Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജരേഖ ചമയ്ക്കൽ: വയനാട്ടിൽ രണ്ട് റവന്യു ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തു

wayanad

മാനന്തവാടി ∙ വ്യാജ ഭൂനികുതി രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും തയ്യാറാക്കി മിച്ചഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് റവന്യൂ ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു. മാനന്തവാടി താലൂക്ക് ഓഫിസിലെ സീനിയർ ക്ലാർക്ക് സന്തോഷ് ശിവനാരായണൻ, വെളളമുണ്ട ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്ക് അജയ് സിറിൾ എന്നിവരെയാണ് കലക്ടർ സസ്പെൻഡ് ചെയ്തത്.

പയ്യമ്പളളി വില്ലേജിൽ പുതിയിടത്തു രണ്ട് ഹെക്ടറോളം സ്ഥലത്തിന്റെ നികുതി സ്വീകരിച്ചതായാണ് വ്യാജരേഖ ഉണ്ടാക്കിയത്. മിച്ചഭൂമി കേസിൽ ഹൈക്കോടതിയിൽ സ്റ്റേ നിലനിൽക്കുന്ന സ്ഥലത്തിനായാണ് വ്യാജ രേഖകൾ ഉണ്ടാക്കിയത്. കഴിഞ്ഞ വർഷമാണ് സംഭവം. വ്യാജമായി നിർമിച്ച രേഖകൾ ഉപയോഗിച്ച് സ്ഥലം വിൽപന നടത്തുന്നതിനായി പയ്യമ്പളളി വില്ലേജ് ഓഫിസിൽ എത്തിയപ്പോഴാണ് വില്ലേജ് ഓഫിസർക്ക് സംശയം തോന്നിയത്.

തുടർന്ന് തഹസിൽദാറെ വിവരം അറിയിച്ചു. പ്രശ്നം  പഠിച്ച തഹസിൽദാർ എൻ.ഐ. ഷാജു കഴിഞ്ഞ ദിവസം കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സന്തോഷ് ശിവനാരായണൻ മുൻപ് പയ്യമ്പളളി വില്ലേജിൽ ജോലി ചെയ്തിട്ടുണ്ട്. അജയ് സിറിൾ കണിയാമ്പറ്റ വില്ലേജ് ഓഫിസിൽ ജോലി ചെയ്യവെ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. വ്യാജരേഖകൾ ചമച്ച് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

സിപിഐയിലും മാറ്റം

മിച്ചഭൂമി അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോപണ വിധേയനായ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര തൽസ്ഥാനത്തുനിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കും. സിപിഐ ദേശീയ സമിതി അംഗം കെ.രാജനാകും പകരം ചുമതല.