Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടിയോളം പുതിയ നികുതിദായകർ; സർക്കാരിന് 9.95 ലക്ഷം കോടി, വർധന 17.1%

Income tax e-filing

ന്യൂഡൽഹി∙ ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. 2017–18 സാമ്പത്തിക വർഷത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 6.84 കോടിയായി ഉയർന്നു. മുൻ വർഷം ഇത് 5.43 കോടിയായിരുന്നു. ഇപ്പോഴത്തെ വർധന 26 ശതമാനം. ആകെ നേരിട്ടു പിരിച്ചെടുത്ത നികുതി 9.95 ലക്ഷം കോടി രൂപ. 2016–17 വർഷത്തിലേക്കാൾ 17.1 ശതമാനം കൂടുതലാണിത്.

കേന്ദ്ര ബജറ്റ് എസ്റ്റിമേറ്റിന്റെ (9.8 ലക്ഷം കോടി) 101.5 ശതമാനം വരും ഈ നികുതി തുക. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിന്റെ (10.05 ലക്ഷം കോടി) 99 ശതമാനവുമാണിതെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു.

‘ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടലും ബോധവത്കരണവുമാണ് ഈ കുതിപ്പിനു പിന്നിൽ. റിട്ടേണുകളുടെ ആകെ എണ്ണത്തിലും പുതിയ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. ഇ–മെയിൽ, എസ്എംഎസ്, നിയമപ്രകാരമുള്ള നോട്ടിസുകൾ, പ്രചാരണങ്ങൾ തുടങ്ങിയവയിലൂടെ ആദായനികുതിയെപ്പറ്റി വകുപ്പും സർക്കാരും ജനത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്നു’– സിബിഡിടി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

2017–18ൽ പുതുതായി ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 99.49 ലക്ഷമായി. മുൻ വർഷം 85.52 ലക്ഷമായിരുന്നു. ഇപ്പോഴത്തെ വർധന– 16.3 ശതമാനം. കഴിഞ്ഞ നാലു സാമ്പത്തിക വർഷത്തിലും റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടെന്നതു സർക്കാരിന് ആശ്വാസമാണ്.

2013–14 വർഷത്തിൽ 3.79 കോടിയായിരുന്നു റിട്ടേൺ സമർപ്പിച്ചവരുടെ ആകെ കണക്ക്. ഇതാണ് 2017–18ൽ 6.84 കോടിയായത് (വർധന 80.5 ശതമാനം). ഇ–ഫയലിങ്ങിലും പുരോഗതിയുണ്ട്. മുൻ വർഷം 5.28 കോടിയായിരുന്ന ഇ–ഫയലിങ് 2017–18ൽ 6.75 കോടിയായി. കോർപറേറ്റ് നികുതിയിൽ 17.1 ശതമാനം, വ്യക്തികളുടെ നികുതിയിൽ 18.9 ശതമാനം എന്നിങ്ങനെയാണു വർധന.

related stories