Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടികിട്ടാപ്പുള്ളികളിൽ ദാവൂദും; ഭീകരന്മാരുടെ പട്ടിക പുതുക്കി യുഎൻ

pakistan-un

ഇസ്‌‍ലാമാബാദ്∙ യുഎൻ രക്ഷാസമിതി പുറത്തിറക്കിയ ഭീകരന്മാരുടെ പുതുക്കിയ പട്ടികയിൽ 139 പാക്കിസ്ഥാൻകാര്‍. ഒസാമ ബിൻലാദന്റെ പിന്‍മുറക്കാരൻ അയ്മാൻ അൽ സവാഹിരിയാണ് ലിസ്റ്റിൽ ഒന്നാമൻ. പട്ടികയിലുള്ള ഭീകരർ പാക്കിസ്ഥാനിൽ താമസിക്കുന്നവരോ, പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളിൽ ഉൾപ്പെടുന്നവരോ ആണ്. ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദും പട്ടികയിലുണ്ട്.

ഭീകരാക്രമണങ്ങളുടെ പേരിൽ ഇന്റർപോളടക്കം തിരയുന്ന സാഹചര്യത്തിലാണ് ഹാഫിസ് സയീദും പട്ടികയിലുൾപ്പെട്ടത്. ആറ് അമേരിക്കക്കാരുൾപ്പെടെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിൽ പ്രതിസ്ഥാനത്തുള്ളത് ലഷ്കറാണ്. പാക്കിസ്ഥാൻ ഒളിത്താവളമാക്കിയ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമാണ് ലിസ്റ്റിലുള്ള മറ്റൊരാൾ. 1993ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരനായ ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇ, സ്പെയിൻ, മൊറോക്കോ, സൈപ്രസ്, ഓസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വത്തുക്കളുള്ള ദാവൂദ് സൈന്യത്തിന്റെ പിന്തുണയോടെ പാക്കിസ്ഥാനിൽ ഒളിച്ചുതാമസിക്കുകയാണെന്നാണു വിവരം. ലഷ്കറിന്റെ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ഹാജി മുഹമ്മദ് യഹിയ മുജാഹിദ്, ഹാഫിസ് സയീദിന്റെ സഹായികളായ അബ്ദുൽ സലാം, സഫർ ഇക്ബാൽ എന്നിവരും യുഎന്നിന്റെ പട്ടികയിൽപ്പെടും. മൂവരും ഇന്റർപോൾ തിരയുന്ന കുറ്റവാളികളാണ്.

പട്ടികയിൽ ഒന്നാമതുള്ള അയ്മൻ അൽ സവാഹിരി അഫ്ഗാനിസ്ഥാൻ– പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലെവിടെയോ ഒളിവിൽ കഴിയുകയാണെന്നാണു വിവരം. സവാഹിരിയുടെ കൂടെ ഒളിവിലുള്ള പലരും യുഎന്നിന്റെ നോട്ടപ്പുള്ളികളായിട്ടുണ്ട്. പാക്കിസ്ഥാനിൽ വച്ചു പിടിയിലായ റംസി മുഹമ്മദ് ബിൻ അല്‍–ഷെയ്ബയാണ് യുഎൻ പുറത്തുവിട്ട കണക്കിൽ രണ്ടാം സ്ഥാനക്കാരൻ. യെമന്‍ സ്വദേശിയാണെന്നു കരുതപ്പെടുന്ന ഇയാളെ പിന്നീടു യുഎസിനു കൈമാറുകയായിരുന്നു. പാക്കിസ്ഥാനിൽ നിന്നു പിടിയിലായി പിന്നീടു യുഎസിനു കൈമാറിയ ഒരു ഡസനോളം പേരും ലിസ്റ്റിലുണ്ട്. എന്നാൽ ‌ആകെ എത്രപേരെയാണു യുഎൻ രക്ഷാസമിതി പട്ടികയിലുൾപ്പെടുത്തിയിട്ടുള്ളതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.