Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ‘പുല്ലിലും’ കാറോടും; 1500 കോടി ഡോളർ വിപണിയുമായി മോദി

modi-drive പ്രധാനമന്ത്രി നരേന്ദ്ര മോദി. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ സയൻസ് ഫിക്‌ഷൻ സിനിമകളിലെ വാഹനങ്ങൾ അതിനേക്കാൾ മികവോടെ നിരത്തിലിറങ്ങുന്ന കാലമാണിത്. ഡീസലും പെട്രോളും പിന്നിട്ട് വൈദ്യുതിയിലും സൗരോർജത്തിലും പ്രകൃതിവാതകത്തിലും വാഹനങ്ങളോടുന്ന സമയം. പരിസ്ഥിതി സൗഹൃദ ‘ഗ്രീൻ എനർജി’യാണു ലോകത്തിനു പ്രിയം. ജൈവ ഇന്ധന ഗവേഷണത്തിൽ ബഹുദൂരം മുന്നിലുള്ള ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യ വ്യത്യസ്തമായൊരു ആശയം മുന്നോട്ടു വയ്ക്കുകയാണ്– പുല്ലിലോടുന്ന കാർ ! തമാശയല്ല, സംഗതി സത്യമാണ്.

പെട്രോളിൽ മാത്രമല്ല ‘പുല്ലിലും’ കാറോടുന്ന കാലം വരുന്നതായാണു റിപ്പോർട്ടുകൾ. ഈ മേഖലയിൽ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനാണു മോദി സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ എണ്ണ ഉപയോഗവും ഇറക്കുമതിയും റെക്കോർ‍ഡ് ഉയരത്തിലാണ്. ഇതിനു പ്രതിവിധിയായി ഇന്ത്യ പുതുതായി കണ്ടുവച്ചിരിക്കുന്നത് ഏറ്റവും വലിയ പുല്ലായ മുളയെയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരീക്ഷണാർഥം തുടങ്ങുന്ന ‘മുള ഇന്ധനം’ ക്രമേണ രാജ്യമെമ്പാടും വ്യാപിപ്പിക്കും. മുളയിൽനിന്ന് എഥനോൾ ഉൽപാദിപ്പിച്ച് അതു നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലർത്തി ഉപയോഗിക്കുകയാണു ലക്ഷ്യം.

അസം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൊതുമേഖലാ കമ്പനി നുമലീഗഡ് റിഫൈനറി ലിമിറ്റഡും (Numaligarh Refinery) ഫിന്നിഷ് ടെക് കമ്പനി ചെംപൊലിസ് ഒയിയും (Chempolis Oy) ഇതിനായി 20 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തിൽ ഒപ്പുവച്ചു. അസമിൽ ധാരാളമുള്ള മുള സംസ്കരിച്ചു പ്രതിവർഷം 60 കോടി ലീറ്റർ എഥനോൾ ഉൽപാദിപ്പിക്കുകയാണ് ആദ്യപടി. ഇതു നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലർത്തി ഉപയോഗിക്കുകയാണു ലക്ഷ്യം. ഇന്ത്യ ആകെ ഉൽപാദിപ്പിക്കുന്ന മുളയുടെ മൂന്നിൽ രണ്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ്.

‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇഷ്ടം പോലെ മുളയുണ്ട്. രാജ്യത്തെവിടെയും വളരുന്നതാണ് മുള. മുളയെ ജൈവ ഇന്ധനമാക്കി മാറ്റുന്നതു രാജ്യത്തിനു വലിയ അവസരങ്ങൾ തുറക്കും. ഇന്ത്യയുടെ ഇന്ധന സുരക്ഷയിൽ മുളയ്ക്കു ശ്രേഷ്ഠ സ്ഥാനം ലഭിക്കും. ഇത് ആദ്യ പരീക്ഷണമാണ്. എന്നാൽ സങ്കീർണതകളില്ലാത്ത പദ്ധതിയാണ്’– നുമലീഗഡ് റിഫൈനറി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എസ്.കെ.ബറുവ പറഞ്ഞു.

ബദൽ ഇന്ധനങ്ങളുടെ വരവ് ദേശീയ തലത്തിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലും വൻ മാറ്റങ്ങൾക്കു വഴിതെളിക്കുമെന്നും കേന്ദ്രം അഭിപ്രായപ്പെടുന്നു. ഗ്രാമീണ, കാർഷിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വരുമാനം ഉയരും. പരുത്തിയുടെയും ഗോതമ്പിന്റെയും നെല്ലിന്റെയുമൊക്കെ കച്ചി, കരിമ്പിൻചണ്ടി എന്നിവയിൽനിന്നെല്ലാം എഥനോൾ നിർമാണത്തിനാവശ്യമുള്ള ‘ബയോമാസ്’ കണ്ടെത്താനാവും. പട്ടണങ്ങളിലെ മാലിന്യത്തിൽനിന്നും എഥനോൾ ഉൽപാദിപ്പിക്കാം. ഒരു ടൺ വൈക്കോലിൽ നിന്ന് 400 ലീറ്റർ എഥനോൾ നിർമിക്കാമെന്നാണു കണ്ടെത്തൽ. ഹരിയാനയിലും മറ്റും കൊയ്ത്തിനുശേഷം ഗോതമ്പ് പാടങ്ങളിൽ തീയിടുന്നതു മൂലമുള്ള പരിസ്ഥിതി പ്രശ്നവും പരിഹരിക്കാം.

