Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം ജാഥ ഇന്നു മുതൽ; തുടക്കം ഷുഹൈബ് കൊല്ലപ്പെട്ട സ്ഥലത്ത്, സമാപനം തളിപ്പറമ്പിൽ

keezhattur-cpm-march കീഴാറ്റൂരിലേക്ക് സിപിഎം നടത്തിയ മാർച്ച് (ഫയൽ ചിത്രം)

കണ്ണൂർ∙ ഷുഹൈബ് വധത്തിലും കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരത്തിലും പാർട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി സിപിഎം ജില്ലയിൽ നടത്തുന്ന രണ്ടു മേഖലാ ജാഥകൾക്ക് ഇന്നു തുടക്കം. തെക്കൻമേഖലാ ജാഥ ആരംഭിക്കുന്നത് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ടതിനു തൊട്ടടുത്തുള്ള തെരൂർ പാലയോട് വച്ചാണ്. വടക്കൻ മേഖലാ ജാഥ സമാപിക്കുന്നതു വയൽക്കിളികളുടെ സമരം നടക്കുന്നതിന് ഒരു കിലോമീറ്റർ അകലെ തളിപ്പറമ്പിലും.

സംസ്ഥാന സമിതി അംഗം ജയിംസ് മാത്യു എംഎൽഎ നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഇന്നു വൈകിട്ട് അഞ്ചിന് തെരൂർ പാലയോട് വച്ച് കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ഒൻപതിന് എടക്കാട് ബസാറിൽ സമാപിക്കും. എൻ. ചന്ദ്രൻ, ടി.ഐ. മധുസൂധനൻ, വി. നാരായണൻ, പി.പി. ദിവ്യ, എം. ഷാജർ, എം. വിജിൻ എന്നിവരാണു ജാഥാംഗങ്ങൾ.

സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷ് എംപി നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്നു വൈകിട്ട് അഞ്ചിന് കണ്ണൂർ സിറ്റിയിൽ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഒൻപതിന് തളിപ്പറമ്പിൽ സമാപിക്കും. എം. പ്രകാശൻ, പി. ഹരീന്ദ്രൻ, കെ.എം. ജോസഫ്, എം.വി. സരള, വി.കെ. സനോജ്, മുഹമ്മദ് അഫ്സൽ എന്നിവരാണു ജാഥാംഗങ്ങൾ.

മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കൊലപാതകവും പാർട്ടിയുടെ ശക്തികേന്ദ്രമായ തളിപ്പറമ്പിലെ കീഴാറ്റൂരിൽ ബൈപാസിനായി നെൽവയൽ നികത്തുന്നതിനെതിരെ വയൽക്കിളി കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സമരവും പാർട്ടിക്കു രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു രണ്ടു വിഷയത്തിലും പാർട്ടി നിലപാടുകൾ വിശദീകരിക്കാൻ ജാഥകൾ നടത്താൻ സിപിഎം തീരുമാനിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.