Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്ഗുരുവിനെ ആർഎസ്എസ് ആക്കാനുള്ള നീക്കത്തെ എതിർത്ത് പിന്തുടർച്ചക്കാർ

bhagat-singh-rajguru-sukhdev അമൃത്സറിലെ ജാലിയൻ വാലാ ബാഗിൽ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നവർ. (ഫയൽ ചിത്രം)

മുംബൈ∙ സ്വാതന്ത്ര്യ സമര സേനാനി രാജ്ഗുരുവിനെ ആർഎസ്എസുകാരനാക്കാനുള്ള നീക്കത്തെ എതിർത്തു പിന്തുടർച്ചക്കാർ. ആർഎസ്എസ് പ്രചാരകനും മാധ്യമപ്രവർത്തകനുമായ നരേന്ദ്രർ സെഹ്ഗാൾ അടുത്തിടെ പുറത്തിറക്കിയ പുസ്തകത്തിലാണ് 1931ൽ ഭഗത് സിങ്ങിനും സുഖ്ദേവിനുമൊപ്പം തൂക്കിലേറ്റപ്പെട്ട രാജ്ഗുരു, സംഘ പ്രവർത്തകനായിരുന്നുവെന്നു വ്യക്തമാക്കുന്നത്. രാജ്ഗുരു ‘സ്വയംസേവകനാ’ണെന്നതിന് ഒരു തെളിവുമില്ലെന്ന് അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ വ്യക്തമാക്കി.

‘രാജ്ഗുരു ആർഎസ്എസ് സ്വയംസേവകനാണെന്നു തെളിയിക്കുന്ന ഒന്നും നിലവിലില്ല. മാത്രമല്ല, അങ്ങനെയൊരു കാര്യം തങ്ങളുടെ മുത്തച്ഛൻ അറിയിച്ചിരുന്നുമില്ല’ – രാജ്ഗുരുവിന്റെ സഹോദരന്റെ ചെറുമക്കളായ സത്യശീൽ രാജ്ഗുരുവും ഹർഷവർധൻ രാജ്ഗുരുവും തിങ്കളാഴ്ച പുണെയിൽ അറിയിച്ചു. അതേസമയം, അദ്ദേഹം നാഗ്പുരിൽ കഴിഞ്ഞിരുന്ന കാലത്ത് സംഘ പ്രവർത്തകനായി മാറ്റാൻ ശ്രമം നടന്നിരുന്നുവെന്നതു സത്യമാണെന്നും അവർ കൂട്ടിച്ചേർത്തു. രാജ്ഗുരു രാജ്യത്തിന്റെ മുഴുവൻ വിപ്ലവകാരിയാണെന്നും അദ്ദേഹത്തെ ഒരു സംഘടനയുടേതാക്കാൻ ശ്രമം നടത്തുന്നതു ശരിയല്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം, നാഗ്പുരിൽ രാജ്ഗുരുവിനു ‘രഹസ്യ താമസമൊരുക്കിയത്’ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാർ ആയിരിക്കാമെന്നു മുതിർന്ന ആർഎസ്എസ് നേതാവ് എം.ജി. വൈദ്യ പറഞ്ഞു. രാജ്ഗുരു നാഗ്പുരിലെ ആർഎസ്എസ് ശാഖയായ മൊഹിതെ ബാഗ് ശാഖ സന്ദർശിച്ചിരുന്നുവോ എന്ന ചോദ്യത്തോട് ‘രാജ്ഗുരു സന്ദർശിച്ചോ എന്നാണു നിങ്ങൾ ചോദിക്കുന്നത്, അദ്ദേഹം ചിലപ്പോൾ വന്നിരിക്കാം, ഹെഡ്ഗെവാർ എന്തെങ്കിലും സൗകര്യം ചെയ്തിരുന്നോ? ചെയ്തെന്നിരിക്കാം’, വൈദ്യ മറുപടി നൽകി.

‘സ്വാതന്ത്ര്യ സമര കാലത്ത് അരുണ ആസിഫ് അലി ഒളിവിൽ കഴിഞ്ഞിരുന്നതു ഡൽഹിയിലെ ആർഎസ്എസ് പ്രവർത്തകനായിരുന്ന ഹൻസ്‌രാജ് ഗുപ്തയുടെ വീട്ടിലായിരുന്നു. രാജ്ഗുരു നാഗ്പുരിലെത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു രഹസ്യമായി താമസിക്കാൻ ഹെഡ്ഗെവാർ സൗകര്യങ്ങൾ ചെയ്തിരിക്കാം. ഹെഡ്ഗെവാറും വിപ്ലവകാരിയായതിനാൽ മറ്റു വിപ്ലവകാരികളുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരിക്കാം’ – വൈദ്യ പ്രതികരിച്ചു.

സംഘപരിവാറിന്റെ ബൗദ്ധിക ചർച്ചകളിൽ രാജ്ഗുരു പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിന് – തനിക്ക് അതേക്കുറിച്ച് അറിവില്ലെന്നാണു വൈദ്യ മറുപടി നൽകിയത്. ആർഎസ്എസിന്റെ ബൗദ്ധിക് പ്രമുഖ് (ബൗദ്ധികശക്തി പരിശീലന വിഭാഗത്തിന്റെ ചുമതല) ആയിരുന്നു വൈദ്യ.  

related stories