് തയാറെടുക്കണം. ഡാക്ക പദ്ധതി ഇനി വേണ്ട.’– ആദ്യ ട്വീറ്റിൽ ട്രംപ് പറഞ്ഞു.

‘മെക്സിക്കോയിൽനിന്നു യുഎസിലേക്ക് ആളുകളെ കടത്തുന്ന രീതി അവർ തുടരുകയാണ്. യുഎസ് കുടിയേറ്റ നയങ്ങളെ നോക്കി അവർ പരിഹസിച്ചു ചിരിക്കുന്നു. ആളുകളെയും മയക്കുമരുന്നും കടത്തുന്നത് അവർ അവസാനിപ്പിക്കണം. അല്ലെങ്കിൽ അവരുടെ സാമ്പത്തിക സ്രോതസ്സായ നാഫ്റ്റ (നോർത്ത് അമേരിക്കൻ ഫ്രീ ട്രേ‍ഡ് അഗ്രീമെന്റ്) ഞാൻ അവസാനിപ്പിക്കും. സുരക്ഷാവേലി വേണം’– ട്രംപ് വ്യക്തമാക്കി.

അതിനിടെ, കുടിയേറ്റത്തിനെതിരെ നിലപാടുകൾ കടുപ്പിക്കുകയാണു യുഎസ്. എച്ച്1ബി വീസയ്ക്കുള്ള അപേക്ഷകളിൽ നിസ്സാര തെറ്റു കണ്ടാലും തള്ളാനാണു നിർദേശം. ഇന്ത്യൻ പ്രഫഷനലുകൾക്കെതിരെ യുഎസിൽ ജനവികാരം ഉയർത്തിവിട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികളുടെ അപേക്ഷകളിലുള്ള പരിശോധന കൂടുതൽ കർക്കശമാകാനും സാധ്യതയുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ, ഇ–മെയിൽ വിലാസം, ഫോൺ നമ്പരുകൾ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടിവരും.