Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്യൂണിസ്റ്റ് ആചാര്യന്മാരെ കളിയാക്കരുത്; വിപ്ലവ ഗാന ‘പാരഡി’ക്കും ചൈനയിൽ വൻ പിഴശിക്ഷ

IQIYI-China-Mobile-Phone-Social-Media മാർച്ച് 29ന് ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ഐക്കിയായുടെ ഐപിഒ പ്രഖ്യാപന വേളയിൽ കമ്പനി ജീവനക്കാർ (ഫയൽ ചിത്രം)

ബെയ്ജിങ്∙ ആജീവനാന്തം പ്രസിഡന്റ് സ്ഥാനത്തു തുടരാനുള്ള ഭരണഘടനാ ഭേദഗതിക്കു പിന്നാലെ ചൈനയിലെ സാംസ്കാരിക മേഖലയിലും ശക്തമായ നിയന്ത്രങ്ങൾ ഏർപ്പെടുത്തി ഷി ചിൻപിങ്. കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കളുടെയും വീരചരിത്രം വിളിച്ചോതുന്ന ഗാനങ്ങൾക്കു ‘പാരഡി’യുണ്ടാക്കിയവരെ തിരഞ്ഞുപിടിച്ചാണു സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപടിയെടുത്തത്.

‘സ്പൂഫുകൾ’ എന്നു പൊതുവേ വിശേഷിപ്പിക്കുന്ന ഇത്തരം ഹാസ്യാനുകരണങ്ങൾ ചൈനയിൽ പ്രസിദ്ധമാണ്. ഇന്റർനെറ്റ് സെൻസർഷിപ് ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്ന ചൈനീസ് ഭരണകൂട നയങ്ങൾക്കെതിരെയുള്ള പ്രതിഷേധമായി പലരും പ്രയോഗിക്കുന്നത് ഇത്തരം ഹാസ്യാനുകരണങ്ങളാണ്. കമ്യൂണിസ്റ്റ് ആചാര്യന്മാരെ കളിയാക്കുന്നതും പതിവാണ്. ഇവയ്ക്കാണിപ്പോൾ സർക്കാർ കടിഞ്ഞാണിട്ടിരിക്കുന്നത്.

രാജ്യത്തെ പ്രധാന വിഡിയോ ഷെയറിങ് വെബ്സൈറ്റുകളായ ഐക്കിയായ്, സിന എന്നിവയ്ക്കുൾപ്പെടെ ചൈന പിഴശിക്ഷ വിധിച്ചു. കമ്യൂണിസ്റ്റ് ‘ക്ലാസിക്കുകളെന്നു’ വിശേഷിപ്പിക്കുന്ന വിപ്ലവ ഗാനങ്ങൾ ഉൾപ്പെടെയുള്ള സൃഷ്ടികളെ കളിയാക്കുന്ന വിഡിയോകൾ പ്രചരിപ്പിച്ചതിനാണു നടപടി. ‘ഓൺലൈൻ സ്പൂഫുകൾ’ നിരോധിച്ചു കൊണ്ടുള്ള നിയമം പുറപ്പെടുവിച്ചു രണ്ടാഴ്ച തികയും മുൻപേയാണു സംഭവം. എന്നാൽ ഏതൊക്കെ വിഡിയോക്കെതിരെയാണു നടപടിയെന്നു വ്യക്തമാക്കിയിട്ടില്ല.

പുതിയ നിയമപ്രകാരം ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പിഴശിക്ഷ ലഭിച്ചത് സിഷ്വാൻ പ്രവിശ്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘സിഷ്വാൻ ഷെങ്ഷി ടിയാൻഫു മീഡിയ’യ്ക്കാണ്. 1939ൽ പുറത്തിറങ്ങിയ ഏറെ പ്രശസ്തമായ ചൈനീസ് വിപ്ലഗാനം ‘യെലോ റിവർ കെൻറ്റാട്ട’യ്ക്കു പാരഡി ചമച്ചതാണു കമ്പനിക്കു വിനയായത്. ചൈന–ജപ്പാൻ യുദ്ധകാലത്തു ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കാനായി ചിട്ടപ്പെടുത്തിയ ഗാനം പക്ഷേ വർഷങ്ങളായി സ്പൂഫ് നിർമാതാക്കളുടെ പ്രധാന ‘ഇര’യാണ്. പാണ്ടയുടെ വേഷം കെട്ടി ഈ ഗാനത്തിനു ചുവടു വയ്ക്കുന്ന സിഷ്വാൻ കമ്പനി ജീവനക്കാരുടെ വിഡിയോ വൈറലായിരുന്നു. വർഷാന്ത്യ ബോണസ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സർക്കാരിനെതിരെയുള്ള വിഡിയോ. ഇതിനെതിരെയാണു വൻ പിഴശിക്ഷ.

പുറമെ നിന്നുള്ള സമൂഹമാധ്യമങ്ങൾക്ക് ‘ഫയർവോൾ’ തീർത്തു വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യമാണ് ചൈന. ഇതോടൊപ്പമാണ് രാജ്യത്തിനകത്തു നിന്നും സർക്കാരിനെതിരെയുള്ള ഓൺലൈൻ ആക്രമങ്ങളെ തടയാനുള്ള നിയമം മാർച്ച് 22നു കൊണ്ടു വന്നത്. ‘ക്ലാസിക്കു’കളായി കണക്കാക്കുന്ന സൃഷ്ടികളിലും റേഡിയോ ടിവി പ്രോഗ്രാമുകളിലും ഓൺലൈൻ ഓഡിയോ–വിഷ്വൽ പ്രോഗാമുകളിലും എഡിറ്റിങ്ങും ഡബിങ്ങും വിലക്കിയും സബ്ടൈറ്റിലുകൾ ചേർക്കാന്‍ അനുവദിക്കാതെയുമായിരുന്നു നിയമം.

നിർദേശം ലംഘിക്കുന്നുണ്ടോയെന്നറിയാൻ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് പ്രസ്, പബ്ലിക്കേഷൻ, റേഡിയോ, ഫിലിം ആൻഡ് ടെലിവിഷൻ 12,000ത്തിലേറെ ഓഫിസർമാരെയാണു നിയോഗിച്ചിരിക്കുന്നത്. ഇതുവരെ 7800ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 230ലേറെ നിയമലംഘനങ്ങൾ റജിസ്റ്റർ ചെയ്തു. രാജ്യത്തു ചൂതാട്ടവും അശ്ലീലചിത്ര നിര്‍മാണവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും സർക്കാർ നീക്കം ശക്തമാക്കിയിട്ടുണ്ട്.

related stories