Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിന്നി മണ്ടേല അന്തരിച്ചു; ഓർമയായത് വർണവിവേചനത്തിനെതിരെ പോരാടിയ ധീരവനിത

Winnie Mandela

ജൊഹാനസ്ബർഗ്∙ ദക്ഷിണാഫിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ മണ്ഡേലയോടൊപ്പം ഉറച്ചുനിന്ന ഇവരെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണു വിശേഷിപ്പിച്ചിരുന്നത്. മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. 1996ലാണ് ഇരുവരും വിവാഹമോചിതരായത്.

ദീർഘകാലമായി തുടരുന്ന അസുഖത്താലാണു മരണമെന്നു കുടുംബത്തിന്റെ വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അസുഖം മൂലം ഈ വർഷം ആദ്യം മുതൽ നിരന്തരം വിന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണസമയം കുടുംബാംഗങ്ങൾ സമീപത്തുണ്ടായിരുന്നു.

Anti-apartheid leader and African National Congress (ANC) member Nelson Mandela and wife Winnie raise fists upon Mandela release from Victor Verster prison, 11 February 1990 in Paarl 1990 ഫെബ്രുവരി 11ന് വിക്ടർ വെർസ്റ്റർ ജയിലിൽനിന്ന് മോചിതനായി പുറത്തിറങ്ങുന്ന നെല്‍സൺ മണ്ടേല അന്ന് ഭാര്യയായിരുന്ന വിന്നിക്കൊപ്പം.

1936ൽ ഈസ്റ്റേൺ കേപ്പിലാണു വിന്നി ജനിച്ചത്. സാമൂഹിക പ്രവർത്തനവുമായി മുന്നോട്ടുപോകവെ, 22 വയസ്സുള്ളപ്പോഴാണു വിന്നി നെൽസൺ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958ൽ ഇരുവരും വിവാഹിതരായി. അധികം വൈകാതെ തന്നെ നെൽസൺ മണ്ടേല ഒളിവിൽ പോകുകയും പിന്നീടു പിടിയിലാവുകയുമായിരുന്നു. അദ്ദേഹം ജയിലിൽ കഴിഞ്ഞ 27 വർഷക്കാലം രണ്ടു മക്കളെ വളർത്തുന്നതിനൊപ്പം വർണവിവേചനത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോയതും വിന്നിയായിരുന്നു.

1996ൽ വിവാഹമോചിതയായെങ്കിലും പേരിന്റെ അറ്റത്തുള്ള മണ്ടേല വിട്ടുകളയാൻ അവർ ഒരുക്കമായിരുന്നില്ല. വിവാഹമോചനത്തിനുശേഷവും മണ്ടേലയുമായുള്ള ബന്ധം അവർ നിലനിർത്തിയിരുന്നു.