‘എണ്ണക്കുടി’ കുറയ്ക്കാൻ മോദി

പെട്രോളിയം ഉൽപന്നങ്ങളുടെ വർധിച്ചുവരുന്ന വില ജനങ്ങളെ മാത്രമല്ല സർക്കാരിനെയും കുഴപ്പത്തിലാക്കുന്നുണ്ട്. എണ്ണ ഇറക്കുമതിക്കായി ലക്ഷം കോടികളാണ് ഓരോ വർഷവും സർക്കാർ ചെലവാക്കുന്നത്. വരവിന്റെ സിംഹഭാഗവും ഇങ്ങനെ പുറത്തേക്കു പോകുന്നത് രാജ്യപുരോഗതിക്കു തടസ്സമാണ്. ഈ സാഹചര്യത്തെ നേരിടാൻ അഴുക്കുവെള്ളം മുതൽ വൈക്കോൽ വരെ ഉപയോഗപ്പെടുത്തി ബദൽ മാർഗം കണ്ടെത്തണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. 2022 ൽ പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗത്തിൽ 10 ശതമാനം കുറവുണ്ടാക്കണമെന്നാണു മോദിയുടെ ആഗ്രഹം.

സർക്കാർ സബ്സിഡിയുടെ പിന്തുണയോടെ 2020 ൽ ജൈവ ഇന്ധന വിപണി 1500 കോടി ഡോളറിലേക്ക് ഉയരുമെന്നാണു കണക്കുകൂട്ടൽ. ഇന്ത്യയിലെ പരമ്പരാഗത എണ്ണക്കമ്പനികളും ജൈവ ഇന്ധന മേഖലയിൽ നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ, ജൈവ ഇന്ധനം ഉപയോഗിക്കുന്നതിൽ ജനങ്ങൾക്കു വിമുഖതയാണ്. വെറും 2.1 ശതമാനത്തിന്റെ വർധനവേ ഈ മേഖലയിലുള്ളൂ. ഈ വർഷം ആകെ വാഹനങ്ങളിൽ അഞ്ചു ശതമാനമെങ്കിലും ജൈവ ഇന്ധനത്തിലേക്കു മാറ്റണമെന്ന തീരുമാനത്തിലാണു കേന്ദ്ര സർക്കാർ.

മാതൃകയായി യുഎസ്

ജൈവ ഇന്ധനം കൂടുതലായി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണു യുഎസ്. 2009 ലെ കണക്കനുസരിച്ച് 10.7 ലക്ഷം ടണ്‍ ധാന്യങ്ങളാണ് അമേരിക്കയിൽ എഥനോൾ ആക്കി മാറ്റിയത്. എല്ലാ വർഷവും ഈ കണക്ക് കുതിക്കുകയാണ്. 2022 ൽ എഥനോളും ബയോഡീസലും ഉൾപ്പെടെ 3600 കോടി ഗാലൻ ജൈവ ഇന്ധനം ഉൽപാദിപ്പിക്കാനാണു യുഎസ് ലക്ഷ്യമിടുന്നത്. ഇതിൽ 1600 കോടി ഗാലൻ ഇന്ധനവും മരങ്ങളിലും പുല്ലിലും നിന്നാണ് കണ്ടെത്തുന്നത്.

ചോളത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന എഥനോൾ കത്തിക്കുമ്പോൾ, പെട്രോളിയം ഉൽപന്നങ്ങളിൽനിന്നു പുറംതള്ളുന്ന ഹരിതഗൃഹ വാതകങ്ങളേക്കാൾ 20 ശതമാനമാണു കുറവുണ്ടാകുക. ബയോ ഡീസലും മറ്റ് ആധുനിക ജൈവ ഇന്ധനങ്ങളും ഈ കുറവിന്റെ തോത് 50–60 ശതമാനമാക്കി ഉയർത്തുമെന്നുമാണു ഗവേഷകരുടെ കണ്ടെത്തൽ.

car

ഒരു വശത്തു ജൈവ ഇന്ധനം അദ്ഭുതമാകുമ്പോൾ മറുവശത്ത് ഇത് സൃഷ്ടിക്കുന്ന ഭീതിയുമുണ്ട്. കൃഷിയിടങ്ങൾ, കാടുകൾ, ജലസ്രോതസ്സുകൾ, ഗ്രാമീണ മേഖലകൾ തുടങ്ങിയവയെ ഇത് അതീവ ദോഷകരമായി ബാധിക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്ക അവരുടെ ധാന്യകയറ്റുമതിയിൽ കുറവു വരുത്തുമോയെന്നും ആശങ്കയുണ്ട്. മനുഷ്യർക്കു ഭക്ഷിക്കാനുള്ള ധാന്യങ്ങളെ വാഹന ഇന്ധനമാക്കി മാറ്റുമ്പോൾ പട്ടിണി കൂടുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ‘മുള ബദൽ’ പ്രസക്തമാകുന്നതും.

related stories