ഇന്ത്യയുടെ ഹോം മൽസരങ്ങളിൽ കണ്ണുവച്ച് സ്റ്റാർ, സോണി, ജിയോ; ആദ്യദിനം ലേലത്തുക 4,442 കോടി!

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ചുവർഷത്തെ ഹോം മൽസരങ്ങളുടെ ടെലിവിഷൻ, ഡിജിറ്റൽ അവകാശം സ്വന്തമാക്കാൻ വാശിയേറിയ ‘മൽസരം’. ആദ്യമായി ‘ഇ’ രൂപത്തിൽ നടത്തിയ ലേലം ആദ്യദിനം അവസാനിപ്പിക്കുമ്പോൾ, പ്രമുഖ മാധ്യമ ഗ്രൂപ്പുകളായ സ്റ്റാർ നെറ്റ്‌വർക്, സോണി, ജിയോ എന്നിവയാണ് വാശിയേറിയ വിളികളുമായി രംഗത്തുള്ളത്. ആദ്യദിനം ലേലം നിർത്തുമ്പോൾ 4,442 കോടി രൂപയാണ് അന്തിമ തുകയായി രേഖപ്പെടുത്തിയത്. ലേലം ബുധനാഴ്ചയും തുടരും.

ആദ്യ ദിനം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് 4176 കോടിയിൽ തുടങ്ങിയ ലേലമാണ് വൈകിട്ട് ആറു മണിക്ക് അവസാനിപ്പിക്കുമ്പോഴേക്കും 4,442 കോടിയിലെത്തിയത്. ലേലത്തിന്റെ രണ്ടാം ദിനമായ ബുധനാഴ്ച രാവിലെ 11 മണിക്ക് ലേലം പുനരാരംഭിക്കും. 4176 കോടിയിൽനിന്ന് 25 കോടി വീതം ഓരോ ഘട്ടത്തിലും വർധിപ്പിച്ചാണ് ലേലം പുരോഗമിക്കുന്നത്. 4201.20 കോടി, 4244 കോടി, 4,303 കോടി, 4,328.25 കോടി എന്നിങ്ങനെ പുരോഗമിച്ച ലേലമാണ് വൈകുന്നേരത്തോടെ 4,442 കോടിയിൽ എത്തിയത്.

അ‍ടുത്ത അഞ്ചു വർഷത്തിനിടെ 102 മൽസരങ്ങളാണ് ഇന്ത്യ സ്വന്തം നാട്ടിൽ കളിക്കുന്നത്. ഇതിന്റെ ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശങ്ങൾ ഒരുമിച്ചാണ് ഇക്കുറി ലേലം ചെയ്യുന്നത്. 2012ലെ ലേലത്തിൽ ഇന്ത്യയുടെ സംപ്രേഷണാവകാശം വിറ്റുപോയതിലും കൂടിയ തുകയ്ക്കാണ് ഇക്കുറി ആദ്യദിനം ലേലം നിർത്തിയത്. 2012ൽ സ്റ്റാർ ടിവി 3851 കോടി രൂപയ്ക്കാണ് 2017 വരെയുള്ള ടിവി സംപ്രേഷണാവകാശം സ്വന്തമാക്കിയത്.

നേരത്തെ, ഇന്ത്യൻ കായിക വിപണിയുടെ ചരിത്രം തിരുത്തിയെഴുതി അടുത്ത അഞ്ചുവർഷത്തേക്കുള്ള ഐപിഎൽ ടെലിവിഷൻ, ഡിജിറ്റൽ അവകാശം 2.55 ബില്യൺ യുഎസ് ഡോളറിന് (ഏകദേശം 16,347.5 കോടി രൂപ) സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2018–2022 വർഷ കാലയളവിലേക്കുള്ള അവകാശമാണു പണം വാരിയെറിഞ്ഞു സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. 2008 മുതൽ 2018 വരെയുള്ള പത്തുവർഷ കാലയളവിലെ അവകാശം സോണി സ്വന്തമാക്കിയതിന്റെ (8200 കോടി രൂപ) ഇരട്ടിയിലേറെ തുകയ്ക്കാണു സ്റ്റാർ ഇത്തവണ അവകാശം സ്വന്തമാക്കിയത്.

ഡിജിറ്റൽ മീഡിയ അവകാശത്തിനായി 3900 കോടി രൂപയുടെ വൻതുകയുമായി ഫെയ്സ്ബുക്കും ടിവി അവകാശത്തിനായി 11,050 കോടി രൂപയുമായി സോണിയും രംഗത്തുണ്ടായിരുന്നെങ്കിലും ടിവി, ഡിജിറ്റൽ അവകാശങ്ങൾ ഒന്നിച്ചു സ്റ്റാർ ഇന്ത്യയ്ക്ക് അനുവദിക്കുകയായിരുന്നു.